മലയാളികളെ രോഗികളാക്കുന്നത് തെറ്റായ മരുന്നുപയോഗം
മരുന്നുകള്‍ രോഗികള്‍ക്ക് ഉപയോഗ നിര്‍ദേശങ്ങളോടെ നല്‍കുന്ന സാങ്കേതിക വിദഗ്ധരാണ് ഫാര്‍മസിസ്റ്റുകള്‍. മരുന്നുകളുടെ ഗവേഷണം, രൂപകല്‍പന ,നിര്‍മാണം,ഗുണനിലവാര പരിശോധന, അധ്യാപനം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കുന്നവരാണിവര്‍. എല്ലാ വര്‍ഷവും സെപ്തംബര്‍ 25 നാണ് ആഗോള ഫാര്‍മസിസ്റ്റ് ദിനമായി ആചരിച്ചുവരുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫാര്‍മസിസ്റ്റ് ആണ് ആഗോള തലത്തില്‍ ഫാര്‍മസിസ്റ്റ് ദിനത്തിന് നേതൃത്വം നല്‍കുന്നത്.'ഫാര്‍മസിസ്റ്റ് നിങ്ങളുടെ ഔഷധ വിദഗ്ദന്‍ ' എന്നതാണ് ഈ വര്‍ഷത്തെ ഫാര്‍മസിസ്റ്റ്ദിന മുദ്രാവാക്യം . ഈ വര്‍ഷവും ലോകമെമ്പാടും വിവിധ പരിപാടികളോടെ ഫാര്‍മസിസ്റ്റ് ദിനം ആചരിക്കും .എന്നാല്‍ പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വിപുലമായ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.
പത്താംക്ലാസുകാര്‍ പോലും മരുന്നു നല്‍കുന്നു
ഫാര്‍മസി ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെ ദിനംപ്രതി വര്‍ധിച്ചുവരുന്ന രോഗങ്ങളെയും മറ്റും വിലയിരുത്തുന്നത് അനിവാര്യമാണ്. അമിത മരുന്നുപയോഗവും തെറ്റായ മരുന്നുപയോഗവും ആണ് കേരളത്തിലെ ആരോഗ്യ രംഗത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളി. വൃക്ക,കരള്‍ രോഗങ്ങളുടെ വര്‍ധനവിന് കാരണങ്ങളില്‍ ഒന്ന് അശാസ്ത്രീയമായ മരുന്ന് ഉപയോഗമാണ്. എന്ത് അസുഖം വന്നാലും സ്വയം ചികിത്സയിലൂടെ ഒരു കൈ നോക്കുന്ന മലയാളിയുടെ ശീലം വളരെ അപകടകരമാണ്.
നമ്മുടെനാട്ടില്‍ മരുന്ന് കൈകാര്യം ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഫാര്‍മസിയില്‍ ഡിപ്ലോമ (ഡി.ഫാം), ഡിഗ്രി (ബി.ഫാം) യോഗ്യത പോലും ഇല്ലാത്തവരാണ്. ഫാര്‍മസി അസിസ്റ്റന്റ് എന്ന പേരില്‍ ചിലയിടങ്ങളില്‍ കോഴ്‌സ് നടത്തുന്നുണ്ടെങ്കിലും അത്തരം ഒരു കോഴ്‌സ് പഠിച്ചവര്‍ക്ക് മരുന്നു വിപണനത്തിന് കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടില്ല. ഇംഗ്ലീഷ് വായിക്കാനറിയാം എന്ന യോഗ്യതയുടെ പേരില്‍ മരുന്ന് നല്‍കുന്നവര്‍ മരുന്നുകളെ അറിയാതെ അത് കൈകാര്യം ചെയ്യുകയാണ്. കുട്ടികള്‍ ബോംബ് കൊണ്ട് കളിക്കുന്നത്‌പോലെ അപകടമാണിത്. സ്വകാര്യ മേഖലയിലെ മരുന്നു വില്‍പ്പന നിയന്ത്രിക്കുന്ന ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം ഒരു ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ മാത്രമേ മരുന്ന് നല്‍കാവൂ. എന്നാല്‍ പേരിനു ഒരു ഫാര്‍മസിസ്റ്റ് ഉണ്ടാകുമെങ്കിലും, മറ്റു ജീവനക്കാര്‍ മരുന്ന് നല്‍കുന്നതിനെ മേല്‍നോട്ടം വഹിക്കുന്നത് എവിടെയും കാണുന്നില്ല. സഹായികള്‍ എടുത്തു നല്‍കുന്ന മരുന്ന് ഫാര്‍മസിസ്റ്റ് പരിശോധിച്ച് ഉറപ്പാക്കി