പൊന്നാനിയുടെ സ്വന്തം ചരിത്രകാരന്‍
പൊന്നാനി ബസ്സ്റ്റാന്റില്‍ നിന്ന് ഏകദേശം 300 മീറ്റര്‍ സഞ്ചരിച്ചാല്‍ എം.ഇ.എസ് കോളേജ് ഗ്രൗണ്ടിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന 'അല്‍ ഫത്താഹ്' മന്‍സിലിലെത്താം. സദാസമയം വായനയും എഴുത്തും മറ്റു സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുമായി പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന അബ്ദുറു മാഷിന്റെ കൊച്ചു ഗൃഹമാണത്. പ്രായം 70 പിന്നിട്ടെങ്കിലും മാഷ് കര്‍മനിരതനാണ്. വാര്‍ധക്യത്തിന്റെ ക്ഷീണമോ അലസതയോ തെല്ലും വകവെക്കാതെ ചരിത്രാന്വേഷണത്തിന്റെ വഴികളില്‍ വിദ്യാര്‍ഥി സമൂഹത്തിന് മാതൃകയാകുകയാണ് അബ്ദുറു മാഷ്.
പ്രമുഖ പണ്ഡിതന്‍ കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ ജീവിചരിത്ര രചനയുമായി ബന്ധപ്പെട്ട വിവര ശേഖരണം ലക്ഷ്യമാക്കിയാണ് 'അല്‍ ഫത്താഹ്' മന്‍സിലിലെത്തിയത്. 1998 മുതല്‍ 2000 വരെ കെ.വി ഉസ്താദിനോടൊപ്പം മഊനത്തുല്‍ ഇസ്‌ലാം സഭയുടെ കാര്യദര്‍ശിയായ അബ്ദുറു മാഷില്‍ നിന്നും അത് മാത്രമായിരുന്നു പ്രതീക്ഷിച്ചത്. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം ആരംഭിച്ച സംഭാഷണം ദീര്‍ഘസമയം നീണ്ടുനിന്നു. ആഴമേറിയ ജ്ഞാനം, ചാരുതയാര്‍ന്ന അവതരണം, ഷെല്‍ഫില്‍ സൂക്ഷിച്ചുവച്ച, താന്‍ രചിച്ച ചരിത്ര ഗ്രന്ഥങ്ങള്‍ എല്ലാം ഞങ്ങളെ അത്ഭുതപ്പെടുത്തി. പൊന്നാനിയുടെ പണ്ഡിത പാരമ്പര്യത്തെ സംബന്ധിച്ച് ചില സുപ്രധാന വിവരങ്ങള്‍ അദ്ദേഹം കൈമാറി.
വായിച്ച് തുടങ്ങി
1949 ഓഗസ്റ്റ് 16 മുല്ലശ്ശേരി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെയും ടി.വി നഫീസയുമ്മയുടേയും മകനായി പൊന്നാനിയിലാണ് അദ്ദേഹത്തിന്റെ ജനനം. പൊന്നാനി ടി.ഐ യു.പി സ്‌കൂള്‍, എം.ഐ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ഭൗതിക പഠനവും പൊന്നാനി തെരുവത്ത് പള്ളി, കാവഞ്ചേരി, കായംകുളം തെരുവില്‍ പള്ളി തുടങ്ങിയ ദര്‍സുകളില്‍ നിന്ന് മതപഠനവും പൂര്‍ത്തിയാക്കി. വായനയില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ തല്‍പരനായിരുന്ന മാഷ് 17-ാം വയസോടെ ഗൗരവമുള്ള വായനയിലേക്ക് പ്രവേശിച്ചു. പിന്നീട് 19-ാം വയസില്‍ പട്ടാമ്പി മുതുതല വിവേകോദയം എല്‍.