നിവാര്‍ നാളെ തീരം തൊടും; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത ജാഗ്രത
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകീട്ടോടെ തമിഴ്നാട്, പുതുച്ചേരി തീരത്ത് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നിടങ്ങളിലും കനത്ത മഴ തുടരുകയാണ്.
കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് അടുത്തായി തീരംതൊടുമെന്നാണ് മുന്നറിയിപ്പ്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ നിവാര്‍ തീവ്ര ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് നിവാര്‍ തീരംതൊടുകയെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം വിലയിരുത്തി. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നിടങ്ങളിലും കനത്ത മഴ തുടരുകയാണ്.
തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലുള്ളവര്‍ അതീവജാഗ്രതാ പാലിക്കണം. വിവിധ തീരദേശ മേഖലയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പേകരുതെന്നും താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തീരദേശ മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദശമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 30 ടീമിനെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയിലുമായി വ്യന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍ ജാഗ്രത നിര്‍ദേശമുള്ള 11 ജില്ലകളിലെ ബസ് സര്‍വിസ് റദ്ദാക്കി. വിവിധ ട്രെയിന്‍ സര്‍വിസും റദ്ദാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."