വോട്ട് വേണോ? തല ചായ്ക്കാന്‍ ഒരു ഇടം വേണം
മട്ടാഞ്ചേരി: നഗരം വളര്‍ന്നപ്പോള്‍ ദുരിതപൂര്‍ണമായി കൊച്ചിയിലെ ചേരികളിലെ സാധാരണ ജീവിതങ്ങള്‍. സിനിമാ കഥകളായും കഥാപാത്രങ്ങളായും ചേരികളിലെ ജീവിതത്തിന്റെ ദുരിതകാഴ്ചകള്‍ നമ്മുക്ക് മുന്‍പിലെത്തി. പിന്നെ എല്ലാവരും മറന്നു. എന്നാല്‍ ചേരികള്‍ മാറിയില്ല. ജീവിതവും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂട് കനക്കുമ്പോള്‍ പശ്ചിമകൊച്ചിയിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമായി ചേരികളിലെ ഉള്‍പ്പെടെയുള്ള പാര്‍പ്പിട പ്രശ്‌നം മാറുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഭൂമി-ഭവന രഹിതരുള്ള കൊച്ചിയില്‍ പാര്‍പ്പിട പ്രശ്‌നം പതിറ്റാണ്ടുകളായി പരിഹാരമില്ലാതെ തുടരുകയാണ്. ചേരി പ്രദേശങ്ങളില്‍ കഴിയുന്ന ഭൂരിഭാഗം ജനങ്ങളും പാര്‍പ്പിടമില്ലാത്തതിന്റെ പേരില്‍ ദുരിതമനുഭവിക്കുകയാണ്. ഇവരില്‍ വലിയൊരു വിഭാഗം തലചായ്ക്കാന്‍ തെല്ലിടത്തിനായി വലിയ വാടക നല്‍കി താമസിക്കുന്നു. കനത്ത വാടക ഇവരുടെ ജീവിതതാളം തന്നെ തെറ്റിക്കുന്ന അവസ്ഥയാണ്. രാജീവ് ആവാസ് യോജ്‌ന പദ്ധതി പ്രകാരം കുറച്ചു പേര്‍ക്കായി നഗരസഭ ഭവന പദ്ധതി തയാറാക്കിയിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. എന്നാല്‍ അതിലും എത്രയോ ആയിരങ്ങള്‍ ഭവനരഹിതരായി വലയുകയാണ്. ലോക്ക് ഡൗണ്‍ കാലത്ത് വാടക നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവം കൊച്ചിയിലുണ്ടായി. ബന്ധു വീടുകളിലും മറ്റും അഭയം തേടുന്നവരും നിരവധിയാണ്. മാറി വരുന്ന ഭരണകൂടങ്ങള്‍ കൊച്ചിയിലെ പാര്‍പ്പിട പ്രശ്‌ന പരിഹാരത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
പതിനായിരത്തിലേറെ അപേക്ഷകളാണ് സീറോ ലാന്റ് ലെസ് പദ്ധതിയില്‍ കൊച്ചി താലൂക്കില്‍ നിന്ന് സമര്‍പിക്കപ്പെട്ടത്. എന്നാല്‍ ഈ പദ്ധതി പ്രകാരം ആര്‍ക്കും തന്നെ ഭൂമി ലഭിച്ചില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് നടത്തിയ ലൈഫ് പദ്ധതിയിലും പടിഞ്ഞാറന്‍ കൊച്ചിക്ക് സ്ഥാനം ലഭിച്ചില്ല.
അതുകൊണ്ട് തന്നെ ഇത്തവണ തെരഞ്ഞെടുപ്പില്‍ പാര്‍പ്പിട പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയ്യെടുക്കുന്നവര്‍ക്കേ വോട്ട് ചെയ്യൂവെന്ന തീരുമാനത്തിലാണ് കൊച്ചിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."