റേഷന്‍ കടക്കാരെ ബുദ്ധിമുട്ടിക്കല്ലേ ഉദ്യോഗസ്ഥരേ...
കോഴിക്കോട്: സമയത്ത് അവശ്യ സാധനങ്ങള്‍ കടകളില്‍ എത്താത്തതും വേതനം കൃത്യമായി ലഭിക്കാത്തതും റേഷന്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നതായി ഓള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍.
കോടതി വിധിയുണ്ടായിട്ടും സര്‍ക്കാര്‍ നിരന്തരം ഉത്തരവിറക്കിയിട്ടും യഥാര്‍ഥ തൂക്കത്തില്‍ റേഷന്‍ വിതരണം ചെയ്യാന്‍ എന്‍.എഫ്.എസ്.എ ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ല. കൃത്യമായ തൂക്കം ബോധ്യപ്പെടുത്തി റേഷന്‍ കടയില്‍ സാധനങ്ങള്‍ ഇറക്കി നല്‍കി റേഷന്‍ വിതരണം സുതാര്യമാക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജന. സെക്രട്ടറി ടി. മുഹമ്മദലിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗോഡൗണുകളില്‍നിന്നു ലഭിക്കുന്ന അരിയുടെ കുറവു മൂലം റേഷന്‍ കടകളിലെ സ്‌റ്റോക്കില്‍ വരുന്ന വ്യത്യാസത്തിനും ഓരോ റേഷന്‍ വ്യാപാരിയും പിഴ നല്‍കേണ്ടതായി വരുന്നു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരും തയാറാകണം. പ്രളയ ദുരിതാശ്വാസ പ്രകാരം വിതരണം ചെയ്തതിന് കമ്മിഷന്‍ ലഭിക്കാത്ത റേഷന്‍ കടകള്‍ ഇപ്പോഴുമുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ മാസവും 15നുള്ളില്‍ സാധങ്ങള്‍ കടകളില്‍ എത്തണം. എന്നാല്‍ ഉദ്യോഗസ്ഥര്‍ മന:പൂര്‍വം വൈകിപ്പിക്കുകയാണ്.
സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം മൂന്നിലൊന്നായി വെട്ടിക്കുറച്ചിരിക്കുകയാണ്. മണ്ണെണ്ണ വിഹിതത്തില്‍ വന്ന വലിയ കുറവ് സാധാരണക്കാരായ കാര്‍ഡുടമകള്‍ക്ക് വലിയൊഘാതമായിരിക്കുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം. മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഇ. അബൂബക്കര്‍ ഹാജി, സെക്രട്ടറി പി. പവിത്രന്‍, കെ.പി അഷ്‌റഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."