സാജന്‍, ഓളപ്പരപ്പിലെ സുവര്‍ണമത്സ്യം
തിരുവനന്തപുരം: ദേശീയ സീനിയര്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ നീന്തല്‍കുളത്തിലെ സുവര്‍ണമത്സ്യമായി സാജന്‍ പ്രകാശ്. മത്സരിച്ച അഞ്ചിനങ്ങളിലും ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് സ്വര്‍ണം നീന്തിയെടുത്ത സാജന്‍ പ്രകാശ് ചാംപ്യന്‍ഷിപ്പിലെ മികച്ചതാരമായി. ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലായിരുന്നു സ്വന്തം പേരിലുള്ള 1.59.12 സെക്കന്റ് ദേശീയ റെക്കോര്‍ഡ് തകര്‍ത്തു സാജന്‍ കേരളത്തിന് അഞ്ചാം സ്വര്‍ണം സമ്മാനിച്ചത്.
1.57.73 സെക്കന്റിലാണ് പുതിയ ദേശീയ റെക്കോര്‍ഡിലേക്ക് സ്വര്‍ണ പൂമ്പാറ്റയായി സാജന്‍ പറന്നത്. റെയില്‍വേ താരങ്ങളായ സുപ്രിയ മൊന്‍ഡാല്‍ (2.03.36) വെള്ളിയും സനു ദേബനാദ് (2.04.13) വെങ്കലവും നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈക്ക് പുറമേ 200 മീറ്റര്‍ മെഡ്‌ലേ, 200, 400 ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നിവയിലാണ് സാജന്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. തൊട്ടതെല്ലാം പൊന്നാക്കിയ സാജനെ ചാംപ്യന്‍ഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്തു. സാജന്‍ സമ്മാനിച്ച അഞ്ച് സ്വര്‍ണവും വാട്ടര്‍പോളോയില്‍ വനിതകള്‍ നേടിയ സ്വര്‍ണവും ലിയാന ഫാത്തിമ ഉമര്‍ നീന്തിയെടുത്ത വെങ്കലവുമാണ് കേരളത്തിന് പിരപ്പന്‍കോട് നീന്തല്‍കുളത്തില്‍നിന്ന് ലഭിച്ചത്.
കര്‍ണാടകയ്ക്ക് കിരീടം
227 പോയിന്റോടെ കര്‍ണാടക ഓവറോള്‍ ചാംപ്യന്മാരായി. വനിതാ വിഭാഗത്തില്‍ 119 പോയിന്റും പുരുഷ വിഭാഗത്തില്‍ 86 പോയിന്റുമാണ് കര്‍ണാടക നേടിയത്. വനിതാ വിഭാഗത്തില്‍ 98 പോയിന്റുമായി സിമ്മിങ് ഫെഡറേഷനും പുരുഷ വിഭാഗത്തില്‍ 83 പോയിന്റുമായി റെയില്‍വേയും റണ്ണേഴ്‌സ് അപ്പായി. ഡൈവിങില്‍ പുരുഷ വിഭാഗത്തില്‍ 36 പോയിന്റു നേടിയ സര്‍വീസസിനാണ് കിരീടം. 20 പോയിന്റു നേടിയ റെയില്‍വേ റണ്ണേഴ്‌സ്അപ്പായി. വനിതാ വിഭാഗത്തില്‍ 30 പോയിന്റുമായി റെയില്‍വേ ചാംപ്യന്മാരായപ്പോള്‍ 11 പോയിന്റുമായി സ്വിമ്മിങ് ഫെഡറേഷന്‍ രണ്ടാമതെത്തി. അഞ്ച് ദിനങ്ങളിലായി 20 ദേശീയ റെക്കോര്‍ഡുകളാണ് പിറന്നത്. 10 സ്വര്‍ണവും 11 വെള്ളിയും 7 വെങ്കലവുമാണ് കര്‍ണാടക നേടിയത്. സ്വിമ്മിങ് ഫെഡറേഷന്‍ 9 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവും നേടി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനദാനം നിര്‍വഹിച്ചു.
