ഭക്ഷ്യ വിഷബാധ: നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു
കോഴിക്കോട്: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു. കാപ്പാട് മനുമ്പത്ത് ബഷീര്‍-പാലോട്ട്കുനി സുഹറാബി ദമ്പതികളുടെ മകന്‍ യൂസുഫലിയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ചാണ് അവ്യക്ത നിലനില്‍ക്കുന്നത്.
ബാക്ടീരിയ കാരണമുള്ള ഭക്ഷ്യവിഷബാധയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് രാസപരിശോധനാ ഫലം. എന്നാല്‍ ഏതു ഭക്ഷണത്തില്‍ നിന്നാണ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചതെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.
കോഴിക്കോട് മൊഫ്യുസില്‍ ബസ്സ്റ്റാന്‍ഡിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ജെല്ലി മിഠായി കഴിച്ചപ്പോഴുള്ള ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. അതേസമയം കുട്ടി ബന്ധുവീട്ടില്‍ നിന്ന് ഭക്ഷണവും പുഡ്ഡിങ്ങും കഴിച്ചിരുന്നു.
മരണകാരണം കണ്ടെത്താനായി യൂസുഫലിയുടെ ആന്തരികാവയവങ്ങള്‍ കോഴിക്കോട് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബോറട്ടറിയില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നുള്ള കെമിക്കല്‍ അനാലിസിസ്, മൈക്രോബയോളജി, പത്തോളജി, റിപ്പോര്‍ട്ടുകളിലുള്ളത് ഭക്ഷ്യവിഷബാധ കാരണമാണ് മരണം സംഭവിച്ചതെന്നാണ്. യൂസുഫലിയുടെ മൃതദേഹം പരിശോധന നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിലെ ഡോ. രതീഷിനാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഭക്ഷ്യവിഷബാധക്ക് കാരണമായ ഭക്ഷണമേതെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടില്ല.
രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ പൊലിസിന് ലഭിച്ചിട്ടില്ലെന്ന് കസബ സി.ഐ പി. പ്രമോദ് പറഞ്ഞു. കഴിഞ്ഞ മാസം 14ന് രാത്രിയാണ് യൂസുഫലി ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്.
തലേദിവസം കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്‍ഡില്‍ നിന്ന് ജെല്ലി മിഠായിയും ബന്ധുവീട്ടില്‍ നിന്ന് ഭക്ഷണവും പുഡ്ഡിങ്ങും കഴിച്ചിരുന്നു. ഛര്‍ദിയും വയറിളക്കവും മുര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് യൂസുഫലി മരിച്ചത്. കുട്ടിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ വിഷബാധയേറ്റതായി വ്യക്തമായിരുന്നു.
മലാപ്പറമ്പിലെ റീജ്യനല്‍ അനലിറ്റിക്കല്‍ ലാബോറട്ടറിയില്‍ ജെല്ലി മിഠായിയുടെ സമാന ബ്രാന്‍ഡിലുള്ള സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും വിഷബാധ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം ബന്ധുവീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ പൂപ്പലിന്റെയും ബാക്ടീരിയയുടെയും സാന്നിധ്യമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."