പി സ്‌കൂളില്‍ ആരംഭിച്ച അധ്യാപക ജീവിതം 2005 ല്‍ പൊന്നാനി ടി.ഐ യു.പി സ്‌കൂളില്‍ നിന്ന് വിരമിക്കുന്നത് വരെ വായന തുടര്‍ന്നു. ആദ്യ പ്രചോദനം പിതാവ് തന്നെയായിരുന്നു. മതപണ്ഡിതനായിരുന്ന പിതാവ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ വായനയെ നിരന്തരം പ്രോത്സാഹിപ്പിക്കുമായിരുന്നു. പൊന്നാനി തെരുവത്ത് പള്ളിയില്‍ തന്റെ ഗുരുവായിരുന്ന ബി.കെ സൈനുദ്ദീന്‍ മുസ്‌ലിയാരാണ് അദ്ദേഹത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തി. മക്കയിലെ ശൈഖ് അലവി ബിന്‍ മാലികിന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്ന സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയപ്പെട്ട പണ്ഡിതനായിരുന്നു. മുതഫരിദ് എന്ന ചെറു ഗ്രന്ഥം ഓതിത്തരുമ്പോള്‍ 'വശമ്മിര്‍ അയ്യുഹല്‍ വലദുല്‍ അസീസ്' (പ്രിയപ്പെട്ട കൂട്ടീ, നീ കഠിനാധ്വാനം ചെയ്യുക) എന്ന വാക്യത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും തനിക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ടെന്നാണ് മാഷ് പറയുന്നത്.
ഒരു ചരിത്രകാരന്റെ ഉദയം
വായനയും എഴുത്തും ജീവനോട് ചേര്‍ത്തുവച്ച അബ്ദുറു മാഷെ ഒരു ചരിത്രകാരനായി ഉയര്‍ത്തിയത് പ്രൊഫ. കെ.വി അബ്ദുറഹ്്മാന്‍ പൊന്നാനിയാണ്. ചന്ദ്രിക ദിനപത്രത്തിന്റെ മുന്‍ പത്രാധിപരും ഫാറൂഖ് കോളജിലെ സാമ്പത്തിക വിഭാഗം തലവനുമായിരുന്നു അദ്ദേഹം. പൊതുവെ അന്തര്‍മുഖനായിരുന്ന കെ.വി സഞ്ചരിക്കുന്ന വിജ്ഞാന കോശം എന്നാണ് അറിയപ്പെടുന്നത്. വളരെ കണിശതയും കൃത്യനിഷ്ഠയുമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. പൊന്നാനിയുടെ ചരിത്രത്തെ ആദ്യമായി ഒരു ആധികാരിക ഗ്രന്ഥത്തില്‍ കോര്‍ത്തിണക്കിയത് കെ.വിയായിരുന്നു. മാപ്പിള ചരിത്ര ശകലങ്ങള്‍ എന്ന ശീര്‍ഷകത്തിലുള്ള പ്രസ്തുത ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുള്ളത് എം.എസ്.എസ് ആണ്. 1988 ല്‍ കെ.പി കുഞ്ഞിമൂസ ചന്ദ്രിക വാരാന്തപതിപ്പ് എഡിറ്ററായപ്പോള്‍ മുസ്‌ലിം പ്രദേശങ്ങളെ കുറിച്ച് ഒരു ലേഖന പരമ്പര തയ്യാറാക്കാന്‍ തന്റെ ഗുരുനാഥനായ കെ.വിയെയാണ് സമീപിച്ചിരുന്നത്.
