മനോനില തെറ്റിയ യുവാവിന്റെ പരാക്രമം; ഭയന്നുവിറച്ച് യാത്രക്കാര്‍
കൊണ്ടോട്ടി: പറന്നുയര്‍ന്ന വിമാനത്തില്‍ മനോനില തെറ്റിയ സഹയാത്രികന്റെ ആക്രമണത്തിലും നാടകീയ രംഗങ്ങളിലും മൂകസാക്ഷികളായ യാത്രക്കാര്‍ കരിപ്പൂരില്‍ വന്നിറങ്ങിയതും ആശങ്കയും അമ്പരപ്പും മാറാതെ. ദുബൈയില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് യുവാവ് ആക്രമസക്തനായതെന്നു സഹയാത്രികനായ തലശേരി സ്വദേശി ഷാനവാസ് പറഞ്ഞു.
തന്റെ പിറകിലെ വിമാന സീറ്റിലായിരുന്നു അയാള്‍ ഇരുന്നത്. ഉറക്കത്തിനിടെ പെട്ടെന്നു ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ മനോവിഭ്രാന്തിയില്‍ ഒരാള്‍ വിമാനത്തില്‍ നടക്കുന്നു. ഇയാളോട് ഇരിക്കാന്‍ പറയുന്നവരെ അസഭ്യം പറയാനും തുടങ്ങി. ഇതിനിടെ വിമാനത്തിന്റെ ബാഗേജ് കാബിനിലും ടോയ്‌ലെറ്റിലും ശക്തമായി ഇടിക്കാനും തുടങ്ങി.
സ്ത്രീകളുള്‍പ്പടെയുള്ളവര്‍ നിലവിളിച്ചു. ഇതിനിടയിലാണ് ഇയാളെ പിടിക്കാന്‍ ചെന്ന തന്നെ ചവിട്ടുന്നത്. കൈയുടെ തൊലിയുരിഞ്ഞു. തന്നെ മര്‍ദിക്കുന്നത് കണ്ട മറ്റൊരു യാത്രക്കാരനും ഇയാളെ സമീപിച്ചതോടെ ഇയാളെയും തൊഴിച്ചു. അസാമാന്യമായ ശക്തിയായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്. പിറകില്‍ നിന്ന് മുന്നോട്ട് വന്ന അയാള്‍ പിന്നീടു ഭക്ഷണം വെച്ചിരുന്ന ഭാഗത്തു കയറി നിന്നു. ഇതിനിടയില്‍ താന്‍ ഐ.എസിന് എതിരാണെന്നും മറ്റും പറയുന്നുണ്ടായിരുന്നു. പിന്നീട് വിമാനത്തിന്റെ നിലത്തിരുന്നു. ഒരുമണിക്കൂറിനു ശേഷമാണ് മുംബൈയിലെത്തിയത്.
യാത്രക്കാരന്റെ ആക്രമണത്തില്‍ വിമാനം മുംബൈയിലിറക്കുമ്പോള്‍ കരിപ്പൂരിലെത്തി എന്നാണ് ആദ്യം കരുതിയതെന്നും ശരിക്കും പേടിച്ചു പോയെന്നും എടപ്പാള്‍ സ്വദേശിയായ ഹരി പറഞ്ഞു. അദ്ദേഹത്തിന്റെ ബന്ധു കൂടെയുണ്ടായിരുന്നു. മാനസിക പ്രശ്‌നങ്ങളുളള ആളാണെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ വിമാനത്തില്‍ കയറുന്നതു വരെ അയാള്‍ക്കു പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഭയന്നു വിറച്ചൊരു വിമാന യാത്ര ജീവിതത്തിലുണ്ടായില്ലെന്നു മറ്റൊരു യാത്രക്കാരി പറഞ്ഞു.
ഇയാളുടെ പരാക്രമം കാരണം ടോയ്‌ലെറ്റില്‍ പോകാന്‍ പോലും സാധിച്ചിരുന്നില്ല.സീറ്റുകള്‍ക്കിടയിലൂടെയും പിറകിലും മറ്റുമായി ഉച്ചത്തില്‍ സംസാരിച്ച് മറ്റുളളവരെ ആക്രമിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
മുംബൈയില്‍ നിന്നു കേന്ദ്ര സുരക്ഷ സേനയാണ് ഇയാളെയും ബന്ധുവിനേയും കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."