അവസാനദിനത്തിലെ
മെഡല്‍ വേട്ടക്കാര്‍
വനിതകളുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ 2.21.92 സെക്കന്റില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ പൊലിസിലെ റിച്ച മിശ്ര തന്റെ അഞ്ചാമത്തെ സ്വര്‍ണ നേട്ടം പൂര്‍ത്തിയാക്കി. സ്വിമ്മിങ് ഫെഡറേഷന്റെ ത്രിഷ കര്‍ഹാനിസ് (2.22.48) വെള്ളിയും ഛത്തിസ്ഗഡിന്റെ സൃഷ്ടി നാഗ് (2.24.85) വെങ്കലവും നേടി. പുരുഷന്മാരുടെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മധ്യപ്രദേശിന്റെ അദ്വൈത് പാഗേ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 8.12.51 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡുമായി അദ്വൈത് സ്വര്‍ണം നേടിയത്. 2011ല്‍ റാഞ്ചിയില്‍ കര്‍ണാടകയുടെ സൗരവ് സാങ്‌വേക്കര്‍ സ്ഥാപിച്ച 8.12.57 സെക്കന്റാണ് മറികടന്നത്. ഡല്‍ഹിയുടെ കുശാഗര്‍ റാവത്ത് (8.16.59) വെള്ളിയും സ്വിമ്മിങ് ഫെഡറേഷന്‍ താരം ആര്യന്‍ മകീജ (8.22.30) വെങ്കലവും നേടി. വനിതകളുടെ 400 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ഹരിയാനയുടെ ശിവാനി കട്ടാരിയ്ക്ക് സ്വര്‍ണം. 4.30.78 സെക്കന്റിലാണ് ശിവാനി സ്വര്‍ണം നേടിയത്.
കര്‍ണാടകയുടെ ഖുഷി ദിനേഷ് (4.34.10) വെള്ളിയും തമിഴ്‌നാടിന്റെ ഭാവിക ദുഗാര്‍ (4.37.68) വെങ്കലവും നേടി. പുരുഷന്മാരുടെ 100 മീറ്റര്‍ ബാക് സ്‌ട്രോക്കില്‍ കര്‍ണാടകയുടെ ശ്രീഹരി നടരാജ് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 56.53 സെക്കന്റിലാണ് പുതിയ ദേശീയ റെക്കോര്‍ഡുമായി ശ്രീഹരി സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡായ 57.20 സെക്കന്റാണ് തിരുത്തിയത്. സര്‍വീസസിന്റെ മലയാളിതാരം പി.എസ് മധു (58.29) വെള്ളിയും തമിഴ്‌നാടിന്റെ ടി. സേതു മാണിക്യവേല്‍ (56.53) വെങ്കലവും നേടി. വനിതകളുടെ 100 മീറ്റര്‍ ബാക് സ്‌ട്രോക്കില്‍ ഗുജറാത്തിന്റെ മാന പട്ടേല്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 1.04.33 സെക്കന്റിലാണ് സ്വന്തം റെക്കോര്‍ഡ് മൂന്ന് വര്‍ഷത്തിന് ശേഷം മറികടന്നത്.
2015ല്‍ രാജ്‌കോട്ടില്‍ സ്ഥാപിച്ച 1.04.40 സെക്കന്റ് റെക്കോര്‍ഡാണ് തിരുത്തിയത്. കര്‍ണാടകയുടെ സുവാന സി. ഭാസ്‌കര്‍ (1.06.63) വെള്ളിയും കര്‍ണാടകയുടെ നിന വെങ്കിടേഷ് (1.07.05) വെങ്കലവും നേടി. 450 മിക്‌സഡ് റിലേയില്‍ കര്‍ണാടക സ്വര്‍ണം നേടി. 1.51.74 സെക്കന്റിലാണ് കര്‍ണാടക സ്വര്‍ണം നേടിയത്. സ്വിമ്മിങ് ഫെഡറേഷന്‍ (1.52.04) വെള്ളിയും റെയില്‍വേ (1.52.40) വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."