വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മതേതര മുഖം നഷ്ടമാകുന്നു
പാലക്കാട്: ദലിത്, മുസ്‌ലിം ഐക്യമെന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് എട്ടുവര്‍ഷം മുന്‍പ് ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ദലിത് നേതാക്കള്‍ കൂട്ടത്തോടെ പുറത്തുപോകുന്നത് പാര്‍ട്ടിയുടെ മതേതരമുഖം നഷ്ടമാക്കുന്നു.
പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് കടുത്ത ദലിത് വിരുദ്ധതയാണെന്ന് ആക്ഷേപിച്ചാണ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്. പാലക്കാട് ജില്ലയില്‍ നിന്ന് 10 ദലിത് നേതാക്കള്‍ രാജിവച്ചതിനുപിന്നാലെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റും വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ എക്‌സിക്യൂട്ടൂവ് അംഗവുമായ പ്രദീപ് നെന്മാറയും പാര്‍ട്ടി വിട്ടതോടെ വെല്‍ഫെയര്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
സംസ്ഥാനതലത്തിലുള്ള കൂടുതല്‍ ദലിത് നേതാക്കള്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നാണ് രാജിവച്ചവര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ദലിത്‌വിരുദ്ധത പാര്‍ട്ടിയില്‍ ശക്തിപ്രാപിച്ചുവരികയാണെന്നും ഇതിനെ ചോദ്യംചെയ്യുന്നവരെയെല്ലാം പുറത്താക്കുന്ന സമീപനമാണ് നേതൃത്വം കൈക്കൊള്ളുന്നതെന്നുമാണ് രാജിവച്ചവരുടെ ആക്ഷേപം.
സ്വത്വ രാഷ്ട്രീയത്തിനുവേണ്ടി വാദിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി, അതിനകത്തുള്ള ദലിതരെ സ്വത്വരാഷ്ട്രീയം പറയാന്‍ അനുവദിക്കുന്നില്ലെന്നാണ് പ്രദീപ് നെന്മാറ തന്റെ രാജിക്ക് കാരണമായി പറയുന്നത്. സാമ്പത്തിക ഇടപാട് ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം സജി പന്തളത്തെയും സുരേന്ദ്രന്‍ കരിങ്കുഴിയെയും ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സജിയെയും സുരേന്ദ്രനെയും സസ്‌പെന്‍ഡ് ചെയ്തതിനെതിരേ വെല്‍ഫെയര്‍ പാര്‍ട്ടിക്കുള്ളിലെ ഇരുപതോളം വരുന്ന ദലിത് നേതാക്കള്‍ പ്രദീപ് നെന്മാറയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന് കത്തുനല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അനുകൂലനിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട്, ഫ്രറ്റേണിറ്റി പാലക്കാട് ജില്ലാ പ്രസിഡന്റ് പി.ഡി രാജേഷ്, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി രഞ്ചിന്‍ കൃഷ്ണ എന്നിവരടക്കം പത്തോളംപേര്‍ രാജിവച്ചു. ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചതിനുപിന്നാലെയായിരുന്നു രാജി. പാലക്കാട് ജില്ലയില്‍ നിന്ന് പഞ്ചായത്തുതലം മുതല്‍ ജില്ലാതലം വരെയുള്ള 10 ദലിത് നേതാക്കളാണ് രാജിവച്ചത്.
രോഹിത് വെമുലയുടെ രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചും പാര്‍ട്ടി പറയുമ്പോള്‍ രോഹിത് വെമുലയുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ സ്വത്വത്തെക്കുറിച്ചോ സാമൂഹ്യനീതിയെക്കുറിച്ചോ സംസാരിക്കാന്‍ സാധിക്കുന്നില്ലെന്ന് രാജിവച്ചവര്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയില്‍ സ്വഭാവികമായ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഈ വിഷയത്തില്‍ പ്രതികരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടി എ. അംബുജാക്ഷനും പറയുന്നത്. ജനാധിപത്യപരമായ രീതിയില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."