പൊലിസ് നിയമ ഭേദഗതി: കോണ്‍ഗ്രസ് നേതാക്കള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ചു
തിരുവനന്തപുരം: പൊലിസ് നിയമഭേദഗതിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ നിയമഭേദഗതി നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം വരുന്നതിനു മുന്‍പായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധം.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കറുത്ത മാസ്‌ക് ധരിച്ച് പ്ലക്കാര്‍ഡുകളുമായി കാല്‍നടയായി സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നേതാക്കള്‍ എത്തുകയായിരുന്നു. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാര്‍ മൗലികാവകാശങ്ങള്‍ക്കു നേരെ കടന്നുകയറ്റം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പൊലിസ് ആക്ട് ഭേദഗതിയില്‍ കേരള ഗവര്‍ണര്‍ ഒപ്പിട്ട നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, വി.എസ് ശിവകുമാര്‍ എം.എല്‍.എ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."