പൊലിസ് ആക്ട് ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി; ഓര്‍ഡിനന്‍സ് 48മണിക്കൂറിനകം റദ്ദാക്കുന്നത് അപൂര്‍വം
തിരുവനന്തപുരം: പൊലിസ് ആക്ട് ഭേദഗതി വിവാദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം വന്ന് 48 മണിക്കൂര്‍ തികയും മുന്‍പാണ് നിയമഭേദഗതി പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുള്ള പൊലിസ് ആക്ട് ഭേദഗതി ദേശീയതലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടു. ഇതോടെയാണ് 48 മണിക്കൂറിനകം പിന്‍വലിച്ചത്.
ഏതു തരം മാധ്യമങ്ങള്‍ വഴിയുമുള്ള ആക്ഷേപം നടത്തിയാല്‍ പൊലിസിന് പരാതിയുടെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും അധികാരം നല്‍കുന്നതായിരുന്നു വിവാദ ഓര്‍ഡിനന്‍സ്. സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് 48 മണിക്കൂറിനകം റദ്ദാക്കുന്നതും അപൂര്‍വ്വ സംഭവമാണ്.
വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഇനി ഗവര്‍ണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കിയുള്ള റിപിലീംഗ് ഓര്‍ഡര്‍ ഉടനെ പുറത്തിറങ്ങും.
ബുധനാഴ്ചയാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ പൊലിസ് നിയമ പരിഷ്കാരം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വരും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച മന്ത്രിസഭായോഗം ചേര്‍ന്ന് വിവാദഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."