കെ.വി ആ ഉത്തരവാദിത്തം അബ്ദുറഹ്മാന്‍ കുട്ടി മാസ്റ്ററെ ഏല്‍പ്പിക്കുകയായിരുന്നു. പൊന്നാനി വിശ്വ വിജ്ഞാന കേന്ദ്രം എന്ന തലക്കെട്ടില്‍ ചന്ദ്രികക്ക് വേണ്ടി നീണ്ട ലേഖനങ്ങള്‍ തയ്യാറാക്കി. ചരിത്രാന്വേഷണ വഴികളില്‍ തന്റെ മികച്ച വഴികാട്ടിയായാണ് കെ.വിയെ അബ്ദുറഹ്മാന്‍ മാഷ് കരുതുന്നത്. ഇടക്കാലത്തെ രാഷ്ട്രീയ രംഗപ്രവേശനം എഴുത്തിന്റെ സജീവതയെ സാരമായി ബാധിച്ചു. 17 വര്‍ഷം പൊന്നാനി മുന്‍സിപ്പല്‍ കൗണ്‍സിലറായി. തൃക്കാവ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പുറത്തിറക്കിയ ശങ്കൊലി എന്ന മാഗസിനിലാണ് പിന്നീട് പൊന്നാനിയെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. അതോടെ എഴുത്ത് മേഖലയില്‍ വീണ്ടും സജീവമായി. അക്കാലത്ത് തവനൂരില്‍ നിന്നും സി.എസ് പണിക്കര്‍ എഡിറ്ററായി നവകം മാസിക പുറത്തിറക്കിയിരുന്നു. ശങ്കൊലിയില്‍ വന്ന പ്രസ്തുത ലേഖനം നവകത്തില്‍ പുന:പ്രസിദ്ധീകരിക്കാന്‍ സമ്മതം തേടി നവകം പ്രസാധകനും കവിയുമായ തേല്‍ചന്ദ്രന്‍ അബ്ദുറു മാഷെ സമീപിച്ചു. നവകത്തിന് വേണ്ടി പുതിയ ലേഖനങ്ങളെഴുതാമെന്നായി മാഷ്. ദ മിറര്‍ ഓഫ് മലബാര്‍, എം.ഇ.എസ് ബുള്ളറ്റിന്‍ എന്നിവകളിലും മാഷ് എഴുതി. 1972 ല്‍ ത്യാഗ സ്മരണകളുയര്‍ത്തുന്ന ബലിപെരുന്നാള്‍ എന്ന തലക്കെട്ടില്‍ മലയാള മനോരമയിലായിരുന്നു ആദ്യ ലേഖനം പ്രസിദ്ധീകരിക്കപ്പട്ടത്. 25 രൂപയാണ് അന്നതിന് വേതനമായി ലഭിച്ചത്.
ഗ്രന്ഥങ്ങള്‍
ചരിത്രമുറങ്ങുന്ന പൊന്നാനി, മലബാറിലെ മക്ക, മുസ്‌ലിം വിദ്യാഭ്യാസം അലിഫ് മുതല്‍ ഐ.എ.എസ് വരെ, സനാഉല്ല മക്തി തങ്ങള്‍, പൊന്നാനി പൈതൃകവും നവോഥാനവും, മഊനത്തുല്‍ ഇസ്‌ലാം സഭ ചരിത്രം, പൊന്നാനിപ്പാട്ടുകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ കനപ്പെട്ട രചനകള്‍. കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് ചരിത്രം, മലബാര്‍ മുസ്‌ലിം നവോഥാനം, ലോകചരിത്രവും മതമൈത്രിയും, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയവ പണിപ്പുരയിലുണ്ട്. ഇവകളില്‍ ചരിത്രമുറങ്ങുന്ന പൊന്നാനിയാണ് പ്രഥമ ഗ്രന്ഥം. പൊന്നാനിയിലെ ഹിന്ദു-മുസ്‌ലിം ബന്ധവും സംസ്‌കാരവുമാണ് ഇതില്‍ പ്രധാനം. കൂടാതെ മഊനത്തുല്‍ ഇസ്‌ലാം സഭ, ഇതര ധര്‍മ്മ സ്ഥാപനങ്ങള്‍ എന്നിവയുടെ ചരിത്രം രേഖകളുടെ അടിസ്ഥാനത്തില്‍ പുതിയ തലമുറക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അബ്ദുറു മാഷിന് സാധിച്ചിട്ടുണ്ട്.
