അഞ്ചു ചങ്ങലക്കാരുടെ പട്ടയം യാഥാര്‍ഥ്യത്തിലേയ്ക്ക്
കാട്ടാക്കട: നെയ്യാര്‍ ജലാശയത്തിന്റെ തീരത്തെ അഞ്ചുചങ്ങല പ്രദേശത്ത് താമസിക്കുന്നവരുടെ പട്ടയം എന്ന പതിറ്റാണ്ടുകളുടെ സ്വപ്നം പൂവണിയുന്നു. കള്ളിക്കാട്, വാഴിച്ചല്‍, അമ്പൂരി വില്ലേജുകളില്‍ ഉള്‍പ്പെടുന്ന അഞ്ചുചങ്ങല പ്രദേശത്ത് താമസിക്കുന്ന രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കള്ളിക്കാട് ജി.എസ്.എന്‍ ഓഡിറ്റോറിയത്തിലും അമ്പൂരി സഹകര ഓഡിറ്റോറിയത്തിലും ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു.
നെയ്യാര്‍ഡാമിന്റെ കാച്ച്മെന്റ് ഏരിയയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് അടിയന്തരമായി പട്ടയം ലഭ്യമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഇതിനെ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നും കലക്ടര്‍ വാസുകി ഐ.എ.എസ് യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ആയിരത്തിലേറെ പേര് പങ്കെടുത്തു. സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സര്‍വേ, റവന്യൂ, ഇറിഗേഷന്‍ വകുപ്പുകളെ ചുമതലപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് അടുത്ത സമയം ഈ പ്രദേശത്തുകാരെ വ്യാജ പട്ടയം നല്കി പറ്റിച്ചിരുന്നു. ഓരോ വ്യക്തികള്‍ക്കും കൊടുക്കേണ്ട പട്ടയത്തോടൊപ്പം പ്രസ്തുത ഭൂമിയുടെ സ്കെച്ച് കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിന് വേണ്ടി ഉള്ള സര്‍വേ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ ജോണ്‍ വി. സാമുവേല്‍ യോഗത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."