ഒരു പകല്‍കൂടി വിമതന്മാരെ മെരുക്കാനും അപരന്മാരെ ഒതുക്കാനും
കൊച്ചി: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിമതന്മാരെ വരുതിയിലാക്കാന്‍ നേതാക്കളും സ്ഥാനാര്‍ഥികളുമൊക്കെ നെട്ടോട്ടത്തില്‍. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുന്നത്. പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരുമുന്നണികളിലും വിമതന്മാര്‍ ഏറെ രംഗത്തെത്തിയിട്ടുണ്ട്. സിറ്റിങ് മെംബര്‍മാര്‍തന്നെ വിമതന്മാരായി പത്രിക നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മുന്‍മേയര്‍മാരും മുന്‍ നഗരസഭാ അധ്യക്ഷന്മാരുമൊക്കെ തന്നെ മുന്നണിയെയും പാര്‍ട്ടികളേയുമൊക്കെ ധിക്കരിച്ചു രംഗത്തെത്തിയിട്ടുമുണ്ട്. ഇവരില്‍ പലരും ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ മാത്രം ജനസ്വാധീനം ഉള്ളവരുമാണ്.
അതിനാല്‍ തന്നെ വിമത സ്ഥാനാര്‍ഥികളെ പരമാവധി രംഗത്തുനിന്ന് പിന്‍വലിക്കുന്നതിന് തിരക്കിട്ട ചര്‍ച്ചകളും നീക്കങ്ങളുമാണ് നടക്കുന്നത്. ഇന്നു മൂന്നു മണിക്കകം പത്രിക പിന്‍വലിക്കുന്നതിനായി ഉന്നത സ്വാധീനങ്ങളും നടക്കുന്നുണ്ട്.
അതേസമയം വിമതരായി പത്രിക നല്‍കിയതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു നാട്ടില്‍ നിന്നു മാറിനില്‍ക്കുന്നവരുമുണ്ട്. ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയുമൊക്കെ സഹായത്തോടെ ഇവരെ കണ്ടെത്തി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിക്കാനുള്ള നേട്ടോട്ടമാണ് ഇന്നലെ രാത്രി വൈകിയും നടന്നത്. അതിനിടെ വിജയസാധ്യതയുള്ള പല സ്ഥാനാര്‍ഥികള്‍ക്കും അപരന്മാരുടെ ഭീഷണിയുമുണ്ട്.
മുഖ്യസ്ഥാനാര്‍ഥികളുടെ അതേ പേരുള്ളവരെ കണ്ടെത്തിയാണ് എതിര്‍മുന്നണികള്‍ പത്രിക സമര്‍പിച്ചിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പലപ്പോഴും പത്തും ഇരുപതും വോട്ട് ഒക്കെയാണ് ഭൂരിപക്ഷം. അതിനാല്‍ തന്നെ അപരന്മാര്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ പിടിച്ചാല്‍ പോലും നിര്‍ണായകമായി മാറും. അപരന്മാരെയും കണ്ടെത്തി പത്രിക പിന്‍വലിപ്പിക്കുന്നതിനുള്ള സമ്മര്‍ദത്തിന്റെ പകല്‍ കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."