വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് സെമിയില്‍
പാരിസ്: കളി തുടങ്ങി രണ്ടു മിനുട്ടും ഏഴു സെക്കന്‍ഡുമായപ്പോള്‍ ആദ്യ ഗോള്‍, ആദ്യ പകുതിക്ക് പിരിയുന്നതിന് മുമ്പ് 40-ാം മിനുട്ടില്‍ രണ്ടാം ഗോള്‍, ഒടുവില്‍ രണ്ടാം പകുതിയില്‍ 57-ാം മിനുട്ടില്‍ മൂന്നാം ഗോള്‍, 95ലെ കിരീടനേട്ടം ആവര്‍ത്തിക്കുന്നതും കിനാവു കണ്ട് കളത്തിലിറങ്ങിയ നോര്‍വേക്ക് തിരിച്ചുവരവിന് അവസരം നല്‍കാതെ ഇംഗ്ലണ്ട് വനിതാ ലോകകപ്പ് സെമിയില്‍ കടക്കുന്ന ആദ്യടീമായി.
ലോകകപ്പിന്റെ എട്ടാമത് എഡിഷനിലെ വേഗമേറിയ ഗോളടിച്ച് ഇംഗ്ലണ്ടിന്റെ മധ്യനിരതാരം ജില്‍ സ്‌കോട്ടാണ് നോര്‍വേക്ക് ആദ്യപ്രഹരം നല്‍കിയത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളുകൂടിയായിരുന്നു ഇന്നലെ പിറന്നത്.
ഒറ്റക്ക് മുന്നേറി നോര്‍വേ ബോക്‌സില്‍ കടന്ന പ്രതിരോധ താരം ലൂസി ബ്രോണ്‍സിന്റെ പാസില്‍ നിന്നായിരുന്നു ജില്‍ സ്‌കോട്ടിന്റെ ഗോള്‍. എലന്‍ വൈറ്റും ലൂസി ബ്രോണ്‍സുമാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. 83-ാം മിനുട്ടില്‍ ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചെങ്കിലും മുന്നേറ്റനിര താരം നികിത പാരിസിന്റെ സ്‌പോട്ട് കിക്ക് നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. ഇതിനിടെ നോര്‍വേ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരയും ഗോള്‍ കീപ്പര്‍ കറണും മതില്‍ കെട്ടിയതോടെ നിഷ്ഫലമായി.
ഗോള്‍ നേടിയതോടെ ഇംഗ്ലണ്ടിന്റെ എലന്‍ വൈറ്റ് ടോപ് സ്‌കോറര്‍ പട്ടികയില്‍ അമേരിക്കയുടെ അലക്‌സ് മോര്‍ഗന്‍, ഓസ്‌ട്രേലിയയുടെ സാംകെര്‍ എന്നിവര്‍ക്കൊപ്പമെത്തി. അഞ്ചു ഗോളാണ് മൂന്ന് താരങ്ങളും നേടിയത്. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ഇറ്റലി നെതര്‍ലന്‍ഡ്‌സിനേയും ജര്‍മനി സ്വീഡനേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."