രണ്ട് സ്ത്രീകള്‍
ജെന്നിഫറുടെ സുഹൃത്തായാണ് ഞാന്‍ മിയയെ പരിചയപ്പെടുന്നത്.
ഒരു ദിവസം രാവിലെ നഗരത്തിലുള്ള എന്റെ വാടക വീട്ടിലേക്ക് ജെന്നിഫര്‍ മിയയേയും കൂട്ടി വരികയായിരുന്നു.
ഞാനപ്പോളൊരു പ്രണയ ഗാനം മൂളി എന്റെ കിടപ്പ് മുറിയില്‍ ഉലാത്തുകയായിരുന്നു.
സന്തോഷം തോന്നുമ്പോഴാകും ഞാനിങ്ങനെ പ്രണയഗാനങ്ങള്‍ മൂളുക.
അന്നെന്ത് സന്തോഷമാണ് ഉണ്ടായതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
അന്നേ ദിവസമാണ് ഭാര്യ ഞാനുമായി ജീവിക്കാനാവില്ലെന്നു പറഞ്ഞ് അവളുടെ വീട്ടിലേക്ക് പോയത്.
ഭാര്യ പോയ ശേഷമാണ് ജന്നിഫറും മിയയും വന്നത്. അതേതായാലും നന്നായി. അല്ലെങ്കില്‍ ഭാര്യയുടെ ഒരുപാട് ചോദ്യങ്ങളില്‍ കുരുങ്ങി അവര്‍ പിടഞ്ഞേനേ.
ചോദ്യം ചെയ്യുമ്പോള്‍ സന്ദര്‍ഭമോ ആരുടെ മുന്നില്‍ വച്ചാണെന്നോ ഒന്നും ഭാര്യ നോക്കില്ല.
ഇതേക്കുറിച്ച് പറഞ്ഞെത്ര കുറിയാണെന്നോ ഞങ്ങള്‍ കലഹിച്ചിട്ടുള്ളത്.
ഈ കലഹം ഭയന്ന് എന്നെ സൗഹൃദങ്ങളില്‍ നിന്ന് ഒഴിവാക്കിയവര്‍ പോലുമുണ്ട്.
'ഞാനിന്ന് നിനക്കൊരു സര്‍പ്രൈസുമായാണ് വന്നിരിക്കുന്നത്' എന്ന് ജെന്നിഫര്‍ പറയുമ്പോള്‍ അതെന്ത് സര്‍പ്രൈസാകുമെന്നായി ഞാന്‍....
'നീ പറയാറില്ലേ നിനക്ക് പുരുഷ സൗഹൃദങ്ങളേക്കാളിഷ്ടം പെണ്‍ സൗഹൃദങ്ങളാണെന്ന്'
'ഇത് മിയ, ഇനിയെന്ത് പ്രശ്‌നമുണ്ടായാലും നിനക്കത് ഇവളോട് ഷെയര്‍ ചെയ്യാം...'
ഞാനപ്പോള്‍ മിയയെ നോക്കി.
എന്റെ സ്ത്രീ സങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്തുന്നുണ്ട് മിയ.
അവള്‍ നഗരത്തിലെ പ്രശസ്തമായ ഒരാശുപത്രിയില്‍ നേഴ്‌സാണെന്നാണ് ജെന്നിഫര്‍ പറഞ്ഞത്.
ജെന്നിഫര്‍ പരിചയപ്പെടുത്തി പോയശേഷം മിയ എന്റെ വാടക വീട്ടിലേക്ക് വന്നിരുന്നത് തനിച്ചാണ്.
മിയയുടെ തനിച്ചുള്ള വരവ് എന്നെ ആഹ്ലാദിപ്പിച്ചെങ്കിലും അവളുടെ വരവ് ആരെങ്കിലും കാണുന്നുണ്ടാകുമോ എന്ന ഭയവും എനിക്കുണ്ടായിരുന്നു.
ഇതേക്കുറിച്ച് പറഞ്ഞാല്‍ പിന്നെ മിയ വന്നില്ലെങ്കിലോ...
ഈ ദിവസമൊക്കെ ഭാര്യ എന്നെ ഫോണില്‍ വിളിച്ച് ഇനി വരുന്നില്ലെന്ന് പറഞ്ഞ് കൊണ്ടിരുന്നു...
ഭാര്യ വന്നില്ലെങ്കിലും എനിക്ക് ഭാര്യയെക്കാള്‍ വിവേകവും സൗന്ദര്യവുമുള്ള മിയയെന്ന സുഹൃത്തുണ്ടല്ലോയെന്ന് ഞാനപ്പോഴൊക്കെ അഹങ്കരിച്ചു.
മിയ ആശുപത്രിയിലെ രാത്രി ജോലിയൊക്കെ കഴിഞ്ഞാണെന്റെ വീട്ടിലേക്ക് വരിക. അപ്പോളവളെ ചോരയും ചലവും മരുന്നുമൊക്കെ നാറുന്നുണ്ടാവും.
