സ്‌കൂള്‍ സമയമാറ്റം: സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുവാനെന്ന വ്യാജേന സ്‌കൂള്‍ പഠന സമയം മാറ്റുവാന്‍ നടത്തുന്ന അണിയറ നീക്കങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം. 2007 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച ഈ പരിഷ്‌കാരം സമസ്തയുടെയും ഇതര മത സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഉപേക്ഷിച്ചത് സര്‍ക്കാര്‍ മറക്കരുത്. സ്‌കൂള്‍ സമയം മാറ്റുകയില്ലെന്ന് അന്ന് മുസ്്‌ലിം സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അന്ന് എം.എ ബേബിയായിരുന്നു വിദ്യാഭ്യാസ മന്ത്രി എങ്കില്‍ ഇന്ന് പ്രൊഫ. സി രവീന്ദ്രനാഥ് ആണെന്ന വ്യത്യാസം മാത്രമേയുള്ളൂ.
ഇപ്പോഴത്തെ സ്‌കൂള്‍ പഠന സമയം കുട്ടികളുടെ ഗുണനിലവാരത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും തുടരുന്ന ഈ സമ്പ്രദായത്തിന് നാളിതുവരെ ആരും പരാതി പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് വ്യവസ്ഥാപിതമായി നടത്തിവരുന്ന മതപഠനത്തെ തകര്‍ക്കുവാന്‍ മാത്രമേ ഇത്തരം പരിഷ്‌കാരങ്ങള്‍ ഉതകൂ. സമസ്തയടക്കമുള്ള മതസംഘടനകള്‍ അതൊരിക്കലും അംഗീകരിക്കുകയുമില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ പോലും മദ്‌റസ പഠനത്തെ ബാധിക്കുന്ന പരിഷ്‌കരണങ്ങളൊന്നും നടപ്പില്‍ വരുത്തിയിരുന്നില്ല.
1930 ല്‍ മദ്‌റസ പഠനത്തെ തകര്‍ക്കുവാന്‍ അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ചെയര്‍മാനായിരുന്ന കെ.കേളപ്പന്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തു തോല്‍പിച്ച പാരമ്പര്യമാണ് മദ്‌റസാ പ്രസ്ഥാനത്തിനുള്ളത്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ ആയിരുന്നു സ്‌കൂളുകള്‍ അന്ന് പ്രവര്‍ത്തിച്ചിരുന്നത്. സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ ആന്‍ പഠനവും മതപഠനവും അന്ന് സ്‌കൂളുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിലരാല്‍ മാത്രം കേരള ഗാന്ധി എന്ന് വിളിക്കപ്പെട്ട കെ.കേളപ്പന്‍ ബോര്‍ഡിനു കീഴിലുള്ള വിദ്യാലയങ്ങളില്‍ ഖുര്‍ആനും മതപഠനവും വേണ്ടെന്ന് ഉത്തരവിടുകയായിരുന്നു. ഈ വെല്ലുവിളിയെ കേരളത്തിലുടനീളം മദ്‌റസകള്‍ സ്ഥാപിച്ചുകൊണ്ടാണ് സമസ്തയടക്കമുള്ള മത സംഘടനകള്‍ ചെറുത്ത് തോല്‍പിച്ചതെന്നതും സര്‍ക്കാര്‍ മറക്കരുത്.
