പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വിധിയെഴുതി മാലദ്വീപ്
മാലെ : ക്രമക്കേട് ആരോപണത്തിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിധിയെഴുതി ദ്വീപ് രാഷ്ട്രമായ മാലദ്വീപ്. രാവിലെ എട്ടു മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് മൂന്ന് മണിക്കൂര്‍ വൈകിയാണ് അവസാനിച്ചത്. വോട്ട് രേഖപ്പെടുത്താന്‍ ജനത്തിരക്കുണ്ടായതിനാലാണ് സമയം നീട്ടിയത്. 472 ബാലറ്റ് ബോക്‌സുകളാണ് രാജ്യത്ത് സ്ഥാപിച്ചത്. ആകെ 2,62,000 വോട്ടര്‍മാരാണുള്ളത്. ഇന്ത്യയും ചൈനയും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപിന്റെ (പി.പി.എം) ബാനറില്‍ നിലവിലെ പ്രസിഡന്റായ അബ്ദുല്ല യമീനും പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ മാലദ്വീപിയന്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി)യുമാണുള്ളത്.
ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് ആണ് പ്രതിപക്ഷത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥി. വോട്ടെണ്ണല്‍ ആരംഭിച്ചു. രണ്ട് ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലാണ് രണ്ടാം ഘട്ടം നടത്തുക. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തിപ്പിനെതിരേ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
വോട്ടെടുപ്പ് തടസപ്പെടുത്താനായി നിരവധി പോളിങ് സ്റ്റേഷനുകള്‍ ഭരണ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആക്രമിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. വോട്ടെടുപ്പില്‍ കൃത്രിമം സാധ്യതയുണ്ടെന്നും അതിനാല്‍ ഭയത്തിലാണെന്നും തലസ്ഥാനമായ മാലെയില്‍ വോട്ട് രേഖപ്പെടുത്തിയ ഇരുപതുകാരന്‍ അസ്‌ക ആദില്‍ പറഞ്ഞു.
അതിനിടെ തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ പ്രതിപക്ഷ കേന്ദ്രങ്ങളില്‍ പൊലിസ് റെയ്ഡ് നടത്തി. എം.ഡി.പിയുടെ ഓഫിസില്‍ എത്തിയ പൊലിസ് വാറന്‍ഡില്ലാതെയാണ് റെയ്ഡ് നടത്തിയതെന്ന് പാര്‍ട്ടി ആരോപിച്ചു. തെരഞ്ഞെടുപ്പിലെ അനധികൃത പ്രവര്‍ത്തനം തടയാനാണ് പരിശോധന നടത്തിയതെന്നാണ് പൊലിസ് വാദം. തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് യമീന്റെ കക്ഷിയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
രാജ്യത്തെ സാഹചര്യം അപകടകരവും അസ്ഥിരവുമാണെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷക സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മറിയം ഷുഐന പറഞ്ഞു.എന്നാല്‍ ജനങ്ങള്‍ക്ക് പറയാനുള്ളത് വോട്ട് രേഖപ്പെടുത്തലിലൂടെ അറിയിക്കുമെന്ന് അവര്‍ പറഞ്ഞു. മാലദ്വീപിലെ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളില്‍ യു.എസ്, യൂറോപ്യന്‍ യൂനിയന്‍ ഉത്കണഠ പ്രകടിപ്പിച്ചിരുന്നു. വോട്ടെടുപ്പില്‍ ജനാധിപത്യ സാഹചര്യങ്ങളില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പ് നിരീക്ഷണത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ നിരീക്ഷകരെ അയക്കുന്നില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ പറഞ്ഞിരുന്നു. 30 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് 2008ല്‍ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ മുഹമ്മദ് നശീദിനെ അട്ടിമറിച്ചാണ് 2012ല്‍ യമീന്‍ ഭരണത്തിലേറിയത്. നിലവില്‍ ശ്രീലങ്കയില്‍ അഭയം തേടിയ നശീദിനെ ഭീകര വിരുദ്ധ കുറ്റം ചുമത്തി 2015ല്‍ ജയിലിലടച്ചിരുന്നു.
യമീന്റെ ഭരണത്തില്‍ ഇന്ത്യയുമായി മികച്ച ബന്ധമായിരുന്നില്ല പുലര്‍ത്തിയിരുന്നത്. നയതന്ത്രങ്ങളില്‍ ചൈനയോടാണ് യമീന് പ്രിയം എന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മുഹമ്മദ് സാലിഹിന് പടിഞ്ഞാറന്‍ രാജ്യങ്ങളോടും ഇന്ത്യയോടുമാണ് അടുപ്പം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."