വേണ്ട നിര്‍ദേശങ്ങളോടെ രോഗിക്ക് നല്‍കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം രോഗികള്‍ക്ക് ശരിയായ ഉപയോഗ നിര്‍ദേശങ്ങള്‍ ലഭിക്കാതിരിക്കുക, ശരിയായ സൂക്ഷിപ്പ് രീതിയെ കുറിച്ച് രോഗിക്ക് അറിവ് കിട്ടാതിരിക്കുക എന്നിവയാണ് ഉണ്ടാവുക. ചികിത്സ വെറും മരുന്ന് തീറ്റയായി മാറുന്നതാണ് ഇപ്പോള്‍ വ്യാപകമായി കാണുന്നത്. മെഡിക്കല്‍സ്റ്റോറുകള്‍ പരിശോധിക്കാന്‍ ചുമതലപ്പെട്ട ഡ്രഗ് ഇന്‍സ്‌പെക്ടര്‍ മാര്‍, ഡ്രഗ് ലൈസന്‍സ് കിട്ടാന്‍ വേണ്ട ഒരു ഫാര്‍മസിസ്റ്റ് ഉണ്ടോ എന്ന് മാത്രം പരിശോധിക്കാതെ അവിടത്തെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തേണ്ടതുണ്ട്.
ആശുപത്രികളിലും പേരിനു മാത്രം തസ്തിക
ഉപകരണങ്ങള്‍ തുടങ്ങി ക്ലീനിങ് വസ്തുക്കള്‍ വരെ നല്‍കി അതിന്റെ കണക്കുകള്‍ സൂക്ഷിക്കാന്‍ ഒരു ഫാര്‍മസിസ്റ്റാണ് ഭൂരിഭാഗം ആരോഗ്യ കേന്ദ്രങ്ങളിലും ഉള്ളത്. ജില്ലയിലെ പല താലൂക്ക് ആശുപത്രികളിലും ആയിരത്തിലധികം രോഗികള്‍ എത്തുമ്പോഴും ഇവര്‍ക്ക് മരുന്ന് നല്‍കാനും,ലക്ഷക്കണക്കായ രൂപയുടെ മരുന്നുകള്‍ സൂക്ഷിച്ചു കണക്കുകള്‍ തയാറാക്കാനും ഒരു ഫാര്‍മസിസ്റ്റ് തസ്തിക മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ ഡ്രഗ് സ്റ്റോര്‍ ചുമതല നോക്കാന്‍ ഗസറ്റഡ് റാങ്കിലുള്ള സ്റ്റോര്‍ സൂപ്രണ്ട് തസ്തിക വേണം .എന്നാല്‍ സംസ്ഥാനത്തു വിരലില്‍ എണ്ണാവുന്ന സ്ഥാപനങ്ങളില്‍ മാത്രമാണ് സ്റ്റോര്‍ സൂപ്രണ്ട് തസ്തിക ഉള്ളത്.
ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ കരുതിയാണ് ഫാര്‍മസി നിയമങ്ങള്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് സര്‍ക്കാര്‍, സ്വകാര്യ ഫാര്‍മസികളില്‍ വേണ്ടത്ര ഫാര്‍മസിസ്റ്റുമാരുടെ സേവനം ഉറപ്പാക്കി കൊണ്ട് ഈ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം.
ഫാര്‍മസി ബിരുദക്കാര്‍ പടിക്കു പുറത്ത്
ഫാര്‍മസിയില്‍ നാലു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയ (ബി.ഫാം) കഴിഞ്ഞവര്‍ക്ക് കേരള ആരോഗ്യ സര്‍വിസില്‍ പടിക്കു പുറത്ത്. ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ എഴുതാന്‍പോലും ഇവര്‍ക്ക് കഴിയില്ല. ഇതിലും കുറഞ്ഞ യോഗ്യതയുള്ള ഡി.ഫാമുകാര്‍ക്കാണ് ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നേരിട്ട് അപേക്ഷിക്കാനാകൂ. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ നാമമാത്ര തസ്‌കിതയിലേക്ക് മാത്രമാണ് ബി.ഫാമുകാര്‍ക്ക് അപേക്ഷിക്കാനാകൂ. ഇതോടെ കോഴ്‌സ് പഠിച്ചവരെല്ലാം ഉപജീവനത്തിന് മറ്റുതൊഴില്‍തേടി പോകാന്‍ നിര്‍ബന്ധിതരാകുന്നു. മറ്റു രാജ്യങ്ങളില്‍ ബി.ഫാമുകാരെ മാത്രം ഫാര്‍മസിസ്റ്റ് ആയി നിയോഗിക്കുമ്പോഴാണ് നമ്മുടെ നാട്ടിലെ തലതിരിഞ്ഞ നടപടി.
അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ മരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ സാധാരണക്കാരായ രോഗികള്‍ക്ക് നല്‍കേണ്ടവരാണ് ഫാര്‍മസിസ്റ്റുകള്‍. പേഷ്യന്റ് കൗണ്‍സിലിങ് എന്ന വിഭാഗം തന്നെ വിദേശരാജ്യങ്ങളില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. മരുന്നുമായി ബന്ധപ്പെട്ട് പ്രധാന അറിവുകള്‍ രോഗികള്‍ക്ക് നല്‍കി ചികിത്സ ഫലപ്രദമാക്കുന്നവരാണ് ഫാര്‍മസിസ്്റ്റുകള്‍.
വിദേശ രാജ്യങ്ങളില്‍ ചികിത്സ, രോഗപ്രതിരോധ മേഖലകളില്‍ ഫാര്‍മസിസ്റ്റുമാരുടെ സേവനം നല്ല രീതിയില്‍ ഉപയോഗപെടുത്തുമ്പോള്‍ നമ്മുടെ നാട്ടില്‍ കേവലം മരുന്ന് വിതരണക്കാരായി ചുരുക്കുന്ന സ്ഥിതിയാണ്. അവിടെ ഫാര്‍മസിസ്റ്റുമാര്‍ ആശുപത്രി വാര്‍ഡുകളും ,വീടുകളും സന്ദര്‍ശിച്ചു സേവനം നല്‍കുന്നത് പതിവാണ്. ഡോക്ടര്‍മാര്‍ തങ്ങളുടെ രോഗികളെ ഔഷധ സേവനങ്ങള്‍ക്കായി ഫാര്‍മസിസ്റ്റുമാരുടെ സമീപത്തേക്കു ശുപാര്‍ശ ചെയ്തു അയക്കുന്ന പതിവും ഉണ്ട്.
നമ്മുടെ രാജ്യത്ത് ഫാര്‍മസിസ്റ്റുമാര്‍ക്കു ഇന്നും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല .ഫാര്‍മസി വിദ്യാഭ്യാസം പോലും അനാവശ്യമാണെന്നും ഇംഗ്ലീഷ് വായിക്കാനുള്ള കഴിവ് പോരെ എന്നുമാണ് ഉത്തരവാദിത്വമുള്ളവര്‍ പോലും തെറ്റിദ്ധരിച്ചിരിക്കുന്നത്.ഫാര്‍മസി ശാസ്ത്രത്തെ കുറിച്ചുള്ള അജ്ഞത യാണിതിന് കാരണം. ഫാര്‍മസി രംഗത്ത് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നിരവധി പേര്‍ നമ്മുടെ നാട്ടില്‍ തൊഴില്‍ രഹിതരായി മറ്റു ജോലികള്‍ ചെയ്ത് ജീവിക്കുന്നവരാണെന്ന് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ഫാര്‍മസി നിയമ വ്യവസ്ഥകള്‍ നടപ്പിലാക്കാനും മരുന്നുകളുടെ ദുരുപയോഗം തടയാനും ശാസ്ത്രീയമായ മരുന്നുപയോഗം പ്രോത്സാഹിപ്പിക്കാനും നടപടികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിനാവശ്യമായ ഫാര്‍മസിസ്റ്റ് തസ്തികകള്‍ അനുവദിക്കണമെന്നും ഏറെക്കാലമായി ആവശ്യമുന്നയിച്ചുവരികയാണെന്ന് കേരള ഗവ. ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പറയുന്നു.
