അപകട ഭീതിയില്‍ ഒരു കുടുംബം
ഗൂഡല്ലൂര്‍: ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നതോടെ വീട് അപകട ഭീഷണിയില്‍. നെല്ലാക്കോട്ട പഞ്ചായത്തിലെ ഒന്‍പതാം മൈല്‍ സ്വദേശി സി.കെ ബാവയുടെ വീടാണ് അപകട ഭീഷണിയിലായത്.
ഗൂഡല്ലൂര്‍-സുല്‍ത്താന്‍ ബത്തേരി ദേശീയപാതയിലെ വീടിന് മുന്‍വശത്ത് സ്വന്തമായി നിര്‍മിച്ച സംരക്ഷണ ഭിത്തി കഴിഞ്ഞ വര്‍ഷത്തെ ശക്തമായ മഴയിലാണ് പൂര്‍ണമായും തകര്‍ന്നത്.
തുടര്‍ന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ഹൈവേ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി മതില് പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഹൈവെ വകുപ്പ് ഇടിഞ്ഞ ഭാഗത്ത് മണ്ണ് നിറച്ച കുറച്ച് ചാക്കുകള്‍ അടുക്കി വെക്കുക മാത്രമാണ് ചെയ്തതെന്നും ഇത് നിലവില്‍ ദ്രവിച്ചിരിക്കുകയാണെന്നും സി.കെ ബാവ പറഞ്ഞു.
ഒരു വര്‍ഷമായിട്ടും മതില് നിര്‍മിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴക്കാലം ആരംഭിക്കാറായതോടെ ഭീതിയിലാണ് ഈ കുടുംബം. അടിയന്തരമായി സംരക്ഷണ ഭിത്തി നിര്‍മിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."