കാളാവ് സൈതലവി മുസ്ലിയാര് വിശ്രമമറിയാത്ത കര്‍മയോഗി
മലപ്പുറം: പ്രവാസി ലോകത്തും നാട്ടിലും സമസ്തയുടെ സംഘാടന രംഗത്ത് ശ്രദ്ധേയ സംഭാവനയര്‍പ്പിച്ച കാളാവ് സൈതലവി സൈതലവി മുസ്ലിയാര് യാത്രയായി. അബൂദാബിയിലെ സുന്നീ സംഘാടനത്തിന്റെ മുന്‍നിരയിലും നാട്ടില്‍ നിരവധി ദീനീ സംരഭങ്ങളുടെ. നേതൃനിരയിലും വിശ്രമരഹിതമായി സേവനം ചെയ്താണ് കാളാവ് കണ്മറയുന്നത്. ഒരാഴ്ചയായി അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കുന്നത് വരേ കര്‍മ്മനൈരന്തര്യം തീര്‍ത്ത സേവനസാനിധ്യമായി സൈതലവി മുസ്ലിയാര് നിറഞ്ഞു നിന്നു.
നാട്ടിലെ മതപഠനത്തിനു ശേഷം നിരവധി സ്ഥലങ്ങളില്‍ മതപഠനം നേടിയ ഇദ്ദേഹം കര്‍ണാടക കൊടുക്, ഉദുക്കേരി, തൃശൂര്‍ വടക്കേപൂന്നിയൂര് എന്നിവിടങ്ങളില്‍ ഖത്വീബ്, മസ്ജിദ് ഇമാം, മതാധ്യാപകന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1976 ല്‍ ദേരാ ദുബൈ മസ്ജിദ് ചീഫ്ഇമാം, 1978 മുതല്‍ അബൂദാബി സൈനിക മന്ത്രാലയം മസ്ജിദ് ചീഫ്ഇമാം, 1992 മുതല്‍ 2008 വരെ അബൂദാബി ഔഖാഫ് മസ്ജിദ് ഇമാം എന്നീ നിലകളില്‍ സേവനം ചെയ്തു. നാട്ടിലും വിദേശത്തുമായി നിരവധി മതസ്ഥാപനങ്ങളുടേയും സംഘടനകളുടേയും നേതൃത്വ പദവി വഹിക്കുന്നു. അബൂദാബി സുന്നീ സ്റ്റുഡന്‍സ് സെന്ററിന്റെ സ്ഥാപനത്തില്‍ മുന്നില്‍ നിന്ന അദ്ദേഹം ദീര്‍ഘകാലമായി അതിന്റെ പ്രസിഡന്റ് പദവി വഹിച്ചു. മലയാളി ഇസ്ലാമിക പ്രബോധകരുടേയും നാട്ടിലെ ദീനീ സ്ഥാപനങ്ങളുടെ സംഘാടകരുടെയും ഓഫിസ് പോലെ രാവും പകലും പ്രവര്‍ത്തിച്ചിരുന്നു നാദി സിയായിലെ ഇമാമിന്റെ വസതി. കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ സ്ഥാപിക്കുന്നതില്‍ അദൂദാബിയില് മുന്‍പന്തിയില്‍ നിന്നും പ്രയത്നിച്ചു. എസ്.കെ.എസ്.എസ്.എഫിനു ആസ്ഥാനമെന്ന സ്വപ്നസാക്ഷാല്കാരത്തിനു വിശ്രമമറിയാതെ സേവനം ചെയ്തു സൈതലവി മുസ്ലിയാര്.
സൗമ്യമായ പെരുമാറ്റവും ഉദാരമനസ്കതയും നിസ്വാര്‍ഥ സേവനം അദ്ദേഹത്തെ ആകര്ഷിപ്പിച്ചു. ജനകീയ സംഘാടകനായി നാട്ടില്‍ മങ്കട മണ്ഡലം എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയായും ജില്ലാ ഉപാധ്യക്ഷനായും അദ്ദേഹം സേവനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചും പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയും മുഴുസമയ സംഘാടകനായി സൈതലവി മുസ്ലിയാര് നാട്ടിലും മറുനാട്ടിലും ഊര്‍ജ്ജസ്വലനായി. സാദാത്തുക്കളുമായും സമസ്തയുടെ തേൃനിരയിലെ മഹാപണ്ഡിതന്മാരുമായും അഗാധ ബന്ധം പുലര്‍ത്തിയ വിനയാന്വിത ജീവിതത്തിനുടമയാണ് വിടവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."