ഇന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പതിനായിരത്തിലധികം മദ്‌റസാ സ്ഥാപനങ്ങളും മതപഠന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 15 ലക്ഷത്തിലധികം കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു. സാംസ്‌കാരികമായും ധാര്‍മികമായും ഉണര്‍ച്ചയുള്ളൊരു സമൂഹത്തെ വാര്‍ത്തെടുക്കുവാനും ശാശ്വതമായ സത്യത്തെ തിരിച്ചറിയുവാനുമുള്ള ദൗത്യമാണ് മദ്‌റസകള്‍ നിര്‍വഹിക്കുന്നത്. മുസ്‌ലിം യുവതയെ തെറ്റായ വഴിയില്‍നിന്നും അകറ്റി അവരെ സമുദായത്തിനും രാഷ്ട്രത്തിനും ഗുണകരമാവുംവിധമുള്ള ഉല്‍കൃഷ്ട സമൂഹമായി വാര്‍ത്തെടുക്കുന്ന ശ്രമകരമായ ജോലിയാണ് സമസ്തയടക്കമുള്ള മദ്‌റസാ പ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ചുപോരുന്നത്. നിലവിലെ മദ്‌റസാ പഠനം സ്‌കൂള്‍ പഠനത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. ബാധിച്ചിട്ടുണ്ടെങ്കില്‍ അത് അധ്യാപക സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. ഇന്ന് അധ്യാപനത്തേക്കാള്‍ ഉപരി പല അധ്യാപകരും പരിഗണന നല്‍കുന്നത് ഒപ്പം കൊണ്ടുനടക്കുന്ന ബിസിനസുകള്‍ക്കാണ്. അതാണ് ആദ്യം തിരുത്തേണ്ടത്. കുട്ടികളുടെ പഠന നിലവാരം ഉയരണമെങ്കില്‍ ഇത്തരം അധ്യാപകര്‍ അധ്യാപനത്തിലേക്ക് തിരിച്ചെത്തണം. വര്‍ഷത്തില്‍ വളരെ കുറച്ച് മാസങ്ങള്‍ മാത്രം അധ്യാപനം നടത്തുന്നവര്‍ ജോലിയോട് സത്യസന്ധത പുലര്‍ത്തുന്നുണ്ടോ എന്നാണ് സര്‍ക്കാര്‍ അന്വേഷിക്കേണ്ടത്. അധ്യാപകരും അക്കാര്യം സ്വയം ചോദിക്കട്ടെ. വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയരണമെങ്കില്‍ ആദ്യം അധ്യാപകരുടെ ഗുണനിലവാരം ഉയരണം. അത് സ്‌കൂള്‍ സമയമാറ്റംകൊണ്ടൊന്നും സാധ്യമാവുകയുമില്ല.
സ്‌കൂള്‍ പാഠ്യപദ്ധതികളില്‍നിന്നും മാതാപിതാക്കളെയും ഗുരുഭൂതന്മാരെയും അയല്‍ക്കാരെയും ആദരിക്കുന്നതിന്റെയും സ്‌നേഹിക്കുന്നതിന്റെയും പാഠങ്ങള്‍ എന്നോ അപ്രത്യക്ഷമായിരിക്കുന്നു. അന്യനെ സ്‌നേഹിക്കുവാനും കരുണ ചൊരിയുവാനുമുള്ള പാഠങ്ങള്‍ ഏത് സ്‌കൂളിലാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. മാതാപിതാ ഗുരു ദൈവം എന്ന് പറയുകയല്ലാതെ അതിന്റെ പ്രസക്തി പഠിപ്പിക്കുന്ന എത്ര പാഠഭാഗങ്ങള്‍ ഇന്നത്തെ പാഠ്യപദ്ധതിയിലുണ്ട്?
എന്നാല്‍ അതെല്ലാം മദ്‌റസ പാഠപുസ്തകങ്ങളിലുണ്ട്. ധാര്‍മികമായൊരു ജീവിതത്തിന്റെ അടിത്തറയാണ് മദ്‌റസ പഠനത്തിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. അതുകൊണ്ട് അധ്യാപകരുടെ ഗുണനിലവാരം മെച്ചപ്പെടുത്തുവാന്‍ ഉതകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടത്. 2007 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ സമസ്തയടക്കമുള്ള മുസ്‌ലിം സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പ് രേഖാ പത്രത്തില്‍നിന്നും ഇന്നും മാഞ്ഞുപോയിട്ടില്ല. പരിഷ്‌കരണത്തിന്റെ പേരില്‍ സ്‌കൂള്‍ പഠന സമയം മാറ്റി മദ്‌റസ പഠന സമയത്തെ തകര്‍ക്കാനാണ് ഭാവമെങ്കില്‍ അതിശക്തമായ സമരത്തെയായിരിക്കും സര്‍ക്കാര്‍ നേരിടേണ്ടി വരിക. അതിനിടവരുത്തരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."