'ലൗ ജിഹാദ്': യു.പി മന്ത്രിസഭ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു
ലഖ്‌നൗ: വിവാദ 'ലൗ ജിഹാദ്' സംബന്ധിച്ച ഓര്‍ഡിനന്‍സ് യു.പി മന്ത്രിസഭ അംഗീകരിച്ചു. ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നടപടി.
നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഓര്‍ഡിനന്‍സില്‍ ലൗ ജിഹാദ് എന്ന പദമില്ലെങ്കിലും വിവാഹ ഉദ്ദേശത്തോടെ നിര്‍ബന്ധിച്ച് മതംമാറ്റുന്നവര്‍ക്ക് ഒന്നുമുതല്‍ അഞ്ചു വര്‍ഷം വരെ തടവും 15,000 രൂപ വരെ പിഴയും ശിക്ഷയായി നല്‍കാന്‍ വ്യവസ്ഥയുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിലെ സ്ത്രീകളെയും 18 വയസിനു താഴെയുള്ളവരെയും മതംമാറ്റുകയാണെങ്കില്‍ മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കുന്ന വിധത്തിലാണ് നിയമം തയാറാക്കിയിരിക്കുന്നത്.
വിവാഹാവശ്യത്തിന് മതംമാറണമെങ്കില്‍ രണ്ടു മാസം മുന്‍പ് മജിസ്‌ട്രേറ്റിന്റെ അനുമതി തേടണം. മതംമാറ്റത്തിനു സഹായിക്കുന്നവരും കുറ്റവാളികളാകും. മാത്രമല്ല, ഇത്തരത്തിലുള്ള വിവാഹം അസാധുവാകുകയും ചെയ്യും. ഇതര മതവിഭാഗത്തിലെ പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിക്കുന്ന മുസ്‌ലിം യുവാക്കളെ ലക്ഷ്യംവച്ചുള്ള സംഘ്പരിവാര ആരോപണമായ 'ലൗ ജിഹാദി'നെതിരെ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടക, മദ്ധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകളും നിയമം കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്. ഒന്നിലധികം തവണ കോടതിയും പൊലിസും തള്ളിക്കളഞ്ഞ ലൗ ജിഹാദ് ആരോപണവുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായിരിക്കുകയാണ് ഉത്തര്‍പ്രദേശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."