പ്രണവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കു നിവേദനം നല്‍കി
കാഞ്ഞങ്ങാട്: നഗരസഭയിലെ പുതുക്കൈ ചിറ്റിക്കുന്ന് വളപ്പിലെ പോളിടെക്‌നിക് വിദ്യാര്‍ഥിയായ സി.വി പ്രണവ് അരയി പുഴയില്‍ കക്ക വാരാനിറങ്ങിയപ്പോള്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈദ്യുത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശനാണ് വൈദ്യുത വകുപ്പ് മന്ത്രിക്ക് സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിയത്.
പുഴയോരത്ത് കൂടി കടന്നു പോകുന്ന വൈദ്യുത ലൈന്‍ അപകടകരമാം വിധം താഴ്ന്നു കിടന്നതാണ് പ്രണവിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രദേശവാസികളുടെയും മറ്റും ആരോപണം.
അരയി പുഴയിലെ മോനാച്ച കടവിലാണ് കഴിഞ്ഞ ദിവസം ദുരന്തമുണ്ടായത്. വൈദ്യുതി കമ്പി പുഴയിലെ ജലോപരിതലത്തിലേക്ക് താഴ്ന്നു കിടക്കുന്ന വിവരം കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭാഗത്തില്‍ അറിയിച്ചിരുന്നെങ്കിലും ഇത് നന്നാക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട സെക്ഷന്‍ അധികൃതര്‍ സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നും ആരോപണമുണ്ട്.
സംഭവം നടന്ന പ്രസ്തുത ഓഫിസില്‍ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടായതെന്ന് നഗരസഭാ ചെയര്‍മാന്‍ നല്‍കിയ നിവേദനത്തില്‍ ചൂണ്ടി കാട്ടിയിട്ടുണ്ട്.
അതേ സെക്ഷന്‍ ഓഫിസിലെ ജീവനക്കാര്‍ അപകടസ്ഥലം സന്ദര്‍ശിക്കാനോ കുടുംബത്തെ സമാശ്വസിപ്പിക്കാനോ തയാറാവാത്ത നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രണവിന്റെ നിര്‍ദ്ധന കുടുംബത്തെ അടിയന്തിരമായി സഹായിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."