ഇങ്ങനെ വന്ന് കയറുമ്പോള്‍ ഒരു രാത്രിയിലെ ഉറക്കത്തെ ഒഴിവാക്കിയത് കൊണ്ട് ക്ഷീണിച്ച മുഖമാകും അവള്‍ക്ക്.
ഈ മുഖദര്‍ശനം നല്‍കുന്ന അതൃപ്തിയില്‍ ഞാനൊരു ദിവസം മിയയോട് പറഞ്ഞു.
'നീ ഇനി ആശുപത്രിയില്‍ നിന്ന് നേരിട്ടിങ്ങോട്ട് വരരുത്.'
അന്നാണ് മിയയില്‍ നിന്ന് ക്ഷോഭത്തിന്റെ ഭാഷ്യം ഞാനാദ്യമായി ശ്രവിക്കുന്നത്.
'നീ ഞങ്ങളുടെ ജോലിയെക്കുറിച്ചെന്താണ് ധരിച്ചിട്ടുള്ളത്?'
'മാലാഖമാരുടെ ജോലിയാ ഞങ്ങള്‍ ചെയ്യുന്നത്.'
ചോരയേയും ചലത്തേയും കുറിച്ചിങ്ങനെയൊരു അറുപ്പും വെറുപ്പും എന്നില്‍ സൃഷ്ടിച്ചതെന്റെ അമ്മയാണ്
എപ്പോഴും ശരീരം ശുദ്ധിയാക്കി വയ്ക്കുന്ന ഒരു സ്ത്രീയായിരുന്നു എന്റെ അമ്മ.
വേണ്ടപ്പെട്ടവര്‍ അവരെ ജല പിശാചെന്നാണ് വിളിച്ചിരുന്നത്.
അത്രയ്ക്ക് ജലക്രീഡ നടത്തുമായിരുന്നു അവര്‍. പാവം മരിച്ചുപോയി.
ഈ അറപ്പിനും വെറുപ്പിനുമൊക്കെയുള്ള ശിക്ഷയായിട്ടാകും ദൈവമെന്റെ ദേഹത്തെ മറ്റുള്ളവര്‍ക്ക് അറപ്പു തോന്നുംവിധം മൂന്ന് വട്ടം പഴുപ്പിച്ചത്.
അന്നു ഞാന്‍ അനുഭവിച്ച സങ്കടങ്ങള്‍. ആ സങ്കടങ്ങളില്‍ നനഞ്ഞ് നിന്നപ്പോഴൊക്കെ എനിക്ക് കൂട്ടായുണ്ടായിരുന്നത് ഇപ്പോളെന്നോട് പിണങ്ങിപ്പോയ ഭാര്യ മാത്രമാണ്.
കുറച്ച് ദിവസമായി മിയ വന്നിട്ട്.
മിയയുടെ അസാന്നിധ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
അവളുടെ ഫോണിലേക്ക് ഒരുപാട് കുറി വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.
ഞാനവള്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ തിരക്കി ചെന്നപ്പോള്‍ അവള്‍ ഡ്യൂട്ടിക്ക് വന്നിട്ട് ദിവസങ്ങളായെന്നും നിങ്ങളവളുടെ ആരാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ ചോദ്യം.
കുറച്ചു മുന്‍പ് കണ്ടപ്പോള്‍ ജെന്നിഫര്‍ പറഞ്ഞിരുന്നു. അവള്‍ക്കൊരു വിദേശ നിര്‍മാതാവ് തരപ്പെട്ടിട്ടുണ്ടെന്നും ഉടനൊരു സ്ത്രീപക്ഷ സിനിമ ചെയ്യുമെന്നും.
ജെന്നിഫര്‍ ഇങ്ങനെയാണ്. കുറച്ചുനാള്‍ ഒരു നിര്‍മാതാവിന്റെ പിന്നാലെ കൂടും. അയാളുപേക്ഷിക്കുമ്പോള്‍ മറ്റൊരാള്‍.
ജെന്നിഫര്‍ എങ്ങനെയായാലും എനിക്കെന്താ. ഞാനവളെ എന്റെ സ്‌നേഹത്തിന്റെ ആല്‍ബത്തിലൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലല്ലോ.
മിയ നീ എവിടെയാണ്?
നിന്നെ കണ്ടെത്തിയാല്‍ മാത്രമേ എനിക്കീ കഥ തുടരാനാകു...
ഈ കഥയുടെ ഈ പരവ്യസിയായ പൂര്‍ണതയ്ക്ക് വേണ്ടി നിനക്കൊരുകുറി
കൂടിയൊന്ന് ഈ കഥ എഴുതുന്നയാളുടെ മുന്നിലൊന്ന് പ്രത്യക്ഷപ്പെട്ടുടേ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."