പ്രാദേശിക ചരിത്ര രചനയുടെ വിശാലതയിലേക്ക് മിഴിതുറക്കുന്ന രീതിയിലാണ് അബ്ദുറു മാസ്റ്ററുടെ പഠനങ്ങള്‍ പുറത്തുവരുന്നത്. നഗരത്തിലെ പ്രധാന കുടുംബങ്ങളുടെ താഴ്‌വേരുകള്‍ അന്വേഷിച്ചുള്ള ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ ശ്രദ്ധേയമാണ്. പൊന്നാനി നഗരസഭയിലെ 42 ജുമുഅത്ത് പള്ളികള്‍, 45 നിസ്‌കാരപള്ളികള്‍, കുടുംബക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ചരിത്രം മാഷിന്റെ പക്കലുണ്ട്. പൊന്നാനിയിലെ പ്രസിദ്ധമായ തൃക്കാവ് ഭഗവതി ക്ഷേത്രം, വൈരനല്ലൂര്‍ ക്ഷേത്രം, കണ്ടക്കുറുമ്പക്കാവ് ക്ഷേത്രം, ചമ്രവട്ടം അയ്യപ്പ ക്ഷേത്രം എന്നിവയെ കുറിച്ച് നടത്തിയ പഠനങ്ങള്‍ ക്ഷേത്രഭാരവാഹികളെപ്പോലും അമ്പരപ്പിച്ചിരുന്നു. 500 വര്‍ഷം മുന്‍പ് മുതല്‍ 50 വര്‍ഷങ്ങള്‍ക്കിപ്പുറം വരെയുള്ള പൊന്നാനിയുടെ ചരിത്രം വിശദമായി രേഖപ്പെടുത്തുന്ന 'പൊന്നാനി പൈതൃകവും നവോഥാനവും' എന്ന ഗ്രന്ഥം 624 പേജുകളുണ്ട്. 12 ഭാഗങ്ങളായി പൊന്നാനിയുടെ മുഴുവന്‍ ചരിത്ര വിശേഷങ്ങളും അതില്‍ പ്രതിപാദിക്കുന്നുണ്ട്. സാംസ്‌കാരിക ആസ്ഥാനം, മലബാറിലെ മക്ക, ദിശാബോധം നല്‍കിയ ദീപ സ്തംഭങ്ങള്‍, മുസ്‌ലിം നവോഥാനം, ക്ഷേത്രങ്ങള്‍, ആചാരങ്ങളും അനുഷ്ടാനങ്ങളും, പോരാട്ടങ്ങളും സമരങ്ങളും, മണ്ണടിയുന്ന തറവാട് സംസ്‌കാരം, അക്ഷരപ്പെരുമ, മുസ്‌ലിം സാംസ്‌കാരിക നായകരും പ്രതിഭകളും, വിദ്യാഭ്യാസ രാഷ്ട്രീയം എന്നീ തലക്കെട്ടുകളിലാണ് പുസ്തകം സംവിധാനിച്ചിട്ടുള്ളത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി എഴുതിയ മുസ്‌ലിം വിദ്യാഭ്യാസം അലിഫ് മുതല്‍ ഐ.എ.എസ് വരെ എന്ന ഗ്രന്ഥവും കൊണ്ടോട്ടി മോയിന്‍ കുട്ടിവൈദ്യര്‍ സ്മാരക സൗധത്തിനു വേണ്ടി എഴുതിയ പൊന്നാനിപ്പാട്ടുകള്‍ എന്ന ഗ്രന്ഥവും തലമുതിര്‍ന്ന ചരിത്രകാരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
ദേശചരിത്രവും മതമൈത്രിയും എന്ന പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍ പൊന്നാനിയെ കുറിച്ചുള്ള പല പുതിയ കണ്ടത്തലുകളും അവതരിപ്പിക്കുന്നുണ്ട്. മനുഷ്യരെ ഒന്നായിക്കാണുന്ന രീതിയാണ് പൊന്നാനിയുടെ പൊതുമണ്ഡലത്തില്‍ അന്നും ഇന്നുമെന്ന് മാഷ് പറയുന്നു. ഹിന്ദു -മുസ്‌ലിം സമുദായങ്ങള്‍ അങ്ങേയറ്റത്തെ മാതൃകാ ബന്ധമാണ് പൊന്നാനിയില്‍ നിലനിര്‍ത്തുന്നത്. 