ബസ് സമരം നാലാം ദിവസത്തിലേക്ക്; യാത്രക്കാര്‍ വലയുന്നു
തിരൂരങ്ങാടി: ബസ് ജീവനക്കാരുടെ സമരം തുടരുന്നു. യാത്രക്കാര്‍ പെരുവഴിയില്‍. അയ്യായ വഴി ചെമ്മാട് -തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് വ്യാഴാഴ്ച ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നത്. ഇന്നലെ താനൂര്‍ പൊലിസ് സ്ഥലം സന്ദര്‍ശിച്ച് ബസ് നിര്‍ത്താനുള്ള സ്ഥലം നിര്‍ദേശിച്ചെങ്കിലും അപ്രായോഗികമായതിനാല്‍ നാട്ടുകാര്‍ അംഗീകരിച്ചില്ല.
അയ്യായ വെള്ളച്ചാല്‍ നാറ്റട്ടി പാറയിലെ ബസ് സ്റ്റോപ്പ് സംബന്ധിച്ച തര്‍ക്കമാണ് സമരത്തിലെത്തിച്ചത്. കാലങ്ങളായി ഇവിടെ സ്ഥിതിചെയ്യുന്ന ബസ് സ്റ്റോപ്പില്‍ അടുത്തിടെയായി ബസ് നിര്‍ത്തുന്നില്ല. കയറ്റമായതിനാല്‍ ബസ് നിര്‍ത്താനാവില്ലെന്നാണ് ഡ്രൈവര്‍മാരുടെ ന്യായീകരണം. എന്നാല്‍ ഇവിടെ പൂര്‍വസ്ഥിതി തുടരണമെന്ന കാര്യത്തില്‍ ഉറച്ചുനിന്ന നാട്ടുകാര്‍ ഇവിടെ നിര്‍ത്താതെപോയ ബസുകള്‍ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. സംഭവത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നാട്ടുകാരുടെ ആവശ്യം ബസ് മുതലാളിമാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരേ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയായിരുന്നു. ചെമ്മാട്-തിരൂര്‍ റൂട്ടില്‍ ഇതുവഴി പത്തോളം ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്.
ബസ് പുതുതായി നിര്‍ത്തുന്ന സ്ഥലം ബസ് സ്‌റ്റോപ്പിന് അനുയോജ്യമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെയുള്ള ബസ് സ്‌റ്റോപ്പില്‍നിന്നും അമ്പത് മീറ്ററിലേറെ ദൂരമുണ്ട് ഇവിടേക്ക്. വീതികുറഞ്ഞസ്ഥലമായതിനാല്‍ നടപ്പാതയോളം ടാര്‍ ചെയ്തിട്ടുണ്ട്. ഇവിടെവെച്ച് ഒരാള്‍ക്ക് കാറിടിച്ച് പരുക്ക് പറ്റിയിരുന്നു. ബസുകള്‍ ഓട്ടം നിര്‍ത്തിയതോടെ പാരലല്‍ സര്‍വിസ് പോലുമില്ലാത്തത് നാട്ടുകാര്‍ക്ക് ദുരിതമായി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കുന്നതിനാല്‍ ആളുകളുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. നേരത്തെ ജീപ്പുകള്‍ നടത്തിയിരുന്ന പാരലല്‍ സര്‍വിസ് ബസ് ജീവനക്കാരുടെ അഭ്യഥന മാനിച്ച് ഒഴിവാക്കിയിരുന്നു. നാട്ടുകാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ നിലവില്‍ ഓട്ടോറിക്ഷ മാത്രമാണ് ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."