കോടതിയിലെ മാധ്യമവിലക്ക്: വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ മൗനം
തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളില്‍ മാധ്യമങ്ങള്‍ക്കു വിലക്ക് തുടരുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പ്രതിപക്ഷത്തെ ചില പ്രമുഖ നേതാക്കള്‍ പ്രതികരിച്ചിട്ടും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നലെ ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി. താന്‍ തന്നെ മുന്‍കൈയെടുത്ത് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ നടപ്പാകാതിരിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു പോലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തുടങ്ങിയ നേതാക്കള്‍ മാധ്യമ വിലക്കിനെതിരേ പ്രതികരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മൗനം പ്രതിപക്ഷം ആയുധമാക്കുന്നുമുണ്ട്. എന്നിട്ടും ഭരണപക്ഷത്തു വ്യക്തമായ പ്രതികരണമുണ്ടാകാതിരിക്കുന്നത് ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടു സംബന്ധിച്ച് സംശയമുണര്‍ത്തുകയാണ്. സി.പി.എമ്മിനെ ബാധിക്കുന്ന ചില പ്രധാന കേസുകള്‍ അടുത്തു തന്നെ കോടതിയുടെ പരിഗണനയ്ക്കു വരാനിരിക്കുന്ന സാഹചര്യവുമായി ഇതിനു ബന്ധമുണ്ടെന്ന ആക്ഷേപമാണിപ്പോള്‍ ഉയരുന്നത്.
കോടതികളിലെ മാധ്യമവിലക്ക് കേസുകളുടെ വിശദാംശങ്ങള്‍ പൂര്‍ണമായി പുറത്തുവരുന്നതിനു വിഘാതം സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ കക്ഷികളുമായോ സര്‍ക്കാരുമായോ ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോള്‍ ന്യായാധിപര്‍ നടത്തുന്ന ചില പരാമര്‍ശങ്ങള്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കാറുണ്ട്.
ചില പരാമര്‍ശങ്ങള്‍ മന്ത്രിമാരുടെ രാജിക്കു പോലും വഴിയൊരുക്കിയിട്ടുണ്ട്. ഇത്തരം പരമാര്‍ശങ്ങള്‍ വാര്‍ത്തയാകുന്നതിനുള്ള സാധ്യതയാണ് കോടതി വിലക്കിലൂടെ കുറയുന്നത്. ന്യായാധിപരുടെ പരാമര്‍ശങ്ങള്‍ മിക്കവാറും വിധിപ്പകര്‍പ്പില്‍ ഉണ്ടാകാറില്ല. കേസുമായി ബന്ധപ്പെട്ട അഭിഭാഷകരില്‍ നിന്നാണ് അതു ലഭിക്കുന്നത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ പല പരാമര്‍ശങ്ങളും പുറത്തുവരില്ല.
ലാവ്‌ലിന്‍ കേസ് അടുത്ത മാസം ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. പുതിയ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ കേസാണിത്.
ഇതിനു പുറമെ പി. ജയരാജനടക്കമുള്ള നേതാക്കള്‍ ഉള്‍പെട്ട കൊലക്കേസുകളും വൈകാതെ കോടതിയുടെ പരിഗണനയ്ക്കു വരും.
രാഷ്ട്രീയപ്രാധാന്യമുള്ള ഇത്തരം കേസുകളിലെ കോടതി പരാമര്‍ശങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ളതാവാനിടയുണ്ട്. അതുകൊണ്ടു തന്നെ കോടതികളില്‍ നിലനില്‍ക്കുന്ന അവസ്ഥ തുടരാന്‍ ഭരണപക്ഷത്തെ പലരും ആഗ്രഹിക്കുന്നതായും വിമര്‍ശനമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."