ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കി; വീട്ടമ്മയുടെ സാമ്പത്തികനില അനേ്വഷിക്കണമെന്ന്
തിരുവനന്തപുരം: മണ്‍ചുരമരില്‍ നിര്‍മിച്ച ഷീറ്റിട്ട ഒറ്റമുറി വീട്ടിലെ താമസക്കാരിയായ വീട്ടമ്മയെ സാമ്പത്തികനില ഉയര്‍ന്നതാണെന്ന് പറഞ്ഞ് ലൈഫ് പദ്ധതിയില്‍ നിന്നും ഒഴിവാക്കിയതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
അയിരൂപ്പാറ ചാരുംമൂട് സ്വദേശിനി സരിതയുടെ പരാതിയില്‍ പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരിയുടെ സാമ്പത്തികാവസ്ഥയെ കുറിച്ച് നേരിട്ട് പുനരന്വേഷണം നടത്തണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഭര്‍ത്താവ് ഉപേക്ഷിച്ച പരാതിക്കാരിക്ക് മൂന്നുവയസായ മകളും പ്രായമായ അമ്മയുമുണ്ട്. മൂന്നുപേരാണ് ചോര്‍ന്നൊലിക്കുന്ന കുടിലില്‍ താമസിക്കുന്നത്. സര്‍ക്കാരിന്റ ഭവന പദ്ധതിയായ ലൈഫില്‍ നിന്നും വീട് ലഭിക്കാന്‍ അപേക്ഷ നല്‍കിയത് ഈ സാഹചര്യത്തിലാണ്. വീട് ലഭിക്കാതെ വന്നപ്പോഴാണ് പരാതിക്കാരി കമ്മിഷനെ സമീപിച്ചത്.
കമ്മിഷന്‍ പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയും കുടുംബവും ഷീറ്റിട്ട ഒറ്റമുറി വീട്ടിലാണ് താമസമെന്ന് പഞ്ചായത്ത് സെക്രട്ടറി സമ്മതിച്ചു. എന്നാല്‍ പരാതിക്കാരിയുടെ സാമ്പത്തികനില മെച്ചമാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരി വീടിന് അര്‍ഹയല്ലെന്ന് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി ആരോപണം നിഷേധിച്ചു.
താന്‍ സാമ്പത്തികമായി വളരെ താഴ്ന്ന നിലയിലാണ് ജീവിക്കുന്നതെന്ന് പരാതിക്കാരി അറിയിച്ചു.
പരാതിക്കാരിയുടെ അവകാശ വാദത്തില്‍ കഴമ്പുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുനരന്വേഷണത്തിന് കമ്മിഷന്‍ ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."