ഹജ്ജ് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നതായി ഹജ്ജ് ഉംറ മന്ത്രാലയം. രണ്ടു ദിവസത്തിനകം വിവിധ വകുപ്പുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ ഹജ്ജ് വേളയിലുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ജഡ്ജിമാരുടെ 18 അംഗ മൊബൈല്‍ കോടതി സ്ഥാപിക്കുമെന്ന് നീതിന്യായവകുപ്പ് വ്യക്തമാക്കി. ഹറം അതിര്‍ത്തിക്കുള്ളിലും മിന, അറഫ എന്നിവിടങ്ങളിലുമാണ് ജഡ്ജിമാരുള്‍ക്കൊള്ളുന്നവരുടെ സേവനം ലഭ്യമാകുക.
ബലിമാംസ പദ്ധതി ഏജന്‍സികളുടെ മേല്‍നോട്ടം, മരണപ്പെടുന്ന തീര്‍ഥാടകരുടെ മുതലുകള്‍ തിട്ടപ്പെടുത്തി അവ സൂക്ഷിക്കുക, അടിയന്തര വിഷയങ്ങളില്‍ തീരുമാനമെടുക്കുക തുടങ്ങിയവ സംഘത്തിന്റെ പരിധിയില്‍പ്പെടും. ഹജ്ജ് വേളയില്‍ നീതിന്യായ രംഗത്തെ സേവനങ്ങള്‍ പുണ്യസ്ഥലങ്ങളുടെ എല്ലാഭാഗത്തും ലഭ്യമാക്കാനാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് നീതിന്യായ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഉമൈറ പറഞ്ഞു.
സേവനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നൂതന സാങ്കേതികസംവിധാനങ്ങളുള്ള വാഹനങ്ങളില്‍ മൊബൈല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകരെത്തുന്ന സ്ഥലങ്ങളില്‍ ഇവയുണ്ടാകും. മക്ക ജനറല്‍ കോടതിയിലെ 26 ഉദ്യോഗസ്ഥര്‍ ഹജ്ജ് വേളയില്‍ മുഴുസമയം ചുമതലയിലുണ്ടാവും.
പൊലിസുകാര്‍ പിടികൂടിയ സാധനങ്ങളും മരണപ്പെട്ടവര്‍ ഉപേക്ഷിച്ചുപോയ വസ്തുക്കളും ബൈത്തുല്‍മാലിലേക്ക് ഏറ്റെടുക്കുന്നതിനാണിത്. ഹറമിനടുത്ത് ജഡ്ജിമാരുടെ അഞ്ച് സംഘങ്ങളുണ്ടാകും. മറ്റ് സംഘങ്ങള്‍ മിനയുടെ വിവിധ ഭാഗങ്ങളിലെ കേന്ദ്രങ്ങളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മക്കയുടെ വിവിധ ഭാഗങ്ങളിലായി 16 ലക്ഷത്തിലധികം ഹാജിമാര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇതിനകംതന്നെ തയാറായതായി ഹജ്ജ് പാര്‍പ്പിട വിഭാഗം മേധാവി എന്‍ജിനീയര്‍ മാസിന്‍ അസ്സനാരി പറഞ്ഞു.
തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കൂടുതല്‍ താമസസൗകര്യം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. വൈകി ലഭിച്ച അപേക്ഷകള്‍ മക്ക മേഖല അമീറിന് കൈമാറിയതായും അംഗീകാരം ലഭിക്കുന്നതോടെ കൂടുതല്‍ കെട്ടിടങ്ങള്‍ അനുവദിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."