ഇബ്‌റാഹീംകുഞ്ഞ് അനധികൃത സമ്പാദ്യമുïാക്കിയെന്ന് വിജിലന്‍സ്
സ്വന്തം ലേഖിക
കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്‌റാഹീംകുഞ്ഞ് അധികാര ദുര്‍വിനിയോഗവും ഗൂഢാലോചനയും നടത്തി അനധികൃത സമ്പാദ്യമുണ്ടാക്കിയതായി വിജിലന്‍സ്. ഇതുവഴി പൊതുഖജനാവിന് 15 കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയതായും മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് ഡിവൈ.എസ്.പി ശ്യാം കുമാര്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണ ഇടപാട് നടത്തിയതായും അന്വേഷണ സംഘം ആരോപിക്കുന്നു.
പാലം നിര്‍മാണത്തില്‍ ക്രമക്കേട് നടത്താന്‍ കൂട്ടുനില്‍ക്കുക വഴി പൊതുഖജനാവിന് 13.45 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ പകുതി നിരക്കില്‍ അനധികൃതമായി കരാറുകാര്‍ക്ക് മൊബിലൈസേഷന്‍ ഫണ്ട് അനുവദിക്കുക വഴി പലിശയിനത്തില്‍ ലഭിക്കേണ്ടിയിരുന്ന 85.41 ലക്ഷം രൂപയുടെ നഷ്ടവും പൊതുഖജനാവിനുണ്ടാക്കിയതായി വിജിലന്‍സ് ആരോപിക്കുന്നു.പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ ഇബ്‌റാഹീംകുഞ്ഞ് തന്നെയായിരുന്നു കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനും. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണ ചുമതല ഈ കോര്‍പറേഷനായിരുന്നു. ഒന്നു മുതല്‍ നാലു വരെ പ്രതികളായ നിര്‍മാണ കമ്പനി ഉടമ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, ആര്‍.ബി.ഡി.സി.കെ മുന്‍ അഡീഷനല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍, മുന്‍ ഗതാഗത വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് എന്നിവരുമായും പത്താം പ്രതി മുഹമ്മദ് ഹനീഷുമായും ഗൂഢാലോചന നടത്തിയാണ് കേസിലെ അഞ്ചാം പ്രതി കൂടിയായ ഇബ്‌റാഹീംകുഞ്ഞ് അധികാര ദുര്‍വിനിയോഗം നടത്തിയത്.അവിഹിതമായി ലഭിച്ച പണമുപയോഗിച്ച് സൂരജ് മകന്റെ പേരില്‍ വസ്തു വാങ്ങിയതായും ഇബ്‌റാഹീംകുഞ്ഞ് മുസ്‌ലിം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ (ചന്ദ്രിക പ്രസാധകര്‍) എറണാകുളം മാര്‍ക്കറ്റ് റോഡിലെ ബാങ്ക് അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദായനികുതി വകുപ്പ് അന്വേഷിക്കുന്ന കള്ളപ്പണ ഇടപാടുമായും ഇതിനു ബന്ധമുണ്ട്. മുസ്‌ലിം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ച പത്തു കോടി രൂപയുടെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗിരീഷ് ബാബു എന്നയാള്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ ചന്ദ്രിക ദിനപത്രത്തിനു ലഭിച്ച വരിസംഖ്യയായിരുന്നു ഇതെന്നാണ് ഇബ്‌റാഹീംകുഞ്ഞ് വിജിലന്‍സിനോട് വിശദീകരിച്ചിരുന്നത്. എന്നാല്‍ ഈ അക്കൗണ്ടിലുള്ളത് ഉറവിടം വെളിപ്പെടുത്താത്ത കള്ളപ്പണമാണെന്ന് സമ്മതിച്ച് ആദായ നികുതി വകുപ്പിനു പിഴയടച്ച വിവരം ഇബ്‌റാഹീംകുഞ്ഞ് തങ്ങളോട് മറച്ചുവച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."