വനിതാ ബറ്റാലിയന്‍ യാഥാര്‍ത്ഥ്യമാകുന്നു: നിയമന ശുപാര്‍ശ ലഭിച്ചവര്‍ക്ക് മെഡിക്കല്‍ പരിശോധന 25 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി രൂപീകരിക്കുന്ന വനിതാ ബറ്റാലിയന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. സംസ്ഥാന പൊലിസ് സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് വനിതാ പൊലിസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവില്‍ കേരള പൊലിസില്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കേവലം 6.4 ശതമാനം മാത്രമാണ്. വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വനിതാ പോലീസ് ബറ്റാലിയന്‍ രൂപീകൃതമാകുന്നത്.
തിരുവനന്തപുരത്താണ് നിര്‍ദിഷ്ട വനിതാ പൊലിസ് ബറ്റാലിയന്റെ ആസ്ഥാനം. എസ്.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥ ആര്‍.നിശാന്തിനിയെ പുതിയ ബറ്റാലിയന്റെ കമാണ്ടന്റായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്ത് താല്ക്കാലിക ഓഫീസും ആരംഭിച്ചിട്ടുണ്ട്. കമാണ്ടന്റിന്റെ നേതൃത്വത്തില്‍ 20 വനിതാ ഹവീല്‍ദാര്‍മാര്‍, 380 വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു ആര്‍മര്‍ എസ്.ഐ, 10 ടെക്‌നിക്കല്‍ സ്റ്റാഫ് എന്നിവരും പ്രവര്‍ത്തിക്കും. ഇതിനുപുറമെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട്, ക്യാഷ്യര്‍/സ്റ്റോര്‍ അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിലായി ഓരോരുത്തര്‍ വീതവും, എട്ട് ക്ലര്‍ക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ്, 20 ക്യാമ്പ് ഫോളോവര്‍മാര്‍ എന്നിവരും ഈ ബറ്റാലിയനില്‍ ഉണ്ടാകും. ഇതിനായുള്ള 451 തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു കഴിഞ്ഞു.
ബറ്റാലിയനിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 380 വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളില്‍ 330 പേര്‍ക്ക് നിലവിലുള്ള ഏഴ് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമന ശുപാര്‍ശ നല്‍കി. ഇവര്‍ക്കുള്ള പരിശീലനം മെഡിക്കല്‍ പരിശോധന, പൊലിസ് വെരിഫിക്കേഷന്‍ എന്നിവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആരംഭിക്കും. ഒന്‍പതുമാസത്തെ പരിശീലനമാണ് ഇവര്‍ക്കു നല്‍കുക. ഇതില്‍ 30 വനിതാ പൊലിസുകാര്‍ക്ക് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ മാതൃകയില്‍ ട്രെയിനിങ് നല്‍കി കമാന്‍ഡോ പ്ലറ്റൂണ്‍ രൂപീകരിക്കും. ഈ കമാന്‍ഡോ യൂണിറ്റ് നഗരഗ്രാമപ്രദേശങ്ങളില്‍ ഒരുപോലെ പ്രവര്‍ത്തിക്കും. പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ പിങ്ക് ബീറ്റ്, പിങ്ക് പട്രോള്‍ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."