സ്‌കൂള്‍ സമയമാറ്റത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കരുത്: ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ പഠനസമയം പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്നും കാലങ്ങളായുള്ള പതിവുരീതി മാറ്റാനുള്ള നിലപാടില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി.
വിവിധ കാരണങ്ങള്‍ നിരത്തി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഇതിനായി ഉന്നയിക്കുന്നത്. കാലങ്ങളായി മുസ്‌ലിം സമുദായം നടത്തിപ്പോരുന്ന മദ്‌റസ സംവിധാനത്തിന് തകര്‍ച്ച സംഭവിക്കാനും പതിനഞ്ച് ലക്ഷത്തിലേറെ മുസ്‌ലിം വിദ്യാര്‍ഥികളുടെ മതപഠനത്തിന് വിഘാതമാവാനും ഈയൊരു നീക്കം കാരണമാവും.
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ന്യൂനപക്ഷങ്ങള്‍ സ്വന്തമായി നടത്തിവരുന്ന ധാര്‍മിക വിദ്യാഭ്യാസ പ്രക്രിയയുടെ സംരക്ഷണം കൂടി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുസ്‌ലിംകളുടെ മൗലികാവകശമായ മതപഠനം നിര്‍ത്തലാക്കാനുള്ള ഗൂഢനീക്കങ്ങള്‍ തീവ്ര ഇടതുചിന്താഗതിക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്തും ഇത്തരമൊരു ശ്രമമുണ്ടായിരുന്നു. എന്നാല്‍ മുസ്‌ലിം സംഘടനകളുടെ ഒറ്റക്കെട്ടായ ശക്തമായ പ്രക്ഷോഭം കാരണമായിരുന്നു അന്ന് തീരുമാനം മാറ്റിയത്. മദ്‌റസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സ്‌കൂള്‍ സമയമാറ്റത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."