എന്തിനാണിയാളെയിങ്ങനെ തെരുവില്‍ നിര്‍ത്തുന്നത്..?
കല്‍പ്പറ്റ: തികച്ചും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനായി ഒരു മനുഷ്യന്‍ വയനാട് കലക്ടറേറ്റിന് മുന്നില്‍ ഒരു ടാര്‍പോളിന്‍ വലിച്ചുകെട്ടി സമരം തുടങ്ങിയിട്ട് ഇന്നേക്ക് 1137 ദിവസം പൂര്‍ത്തിയാകുകയാണ്. ആവശ്യങ്ങള്‍ ന്യായമാണെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതുജനത്തിനും വ്യക്തമായി അറിയാമെങ്കിലും ഇദ്ദേഹത്തിന്റെ സമരത്തിനെതിരേ മുഖംതിരിച്ച് നില്‍ക്കുന്ന നിലപാടാണ് എല്ലാവര്‍ക്കുമുള്ളത്. വയനാട് കലക്ടറേറ്റിന് മുന്നില്‍ സമരംചെയ്യുന്ന കട്ടക്കയം ജെയിംസ്, നാലു പതിറ്റാണ്ടായി ഒരു കുടുംബം നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ ബാക്കി പത്രമാണ്. പലരും ഇവര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാനം അവരൊക്കെ കൈയൊഴിഞ്ഞു. എന്നിട്ടും സമരസഹായ സമിതിയുടെ പിന്തുണകൊണ്ടുമാത്രം ഈ സമരം മുന്നോട്ട് നീങ്ങുകയാണ്.
1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്നു ജെയിംസിന്റെ ഭാര്യാ പിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജും സഹോദരന്‍ ജോസും വിലയ്ക്കുവാങ്ങിയ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് ജയിംസിനെ തെരുവില്‍ നിര്‍ത്തിയിരിക്കുന്നത്. കാഞ്ഞിരങ്ങാട് വില്ലേജിലെ ഈ 12 ഏക്കര്‍ ഭൂമി 1976ലാണ് വനഭൂമിയാണെന്ന് വരുത്തിത്തീര്‍ത്ത് വനംവകുപ്പ് കൈവശപ്പെടുത്തിയത്. ഇതിനു പിന്നാലെ തുടങ്ങിയതാണ് ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ പോരാട്ടം.
കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ ആരംഭിച്ച നിയമയുദ്ധം ഹൈക്കോടതിയിലും സുപ്രിം കോടതിയിലുമെത്തിയെങ്കിലും,ചുമതലപ്പെടുത്തിയ വക്കീല്‍ കുടുംബത്തിന്റെ അനുമതിയില്ലാതെ കേസ് പിന്‍വലിച്ചതോടെയാണ് ജെയിംസിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീണത്.
ഇതോടെ സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ അഡ്വ. പ്രദീപ്കുമാര്‍ ലോകായുക്തയില്‍ ജയിംസിനുവേണ്ടി ഹരജി നല്‍കുകയായിരുന്നു. 2018ജൂണില്‍ ലോകായുക്ത സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയില്ല. 2018 ഏപ്രില്‍ മാസത്തില്‍ ചീഫ് സെക്രട്ടറി ഇവരുടെ വിഷയത്തില്‍ എന്ത് നടപടിയാണ് ഉചിതമായി സ്വീകരിക്കാനാവുക എന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്തയച്ചിരുന്നു. ആ കത്തും പൊടിപിടിച്ച് കിടക്കുന്നതല്ലാതെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. തെറ്റുകാരനാണെങ്കില്‍ തന്നെയും കുടുംബത്തെയും വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്നാണ് ജെയിംസിന്റെ പക്ഷം. അല്ലായെങ്കില്‍ ഭൂമി തങ്ങള്‍ക്ക് വിട്ടുതരണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.
എന്നാല്‍ 1137 ദിവസമായി ഇദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാനോ പ്രതിരോധിക്കാനോ കഴിയാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ കലക്ടറേറ്റ് പടിക്കലിലെ ഈ സമരപ്പന്തല്‍ കണ്ടില്ലെന്ന് നടിച്ച് നീങ്ങുകയാണ്.
1978 നവംബര്‍ ആറിന് ഇത് വനമല്ലെന്നും കുടുംബത്തിന് വിട്ടുനല്‍കണമെന്നും ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധി വന്നിരുന്നു. എന്നാല്‍ വിധിക്കെതിരേ വനംവകുപ്പ് ജില്ലാ കോടതിയെ സമീപിച്ച് വിധി റദ്ദാക്കി. ഇതിനെതിരേ കുടുംബം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിനേടി. തുടര്‍ന്ന് 2006ലെ സര്‍ക്കാര്‍, ഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. 12 ഏക്കര്‍ ഭൂമിയും കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു വിട്ടുകൊടുത്ത് 2007 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നികുതി അടച്ചെങ്കിലും ഭൂമിയില്‍ താമസമാക്കാനും കൃഷി ഇറക്കാനും കഴിഞ്ഞില്ല. തൃശ്ശൂരിലെ 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ' നല്‍കിയ ഹരജിയില്‍ ഭൂമിയിലെ വനേതര പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞതാണ് ഇതിനു കാരണമായത്.
അതിനിടെ ജോര്‍ജും ഭാര്യ ഏലിക്കുട്ടിയും മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് ഹൈക്കോടതിയിലെ ഏറെക്കാലത്തെ നിയമപോരാട്ടവും ഫലം കാണാത്തതിനെ തുടര്‍ന്ന് കേസേറ്റെടുത്ത മുന്‍കേന്ദ്ര സഹമന്ത്രി പി.സി തോമസ്, സുപ്രീം കോടതിയില്‍ ഹരജി നല്‍കിയെങ്കിലും പിന്നീട് കേസ് സ്വമേധയാ പിന്‍വലിക്കുകയായിരുന്നു. ഇതോടെയാണ് ലോകായുക്തയില്‍ പരാതിയുമായി സമരസഹായ സമിതിയെത്തിയത്.
ഭൂമി വിജ്ഞാപനം ചെയ്തതില്‍ ബോധപൂര്‍വമോ അല്ലാതെയോ വന്ന പിശക് സമ്മതിക്കാനും തിരുത്താനും വനംവകുപ്പ് തയാറായാല്‍ ദിവസങ്ങള്‍ക്കകം പരിഹാരാമാകുന്നതാണ് കാഞ്ഞിരത്തില്‍ കുടുംബത്തിന്റെ ഭൂപ്രശ്‌നം. എന്നിട്ടും കണ്ണുതുറക്കേണ്ട അധികൃതര്‍ മാത്രം പൗരനെ വെയിലും മഴയും കൊള്ളിച്ച് തെരുവില്‍ നിര്‍ത്തി ഉറക്കം നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."