വന്‍കിട ഐ.ടി കമ്പനികളില്‍നിന്ന് നികുതി ഈടാക്കാന്‍ തീരുമാനം
ജിദ്ദ: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ഐ.ടി കമ്പനികളില്‍ നിന്ന് എല്ലാ രാജ്യങ്ങളില്‍ നിന്നും നികുതി ഈടാക്കാന്‍ ജി20 ഉച്ചകോടിയില്‍ ധാരണ. കൊവിഡിനുശേഷം വന്‍ലാഭം കൊയ്യുന്ന ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളെ ലക്ഷ്യംവച്ചാണ് നീക്കം. നിലവില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് നിലനില്‍ക്കുന്ന രാജ്യത്ത് മാത്രമാണ് കമ്പനികള്‍ നികുതി നല്‍കുന്നത്. ഭൂരിഭാഗം കമ്പനികളുടെയും ആസ്ഥാനം അമേരിക്കയിലായതിനാല്‍ നേരത്തെ ഈ നീക്കം ഡൊണാള്‍ഡ് ട്രംപ് തടഞ്ഞിരുന്നു.
കൊവിഡാനന്തരം ലോകം കൂടുതല്‍ ഡിജിറ്റലായി. ഈ മേഖലയില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ വന്‍ലാഭം കൊയ്യുന്നതായി ജി20 ഉച്ചകോടി വിലയിരുത്തി. ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് നില്‍ക്കുന്ന രാജ്യത്ത് മാത്രമാണ് നികുതി നല്‍കുന്നത്. ഇത് പോര. ഓരോ രാജ്യത്ത് നിന്നും നേടുന്ന വരുമാനത്തിന നുസരിച്ച് നികുതി നല്‍കണമെന്നും ഉച്ചകോടിയുടെ കരടില്‍ പറയുന്നു.
അതേസമയം, അടുത്തവര്‍ഷത്തെ ജി 20 ഉച്ചകോടിയുടെ അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് സല്‍മാന്‍ രാജാവ് അഭ്യര്‍ഥിച്ചു. ഉച്ചകോടിയില്‍ നടത്തിയ പ്രഭാഷണത്തിനൊടുവിലാണ് സല്‍മാന്‍ രാജാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.
2021ലെ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇറ്റലിക്ക് ഇതിന്റെ ചുമതലയും പദവിയും സന്തോഷപൂര്‍വം കൈമാറുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു. കൊവിഡ് പ്രതിരോധമരുന്ന് ഏറ്റവും കുറഞ്ഞ നിരക്കിലും നീതിയുക്തമായും ലഭ്യമാക്കുന്നതിനുള്ള ആഗോളശ്രമങ്ങളില്‍ സഊദി അറേബ്യ പൂര്‍ണ പിന്തുണ നല്‍കുമെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."