മരുന്നിന്റെ ഫലം കളയരുത്
ഓരോ രോഗത്തിനുമുള്ള മരുന്നുകളെ പ്രകൃതിയില്‍ നിന്നും കൃത്രിമമായും കണ്ടെത്തി അവ ശാസ്ത്രീയമായി ഉപയോഗപ്രദമാക്കുന്നതാണ് മരുന്നു നിര്‍മാണ രംഗം. ഇതിനായി നിരവധി രാസ, ഭൗതിക, ജൈവ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
മരുന്ന് അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷത്തിനു ഇടയാക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഊഷ്മാവ്, ഈര്‍പ്പം, മറ്റു രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം എന്നിവ മരുന്നുകളെ ബാധിക്കുന്നു. അതിനാല്‍ മരുന്നുകള്‍ വളരെ ശ്രദ്ധയോടെ, നിശ്ചിത താപ നിലയിലും മറ്റു സൂക്ഷിപ്പ് നിര്‍ദേശങ്ങള്‍ക്കനുസരിച്ചും തന്നെ സൂക്ഷിക്കണം. വീടുകളില്‍ അടുക്കള, ഫ്രിഡ്ജിന്റെയും, ടി.വി.യുടെയും മുകളിലും ജനാലകള്‍ക്കു സമീപം സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടങ്ങളിലും മരുന്നുകള്‍ വെക്കുന്നത് പതിവാണ്. ഇത് മരുന്നിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങള്‍ മരുന്നിലെ ഘടകങ്ങളെ വിഘടിപ്പിക്കാനും ചിലപ്പോള്‍ അത് ദോഷമായി ബാധിക്കാനും ഇടയാക്കും.
മരുന്ന് കഴിക്കുമ്പോഴും ആവശ്യത്തിനുള്ള മുന്‍കരുതലുകള്‍ വേണം. ഭക്ഷണത്തിനു മുന്‍പ് കഴിക്കേണ്ട മരുന്നും ഭക്ഷണ ശേഷം കഴിക്കേണ്ട മരുന്നുകളുമുണ്ട്. ഭക്ഷണത്തിനു മുന്‍പ് കഴിക്കേണ്ട മരുന്ന് ഭക്ഷണത്തിനു തൊട്ടു മുന്‍പും ശേഷം ഉള്ളത് ഭക്ഷണം കഴിച്ച ഉടനെയും കഴിക്കരുത്. മരുന്നിന്റെ വലിയൊരു ഭാഗം ഭക്ഷണവുമായി ചേര്‍ന്ന് നഷ്ടമാവാന്‍ ഇത് കാരണമാവും. ഭക്ഷണത്തിനു അര മണിക്കൂര്‍ എങ്കിലും മുന്‍പും, ഭക്ഷണം കഴിഞ്ഞു അര മണിക്കൂറിനു ശേഷവും ആണ് ഇവ കഴിക്കേണ്ടത്.
മരുന്നു കഴിക്കുന്നവര്‍ പാല്‍ കുടിക്കുന്നതും കരുതലോടെ വേണം. ചില മരുന്നുകള്‍ക്ക് പാല്‍ പ്രതിപ്രവര്‍ത്തനത്തിന് ഇടയാക്കും. ഇപ്പോള്‍ എലിപ്പനി പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിച്ചാല്‍ പാല്‍ കുടിക്കരുത്. ആന്റിബയോട്ടിക്‌സ് ആയ ടെട്രാസൈക്ലിന്‍, ഡോക്‌സി സൈക്ലിന്‍, സിപ്രോഫ്‌ലോക്‌സസിന്‍ എന്നിവ പാലിലെയും പാല്‍ ഉല്‍പ്പന്നങ്ങളിലെയും കാല്‍സ്യവും ആയി ചേരുന്നതിനാല്‍, മരുന്നിന്റെ ആഗിരണം തടസപ്പെടുന്നു .വിഷാദ ചികിത്സക്കുള്ള മരുന്നുകള്‍ക്കൊപ്പം അച്ചാറുകള്‍ ,ഉപ്പിലിട്ടത്, പുളിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടുന്നതിന് കാരണമാകും.
രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള വാര്‍ഫാരിന്‍ എന്ന മരുന്ന് കഴിക്കുന്നവകര്‍ പച്ച ഇലക്കറികളായ കാബേജ്, ബ്രോക്കോളി എന്നിവയും കഴിക്കാന്‍ പാടില്ല. ഇവയിലുള്ള വിറ്റാമിന്‍ കെ വാര്‍ഫാരിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."