1921 ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു കലാപവും പൊന്നാനിയിലുണ്ടായിട്ടില്ല എന്നു മാത്രമല്ല, പ്രശ്‌നക്കാരെ തിരിച്ചയക്കുകകൂടി ചെയ്തു പൊന്നാനിക്കാരെന്ന് മാഷ് അഭിമാനത്തോടെ പറയുന്നു. തിരുവനന്തപുരം പ്രഭാത് ബുക്‌സാണ് ഗുരുവായൂര്‍ സത്യഗ്രഹം എന്ന ശീര്‍ഷകത്തില്‍ ഗ്രന്ഥമെഴുതാന്‍ മാസ്റ്ററോട് നിര്‍ദേശിച്ചിട്ടുള്ളത്. ചരിത്രമുറങ്ങുന്ന പൊന്നാനി, മലബാറിലെ മക്ക എന്നീ രണ്ട് പുസ്തകങ്ങളുടെ ഇംഗ്ലീഷ് മൊഴിമാറ്റം പുറത്തിറങ്ങാനിരിക്കുകയാണ്. വിവര്‍ത്തനം നിര്‍വഹിക്കുന്നത് ഒമാന്‍ എഡുക്കേഷനല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസറായ ആശിഖ് ആലുവായിയാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട മഊനത്തുല്‍ ഇസ്‌ലാം സഭയുടെ ചരിത്രം 150 ല്‍ പരം പേജുകളില്‍ കോര്‍ത്തിണക്കപ്പെട്ട ഗ്രന്ഥമാണ് മഊനത്തുല്‍ ഇസ്‌ലാം സഭ ചരിത്രം. ഇതിന് പുറമെ, വിവിധ ആനുകാലികങ്ങളിലായി അഞ്ഞൂറിലധികം ലേഖനങ്ങളും പഠനങ്ങളും ഇതിനകം പ്രസിദ്ധീകൃതമായിട്ടുണ്ട്.
ചരിത്രവഴികളില്‍ തളരാതെ
എഴുപത് വയസ്് പിന്നിട്ട അബ്ദുറു മാഷ് ചിരിത്രാന്വേഷണ വഴിയില്‍ ഇന്നും സജീവമാണ്. വാര്‍ധക്യ സഹജമായ പ്രയാസങ്ങളെ തെല്ലും വകവെക്കാതെ ചരിത്രാന്വേഷണത്തിനും എഴുത്തിനും സമയം കണ്ടെത്തുന്ന മാസ്റ്ററുടെ ജീവിതം വിദ്യാര്‍ഥി സമൂഹത്തിന് മാതൃകയാണ്. ചരിത്രത്താല്‍ സമ്പന്നമായ പൊന്നാനിയുടെ ചരിത്രം തേടിവരുന്ന വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും പത്രപ്രവര്‍ത്തകരുടെയും അത്താണിയും ആശ്രയവുമാണ് അദ്ദേഹം.
ഒരു മുഴുസമയ ചരിത്രാന്വേഷിയായ മാസ്റ്റര്‍ തന്റെ ബൗദ്ധിക കണ്ടത്തലുകളിലൂടെ തലമുറകള്‍ക്ക് സംസ്‌കാരിക ചരിത്ര ബോധം പകരുകയാണ്. ആയുസുള്ളിടത്തോളം കാലം ചരിത്രാന്വേഷണ പഠന മേഖലയില്‍ പ്രവര്‍ത്തിക്കാനാവണമെന്നാണ് മാസ്റ്ററുടെ പ്രാര്‍ഥന. പരിപൂര്‍ണ പിന്തുണയുമായി മക്കളായ സല്‍മ ജമീല, അബ്ദുല്‍ ഫത്താഹ്, ഷെമീല, ഫസീം, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ജസീല എന്നിവരും കൂടെയുണ്ട്. പേരക്കുട്ടി ഷാറൂഖ് ഇഖ്ബാലാണ് മാസ്റ്ററുടെ കൃതികള്‍ ഡി.ടി.പി ചെയ്ത് സഹായിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."