കൊവിഡ് വാക്‌സിൻ ഗവേഷണത്തിന് സഊദി നീക്കി വെച്ചത് അര ബില്യൺ ഡോളർ: സഊദി ആരോഗ്യ മന്ത്രി
റിയാദ്: കൊവിഡ് വാക്‌സിൻ ഗവേഷണത്തിന് സഊദി അറേബ്യ നീക്കി വെച്ചത് അര ബില്യൺ ഡോളർ. "ആളുകളുടെ ജീവൻ പരിരക്ഷിക്കുന്നതിനായി ജി 20" എന്ന ശീർഷകത്തിൽ നടന്ന വട്ട മേശ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാവിയിൽ ഉയർന്നു വരുന്ന ഏതൊരു മഹാമാരിയെയും നേരിടാൻ കഴിയുന്ന കൂടുതൽ ശക്തമായ സംവിധാനങ്ങളിൽ ലോകം നിക്ഷേപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 പൊട്ടി പുറപ്പെടും മുമ്പ് തന്നെ ആളുകളുടെ ആരോഗ്യവും സുരക്ഷയും എല്ലായ്പ്പോഴും വ്യക്തമാക്കുന്നതിനായി രാജ്യം അഭൂതപൂർവമായ നടപടികൾ മുൻകൂട്ടി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനാരോഗ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, പ്രത്യേകിച്ചും ഈ വർഷത്തെ ഹജ്ജ് വേളയിൽ, എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കൊവിഡ് കേസുകൾ നിരീക്ഷിക്കുന്നതിന് പുതിയ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ ആരോഗ്യ മന്ത്രാലയം അവതരിപ്പിച്ചുവെന്ന് സഊദി ആരോഗ്യമന്ത്രി ഊന്നിപ്പറഞ്ഞു.
ജനീവയിലെ സഊദി സ്ഥിരം പ്രതിനിധി ഡോ: അബ്ദുൽ അസീസ് അൽ വാസിൽ, സഊദി ധനകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര കാര്യങ്ങളുടെയും സാമ്പത്തിക നയങ്ങളുടെയും അസിസ്റ്റന്റ് മന്ത്രി അബ്ദുൽ അസീസ് അൽ റഷീദ്, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഡയറക്ടർ ഗൈ റൈഡർ, ലോകാരോഗ്യ സംഘടനഡയറക്‌ടർ ജനറൽ ഡോ: ടെഡ്റോസ് അധാനോം, വാക്സിനുകൾക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള ആഗോള സഖ്യം സിഇഒ ഡോ: സെത് ബാർക്ലി, ജനീവ ഇറ്റാലിയൻ സ്ഥിരം പ്രതിനിധി ഗിയാൻ ലോൺറെൻസോ കോർണാഡോ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ചർച്ചയിൽ പങ്കെടുത്തു.
അതേസമയം, കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കാനുള്ള ആഗോള ശ്രമങ്ങളെ സഊദി അറേബ്യ പിന്തുണച്ചിട്ടുണ്ടെന്നും ഭാവിയിൽ വാക്സിൻ വാങ്ങുന്ന ആദ്യത്തെ രാജ്യങ്ങളിൽ ഒന്ന് സഊദിയായിരിക്കുമെന്നും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററർ (കെഎസ് റിലീഫ്) സൂപ്പർവൈസർ ജനറൽ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅ പറഞ്ഞു. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി "ജി 20 സൗദി നേതൃത്വം: വെല്ലുവിളികളും നേട്ടങ്ങളും" എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."