കശ്മിരില്‍ ഭീകര സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയിലെന്ന് രഹസ്യാന്വേഷണ വിഭാഗം
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ ഭീകരവാദ സംഘടനകള്‍ തമ്മില്‍ കുടിപ്പക വളര്‍ന്നതോടെ പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് മാറുന്നതായി രഹസ്യാന്വേഷണ വിഭാഗം. സംസ്ഥാനത്തെ അസ്ഥിരമാക്കാനായി പ്രവര്‍ത്തിക്കുന്ന പ്രധാന ഭീകരവാദ സംഘടനകളാണ് ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കറെ ത്വയ്ബ, അല്‍ ഖാഇദ കശ്മീര്‍, ഐ.എസ് തുടങ്ങിയവ. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പരോക്ഷമായ പിന്തുണയോടെയാണ് ഈ ഭീകരവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.
കശ്മിരിലെ പലയിടങ്ങളിലും ഭീകരര്‍ ഒളിച്ചിരിക്കുന്നതും ആക്രമണത്തിന് പദ്ധതിയിടുന്നതും സൈന്യത്തിന് ചോര്‍ന്ന് കിട്ടുന്നത് ഭീകര സംഘടനകള്‍ വഴിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംഘടനകള്‍ തമ്മിലുള്ള കുടിപ്പകയാണ് ഭീകരരെ സംബന്ധിച്ച വിവരം സൈന്യത്തിന് ലഭിക്കാന്‍ കാരണം.
മറ്റ് ഭീകര സംഘടനകളെക്കുറിച്ച് വലിയതോതില്‍ വിവരങ്ങള്‍ സൈന്യത്തിന് കൈമാറുന്നത് ഹിസ്ബുല്‍ മുജാഹിദീന്‍ ആണെന്ന് പറയപ്പെടുന്നു. ഭീകര സംഘടനകളെക്കുറിച്ച് വിവരം കൈമാറുന്നതിന് പുറമെ കശ്മിരിലെ വിഘടനവാദി നേതാക്കളെയും പാക് ചാരസംഘടനയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും ഹിസ്ബുല്‍ മുജാഹിദീന്‍ ആണെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇത്തരത്തിലുള്ള ഒറ്റുകൊടുക്കലുകള്‍ ഭീകര സംഘടനകള്‍ തമ്മിലുള്ള പരസ്പരം അക്രമങ്ങള്‍ക്ക് കാരണമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദിനെതിരായ നീക്കം ശക്തമായതോടെ വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് ഈ സംഘടനക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ അല്‍ഖാഇദയും ഐ.എസും ചുവടുറപ്പിച്ചാല്‍ ഹിസ്ബുലിന്റെ സാധ്യതക്ക് മങ്ങലേല്‍ക്കുമെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് അവര്‍ ഒറ്റുകൊടുക്കുന്നതിലേക്ക് മാറിയതെന്നാണ് വിവരം
.
കശ്മിരില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഹിസ്ബുല്‍ മുജാഹിദീന്‍. തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധം പ്രാദേശികമായി യുവാക്കളെ മറ്റ് ഭീകര സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നതാണ് ഹിസ്ബുലിനെ പ്രകോപിപ്പിക്കുന്നത്. ഐ.എസിന്റെ കശ്മിര്‍ ഘടകം, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകളുമായും ഹിസ്ബുല്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതായാലും കശ്മിരില്‍ മേധാവിത്വത്തിനായി ഭീകര സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടുന്നത് സജീവമായിരിക്കുകയാണ്. ഇതിനിടയില്‍ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ ഭീകര സംഘടനകളില്‍ പല പ്രമുഖരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."