ഇ.ഡിക്കെതിരേ അവകാശലംഘന നോട്ടിസുമായി എം. സ്വരാജ്
തിരുവനന്തപുരം/കൊച്ചി: നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത സി.എ.ജി റിപ്പോര്ട്ടിന്മേലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരേ എം. സ്വരാജ് എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്കി.
ഇ.ഡി നടപടി അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സഭയുടെ അവകാശം ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നതെന്ന് സ്വരാജ് പറഞ്ഞു. ധനമന്ത്രി സംസ്ഥാന താല്പര്യം ഉയര്‍ത്തിപ്പിടിക്കുകയെന്ന നിലപാടാണ് സ്വീകരിച്ചത്. അസാധാരണ സാഹചര്യത്തിലാണ് മന്ത്രി അത്തരം നടപടി എടുത്തത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണ്. അന്വേഷണ ഏജന്‍സികളെ കൊണ്ട് രാഷ്ട്രീയ പകപോക്കലുകള്‍ നടത്തുകയാണെന്നും സ്വരാജ് ആരോപിച്ചു. സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ വച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമായാല്‍ മാത്രമേ അത് പൊതുരേഖയായി മാറൂ എന്ന് സ്വരാജ് കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അതിന് മുന്‍പ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കിഫ്ബിയില്‍ അന്വേഷണം നടത്തുമെന്ന് മാധ്യമങ്ങള്‍ക്ക് അറിയിപ്പ് നല്കിയ ഇ.ഡി നടപടി നോക്കിയിരിക്കാനാകില്ല. നിയമസഭയുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ് ഇത്. സഭ ചട്ടം 154 പ്രകാരമാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് സഭ ചട്ടലംഘനമായി പ്രതിപക്ഷ നേതാവിന് തോന്നുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."