തെരഞ്ഞെടുപ്പ്: ടി.ഡി.പിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി വെങ്കയ്യ നായിഡു
വിജയവാഡ: തെലുങ്കുദേശം പാര്‍ട്ടിയുമായി യോജിച്ച് അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വിജയവാഡയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എയില്‍ ഘടക കക്ഷിയാണ്. ഇരുപാര്‍ട്ടികളും നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. ആന്ധ്രാ പ്രദേശില്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്കുവേണ്ടി തെലുങ്കുദേശം പാര്‍ട്ടിയെ കൂട്ടുപിടിക്കുകയല്ലേയെന്ന ചോദ്യത്തിന് ഓരോ പാര്‍ട്ടിക്കും അവരവരുടേതായ പ്രവര്‍ത്തന ശൈലിയുണ്ട്.
ഒരു പാര്‍ട്ടിയെ കൂട്ടുപിടിച്ച് മറ്റൊരു പാര്‍ട്ടിയെ വളര്‍ത്തുകയെന്നത് അപ്രായോഗികമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ബി.ജെ.പിക്ക് കാര്യമായ വളര്‍ച്ചയില്ല. ഇത്തരമൊരവസ്ഥയിലാണ് പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ ഭരണത്തിലേറാനുള്ള കുറുക്കുവഴി ബി.ജെ.പി തേടുന്നതെന്ന വിമര്‍ശനം ശക്തമാണ്.
ബി.ജെ.പിക്കെതിരേ മഹാസഖ്യം രൂപീകരിക്കുകയെന്നത് സാധ്യമല്ല. കാരണം സഖ്യത്തിലുള്ള പാര്‍ട്ടികളെല്ലാം വലിയതോതില്‍ വൈരുദ്ധ്യങ്ങളുള്ള പാര്‍ട്ടികളാണ്. ഇത്തരക്കാര്‍ക്ക് എങ്ങനെ കൂട്ടുചേരാനാകുമെന്ന് വെങ്കയ്യ നായിഡു ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് വൈ.എസ് ജഗ്മോഹന് റെഡ്ഡി കൂടിക്കാഴ്ച നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."