ഹജ്ജ്: പ്രളയത്തിനിടയിലും സൗകര്യമൊരുക്കിയ കേരളത്തെ പ്രശംസിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കേരള ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രളയക്കെടുതികള്‍ക്കിടയിലും തീര്‍ഥാടകര്‍ക്കു സൗകര്യമൊരുക്കിയ നടപടികള്‍ പ്രശംസനീയമാണെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി. കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റായ കൊച്ചി വിമാനത്താവളത്തില്‍ വെള്ളം കയറിയെങ്കിലും തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധത്തില്‍ തിരുവനന്തപുരത്ത് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. കേരളത്തിലെ വളന്റിയര്‍മാര്‍ക്ക് നല്‍കുന്നതുപോലുള്ള പരിശീലനം മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും നല്‍കേണ്ടതുണ്ടെന്നും ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം വിലയിരുത്താനായി ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന വിധത്തില്‍ തീരുമാനങ്ങളെടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളതെന്ന് യോഗത്തില്‍ സംസാരിച്ച കേരളത്തില്‍ നിന്നുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആരോപിച്ചു. തീര്‍ഥാടകര്‍ക്ക് മിനായില്‍ താമസ, ഭക്ഷണ കാര്യങ്ങളിലുള്ള അസൗകര്യങ്ങളും യോഗത്തില്‍ ബഷീര്‍ ചൂണ്ടിക്കാട്ടി. ഹജ്ജ് സീസണ്‍ മഴക്കാലത്ത് വരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഷെഡ്യൂള്‍ ആദ്യഘട്ടത്തിലേക്കു മാറ്റി മഴ തുടങ്ങും മുന്‍പ് തന്നെ യാത്ര പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."