പൊലിസ് നിയമ ഭേദഗതി: പൊതു താല്‍പര്യ ഹരജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി
കൊച്ചി: പൊലിസ് നിയമത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരെയുള്ള വിവിധ പൊതു താല്‍പര്യ ഹരജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.
നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സ് നിലനില്‍ക്കുന്നതിനാല്‍ നടപ്പാക്കില്ലെന്ന സര്‍ക്കാറിന്റെ വാദത്തെ കോടതി എങ്ങനെയാണ് പരിഗണിക്കുക എന്നത് പ്രസക്തമാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ വിവാദങ്ങള്‍ അടങ്ങിയെങ്കിലും ഓര്‍ഡിനന്‍സ് നിയമമായി നിലനില്‍ക്കുകയാണ്. നടപടി എടുക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശം മാത്രമാണുള്ളത്. ഓര്‍ഡിസന്‍സ് അനുസരിച്ച് പൊലിസ് നടപടി എടുത്താല്‍ നിയമപരമായി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്.
അതേസമയം, ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്‌തേക്കും.
സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്കും മാധ്യമവാര്‍ത്തകള്‍ക്കുമെതിരെ പരാതി ഇല്ലെങ്കില്‍ തന്നെ, വാറന്റ് പോലുമില്ലാതെ പൊലിസിന് നടപടി എടുക്കാന്‍ അനുവാദം നല്‍കുന്നതാണ് വിവാദ ഓര്‍ഡിനന്‍സ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സി.പി.എം. കേന്ദ്ര നേതൃത്വമടക്കം ഓര്‍ഡിനന്‍സിനെതിരെ നിലപാടെടുത്തു. ഇതോടെ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."