തൂക്കം കുറയ്ക്കാതെ ഭാരം കുറയ്ക്കാനുള്ള വിദ്യ
ആയിരം രൂപയാണീ ഡ്രസിന്. നിങ്ങളായതുകൊണ്ട് അയ്യായിരത്തിനു തരാം..!''
കച്ചവടക്കാരന്റെ ഈ വാക്കു കേട്ടപ്പോള്‍ കസ്റ്റമര്‍ പറഞ്ഞു:
''അതു നീ നിന്റെ കെട്ട്യോള്‍ക്ക് കൊടുത്തേക്ക്..''
കുപിതനായി അയാള്‍ അവിടെനിന്ന് ഇറങ്ങിപ്പോന്നു. എന്നിട്ട് തൊട്ടടുത്ത കടയില്‍ കയറി. നോക്കുമ്പോള്‍ അവിടെയും അതേ ഡ്രസ് കിടക്കുന്നുണ്ട്. ആയിരം രൂപ തന്നെയാണ് അതിന്റെയും വില. പക്ഷേ, വിലയിട്ടിരിക്കുന്നത് പതിനായിരമാണ്. കച്ചവടക്കാരന്‍ അദ്ദേഹത്തോട് പറഞ്ഞു: ''കണ്ടില്ലേ, പതിനായിരമാണ് ഇതിന്റെ വില. നിങ്ങളായതുകൊണ്ട് രണ്ടായിരം രൂപ കുറച്ചുതരാം..''
അതു കേട്ടപ്പോള്‍ അയാള്‍ക്കു വല്ലാത്ത സന്തോഷമായി... പിന്നെ മറ്റൊന്നും ആലോചിച്ചില്ല. കച്ചവടക്കാരനു നന്ദിയര്‍പ്പിച്ചുകൊണ്ടു പറഞ്ഞു: ''വില കുറച്ചുതന്നതിനു നന്ദി.. ഞാനിനി ഇവിടെനിന്നേ ഡ്രസ് എടുക്കുകയുള്ളൂ.. നിങ്ങളിതു പാക്ക് ചെയ്‌തോളൂ..''
ഒരേ വസ്തു.. ഒരിടത്തുനിന്ന് അയ്യായിരത്തിനു തരാം എന്നു പറഞ്ഞപ്പോള്‍ വേണ്ടെന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു. മറ്റൊരിടത്തുനിന്ന് എണ്ണായിരത്തിനു തരാം എന്നു പറഞ്ഞപ്പോള്‍ സന്തോഷത്തോടെ വാങ്ങി....! ഇതാണ് മനസിനെ മെരുക്കിയെടുക്കുന്ന തന്ത്രം.. മെരുങ്ങിക്കിട്ടിയാല്‍ ഭാരമായിരുന്നതെല്ലാം ഭാരമല്ലാതായിത്തീരും. വലിയതെല്ലാം ചെറുതായി തോന്നും. പ്രയാസങ്ങള്‍ ആയാസങ്ങളായി അനുഭവപ്പെടും.
ചരക്കുക്കള്‍ക്ക് അമിതവിലയിട്ട് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്ന കച്ചവടക്കാരെ കണ്ടിട്ടില്ലേ.. അവരിലേക്ക് ഉപഭോക്താക്കളുടെ തള്ളിക്കയറ്റം കാണാം. ഓഫറുകളില്ലാതെ യഥാര്‍ഥ വിലയില്‍ വസ്തുക്കള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് അതുകണ്ട് അസൂയപ്പെടാനേ സാധിക്കാറുള്ളൂ.. ഇപ്പറഞ്ഞതിനര്‍ഥം ജനങ്ങളെ കബളിപ്പിക്കണമെന്നോ ചതിക്കണമെന്നോ അല്ല, മെരുക്കിയെടുക്കല്‍ തന്ത്രത്തിന് ഭാരങ്ങള്‍ ലഘൂകരിക്കാന്‍ കഴിവുണ്ടെന്നു സമര്‍ഥിക്കുക മാത്രമാണ്.
ഓഫര്‍ പ്രഖ്യാപനങ്ങളില്‍ ഒരുതരം മെരുക്കിയെടുക്കല്‍ തന്ത്രമാണു കുടികൊള്ളുന്നത്. അതില്‍ കാഴ്ചകള്‍ മാറുന്നില്ല, കാഴ്ചപ്പാടുകളാണു മാറുന്നത്. കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കുന്നിടത്ത് കച്ചവടങ്ങള്‍ പൊടിപൊടിക്കും. അനുയായികള്‍ക്ക് വന്‍ പെരുപ്പമുണ്ടാകും. ജനപ്രീതി വാനോളമുയരും. അംഗീകരിക്കാനും ഉള്‍കൊള്ളാനും ആളുകളെ കിട്ടും.
പ്രധാനമന്ത്രി ഇന്ധന വില നൂറു രൂപയാക്കാന്‍ തീരുമാനിച്ചു. പക്ഷേ, അതെങ്ങനെ പ്രഖ്യാപിക്കുമെന്നതില്‍ വല്ലാത്ത ആശങ്ക. പ്രഖ്യാപിച്ചാല്‍ രാജ്യമാകെ പ്രതിഷേധമിരമ്പും എന്ന് അദ്ദേഹത്തിനറിയാം. അപ്പോഴാണ് തന്ത്രശാലിയായ ഒരു മന്ത്രി അദ്ദേഹത്തിന്റെ അരികിലേക്കു വരുന്നത്. അദ്ദേഹം പറഞ്ഞു: ''അക്കാര്യം എനിക്കു വിട്ടേക്കൂ. ഞാന്‍ ശരിയാക്കിത്തരാം.''
