നഗരത്തിലെ ജലവിതരണത്തില്‍ ആശങ്കവേണ്ട: ജലവിഭവ മന്ത്രി
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള പദ്ധതികള്‍ക്ക് ജൂണ്‍ നാലുവരെ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വെള്ളം പേപ്പാറ ഡാമില്‍ ശേഖരിച്ചിട്ടുണ്ടെന്നും കുടിവെളളത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് അറിയിച്ചു. നെയ്യാര്‍ ജലസംഭരണിയില്‍ നിന്ന് ഏപ്രില്‍ 28 മുതലാണ് ഇറിഗേഷന്റെ ഡ്രഡ്ജര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് വെള്ളം കരമന നദിയില്‍ എത്തിക്കാന്‍ തുടങ്ങിയത്. പിന്നീട് ടി.സി.എല്ലിന്റെ ഒരു ഡ്രഡ്ജറും കേരള വാട്ടര്‍ അതോറിറ്റിയുടെ നാലുപമ്പുകളും ഘട്ടം ഘട്ടമായി സ്ഥാപിച്ച് മേയ് 18 വരെ കരമനയാറ്റില്‍ വെള്ളം എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ പേപ്പാറ ഡാം പൂര്‍ണതോതില്‍ തുറന്നു വിടേണ്ടിവന്നില്ല. പേപ്പാറഡാമില്‍ കരുതിയ വെള്ളം വരും ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും.
ഏപ്രില്‍ 28ന് പേപ്പാറയിലെ ജലനിരപ്പ് 90.75 മീറ്ററും അരുവിക്കര ഡാമിലെ ജലനിരപ്പ് 45.24 മീറ്ററും ആയിരുന്നു. അന്നത്തെ കണക്കനുസരിച്ച് മേയ് 15 വരെയുള്ള വെള്ളം മാത്രമേ സംഭരണികളില്‍ ഉണ്ടായിരുന്നുള്ളു. നെയ്യാര്‍ ഡാമില്‍ നിന്നുള്ള ജലം എത്തിയതുകൊണ്ടും ഇടയ്ക്ക് മഴ കിട്ടിയതുകൊണ്ടുമാണ് പ്രതിസന്ധി പൂര്‍ണമായും ഒഴിവായതെന്നും വെള്ളം ശേഖരിച്ചു നിറുത്താനായതെന്നും മന്ത്രി വ്യക്തമാക്കി. ഇതൊടൊപ്പം നെയ്യാര്‍ ഡാമില്‍ നിന്ന് കനാലുകള്‍ വഴിയുള്ള ജലവിതരണവും ഉദ്ദേശിച്ചതിനേക്കാള്‍ കാര്യക്ഷമമായി നടത്താനായെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 28ലെ നെയ്യാര്‍ സംഭരണിയിലെ ജലനിരപ്പ് 74.350 മീറ്ററും ഇന്നലെ രാവിലത്തെ ജലനിരപ്പ് 72.250 മീറ്ററുമാണ്. നിലവില്‍ 8.698 ദശലക്ഷം മീറ്റര്‍ ക്യൂബ് വെള്ളം നെയ്യാര്‍ സംഭരണിയില്‍ ശേഷിക്കുന്നുണ്ട്. പമ്പുകളും ഡ്രഡ്ജറുകളും ഡാമിലേക്ക് കൂടുതല്‍ ഇറക്കി വച്ചും പൈപ്പ് ലൈനുകള്‍ നീട്ടി സ്ഥാപിച്ചും പൂര്‍ണതോതില്‍ പമ്പിങ് തുടരാന്‍ കഴിയും. അടിയന്തര സാഹചര്യം ഇപ്പോള്‍ നിലവില്ലാത്തതിനാലാണ് അതിന് മുതിരാത്തത്. പൂര്‍ണതോതില്‍ പമ്പിങ് ആവശ്യമാണെന്ന് കണ്ടാല്‍ മേല്‍ പണികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ച് വെള്ളം കരമനയാറ്റില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."