പാമ്പുകള്‍ക്ക് പുതുജന്മം നല്‍കി കൈപ്പുറം അബ്ബാസ്
ചങ്ങരംകുളം: സ്വന്തമായി നിര്‍മിച്ച ഇന്‍ക്യുബേറ്ററില്‍ 250 പാമ്പുകളെ വിരിയിച്ച് കൈപ്പുറം അബ്ബാസ്. 25 വര്‍ഷമായി പാമ്പ്പിടിത്ത മേഖലയില്‍ സജീവസാന്നിധ്യമാണ് കൈപ്പുറം അബ്ബാസ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഒരു ലക്ഷത്തിലേറെ പാമ്പുകളെ പിടികൂടി കാട്ടില്‍വിട്ടു. അബ്ബാസിന്റെ വീട്ടിലെ ചില്ലുപെട്ടിയില്‍ പുതുജന്മമേകിയ പാമ്പിന്‍കുഞ്ഞുങ്ങളുടെ എണ്ണം 250 കവിഞ്ഞു.
കഴിഞ്ഞ ദിവസം മുളയന്‍കാവില്‍ നിന്നു കിട്ടിയ മൂര്‍ഖന്‍ പാമ്പിന്റെ 33 മുട്ടകള്‍ കൂടിയായപ്പോള്‍ വീട്ടില്‍ അടയിരിക്കാനെത്തിയ മുട്ടകള്‍ പിന്നെയും വര്‍ധിച്ചു. 2009 ലായിരുന്നു ആദ്യ പരീക്ഷണം. കരിങ്ങനാട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ റോഡ് വെട്ടിത്തെളിക്കുന്നതിനിടെ കണ്ട മലമ്പാമ്പിന്റെ 40 മുട്ടകളും അബ്ബാസ് തന്റെ ചില്ലുപെട്ടിയില്‍ അടയിരുത്തി വിരിയിച്ചെടുത്തതായിരുന്നു അത്.
2010 ഫെബ്രുവരിയില്‍ യാത്രക്കിടെ കിട്ടിയ കുരുടിപ്പാമ്പിന്റെ അഞ്ചു മുട്ടകളെയാണ് അടയിരുത്തി വിരിയിച്ചത്. അഞ്ചെണ്ണത്തിനെയും സുരക്ഷിതമായി കാട്ടില്‍ വിട്ടു. 2012ല്‍ നീര്‍ക്കോലികള്‍ക്കും മണ്ണൂലിപ്പാമ്പുകള്‍ക്കുമായിരുന്നു പുതുജന്മം. നീര്‍ക്കോലിയുടെ 57 മുട്ടകള്‍ അടയിരുത്തി വിരിഞ്ഞ ശേഷം തോട്ടില്‍ വിട്ടു. പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടില്‍ നിന്നും കിട്ടിയ 12 മണ്ണൂലിപ്പാമ്പുകള്‍ പ്രസവിച്ചത് അബ്ബാസിന്റെ വീട്ടിലാണ്. ഇതു കൂടാതെ കഴിഞ്ഞ ദിവസം മാറഞ്ചേരിയില്‍ നിന്ന് ഉഗ്രവിഷമുള്ള മുര്‍ഖന്‍ പാമ്പുകളുടെ 15 മുട്ടയും ചങ്ങരംകുളം, എടപ്പാള്‍, വട്ടംകുളം എന്നിവിടങ്ങളില്‍ നിന്ന് മുപ്പതില്‍ പരം മറ്റു പാമ്പുകളുടെ മുട്ടകളും കിട്ടിയവ അടുത്ത ദിവസം തന്നെ വിരിയിക്കാന്‍ വെക്കും. വൈദ്യുതി വെളിച്ചത്തിന്റെ പ്രകാശത്തില്‍ രണ്ടു മാസത്തിനകം മുട്ടകള്‍ വിരിയും. തണുത്ത കാലാവസ്ഥയില്‍ സമയദൈര്‍ഘ്യം കൂടാമെന്ന് അബ്ബാസ് പറയുന്നു. വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം ഇതെല്ലാം ചെയ്യുന്നത് പ്രതിഫലം ഒന്നും ഇച്ഛിച്ചല്ല. ഈ കാലത്തിനിടയ്ക്ക് ഒരിക്കല്‍പോലും പാമ്പിന്റെ ദ്രോഹങ്ങളോ അപകടങ്ങളോ ഉണ്ടായില്ല. ഭാര്യ ജമീലയും ഡിഗ്രിക്കു പഠിക്കുന്ന മകള്‍ നസ്രീനയും വിഷചികിത്സയിലും മറ്റും സഹായിക്കുമെന്നും അബ്ബാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."