മന്ത്രി പ്രഖ്യാപിച്ചു: ''പെട്രോള്‍, ഡീസല്‍, പാചകവാതകം, ഭക്ഷ്യവസ്തുക്കള്‍ ഇവയുടെ നികുതി അന്‍പതു ശതമാനം വര്‍ധിപ്പിക്കാന്‍ പോവുകയാണ്..!''
അതു കേള്‍ക്കേണ്ട താമസം, ജനങ്ങള്‍ കക്ഷിഭേദം മറന്ന് നടുറോഡിലിറങ്ങി. പ്രതിഷേധസമരങ്ങളും സംഹാരപ്രവര്‍ത്തനങ്ങളും നടത്തി.
പ്രധാനമന്ത്രി മന്ത്രിയോട് കുപിതനായി: ''നീ എന്തു വിഡ്ഢിത്തമാണീ കാട്ടിയിരിക്കുന്നത്. ഇന്ധനത്തിന്റെ വിലതന്നെ എങ്ങനെ പ്രഖ്യാപിക്കുമെന്നറിയാതെ കുഴങ്ങുമ്പോഴാണോ നീ മറ്റു വസ്തുക്കളുടെയും വിലവര്‍ധനവ് പ്രഖ്യാപിക്കുന്നത്..?''
മന്ത്രി പറഞ്ഞു: ''അങ്ങ് ക്ഷമ കാണിക്കൂ.. ഒരാഴ്ച കൊണ്ട് കാര്യങ്ങളെല്ലാം ശരിയാകും..''
ഒരാഴ്ച കഴിഞ്ഞു. മറ്റൊരു പ്രഖ്യാപനവുമായി മന്ത്രി വീണ്ടും രംഗത്തെത്തി. അദ്ദേഹം പറഞ്ഞു: ''കഴിഞ്ഞ ആഴ്ച നടത്തിയ പ്രഖ്യാപനം പ്രധാനമന്ത്രിയുടെതായിരുന്നില്ല. എന്റെ വ്യക്തിപരമായ തീരുമാനം മാത്രമായിരുന്നു. അതിലിടപെട്ട നമ്മുടെ പ്രധാനമന്ത്രി ഇപ്പോള്‍ ആ തീരുമാനം റദ്ദ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനം വരാനിരിക്കുന്നേയുള്ളൂ..''
ജനങ്ങള്‍ ഒന്നടങ്ങി. പ്രധാനമന്ത്രി തങ്ങള്‍ക്കനുകൂലമായി പ്രതികരിക്കുമെന്ന പ്രതീക്ഷയില്‍ എല്ലാ ജനങ്ങളും ഒത്തു. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആ ദിനം വന്നു. മന്ത്രി പറഞ്ഞുതന്ന തന്ത്രവുമായി പ്രധാനമന്ത്രി രംഗത്തെത്തി. അദ്ദേഹം പ്രഖ്യാപിച്ചു: ''മന്ത്രിയുടെ തീരുമാനത്തെ ഞാന്‍ ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുകയാണ്.. പാചകവാതകത്തിനും ഭക്ഷ്യധാന്യങ്ങള്‍ക്കുമൊന്നും വിലകൂടില്ല. അവയ്‌ക്കെല്ലാം പഴയ വില തന്നെ. വില കൂടുക ഇന്ധനത്തിനു മാത്രമായിരിക്കും. അതും അന്‍പതു ശതമാനമൊന്നും നികുതിവര്‍ധനവുണ്ടാവില്ല. അന്‍പതു ശതമാനമെന്നത് ഇരുപതു ശതമാനമാക്കി ഞാന്‍ ചുരുക്കുകയാണ്...!''
പ്രഖ്യാപനം കേട്ട ജനം കരഘോഷം മുഴക്കി. ജനപക്ഷത്തുനില്‍ക്കുന്ന ഭരണാധികാരിയെയാണ് തങ്ങള്‍ക്കു ലഭിച്ചതെന്നു പറഞ്ഞ് അവര്‍ നാടാകെ പ്രചാരണങ്ങള്‍ തുടങ്ങി. ജനപ്രീതി പൂര്‍വാധികം വര്‍ധിക്കുകയും ചെയ്തു..!
കാഴ്ചകള്‍ മാറ്റുന്നതിനപ്പുറം കാഴ്ചപ്പാടുകള്‍ മാറ്റുന്നിടത്താണ് വിജയമിരിക്കുന്നത്. അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും പ്രയാസമുള്ള കാര്യങ്ങളെ ആ രീതിയില്‍ അവതരിപ്പിക്കുന്നതിനു പകരം നിസാരസംഭവമാക്കി അവതരിപ്പിച്ചുകൊടുക്കുക; ആരെയും കൂടെ നിര്‍ത്താനാകും. നൂറു രൂപയാക്കി വര്‍ധിപ്പിച്ചു എന്നു പറയുന്നതും നൂറുരൂപയാക്കി കുറച്ചു എന്നു പറയുന്നതും തത്വത്തില്‍ ഒന്നുതന്നെ. പറഞ്ഞിട്ടു കാര്യമില്ല, രണ്ടിനും വ്യത്യസ്ത പ്രതികരണങ്ങളാണുണ്ടാവുക. ഭാരം കൂട്ടിയാലും ഭാരം കൂട്ടിയെന്നല്ല, ഭാരം കുറഞ്ഞു കിട്ടിയെന്നാണ് മറ്റുള്ളവര്‍ക്കു തോന്നേണ്ടത്. വില വര്‍ധിപ്പിച്ചാലും വില കുറഞ്ഞുകിട്ടിയെന്നു തോന്നണം. അതിനായി കളവ്, ചതി, വഞ്ചന ഇത്യാദി ദുര്‍ഗുണങ്ങളെ കൂട്ടുപിടിക്കാതിരിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."