ഉത്തരാഖണ്ഡ് മണ്ണിടിച്ചില്‍: ആളപായമില്ലെന്ന് പൊലിസ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലില്‍ ആളപായമുണ്ടായിട്ടില്ലെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഋഷികേഷ്-ബദരീനാഥ് ദേശീയ പാത പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഹാതിപര്‍വതത്തില്‍ നിന്ന് മണ്ണും കല്ലുകളും ഇടിഞ്ഞുവീഴുന്നത് കണ്ടതോടെ ഒരു പൊലിസ് കോണ്‍സ്റ്റബിള്‍ നല്‍കിയ മുന്നറിയിപ്പാണ് ആളപായം ഒഴിവാക്കാനായതെന്ന് ഉത്തരാഖണ്ഡ് പൊലിസ് മേധാവി പറഞ്ഞു. തുടര്‍ച്ചയായി കല്ലുകള്‍ താഴേക്ക് പതിക്കുന്നതുകണ്ടതോടെയാണ് കോണ്‍സ്റ്റബിള്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതേതുടര്‍ന്ന് അടിയന്തരമായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കല്ലും മണ്ണും ഇടിഞ്ഞുവീണ് ദേശീയ പാത 60 മീറ്ററോളം തകര്‍ന്നിട്ടുണ്ട്.
മുന്നറിയിപ്പിനെത്തുടര്‍ന്ന് ബദരീനാഥ് ക്ഷേത്ര ദര്‍ശനത്തിനായി പോവുകയായിരുന്ന തീര്‍ഥാടകരെ പൊലിസ് തടഞ്ഞിരുന്നു. വര്‍ഷം തോറുമുള്ള തീര്‍ഥ യാത്രക്കായി ആയിരക്കണക്കിന് ആളുകളാണ് ഇതുവഴി ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനേത്രി എന്നിവിടങ്ങളിലേക്ക് പോകാറുള്ളത്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുന്ന നടപടികള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."