സാമ്പത്തിക സംവരണ ഹരജി: കേന്ദ്രസര്‍ക്കാറിന് സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്കിയ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാറിന് നോട്ടിസയച്ചു. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന് ട്രസ്റ്റ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എസ്.എ ബോബ്്ദെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഈ മാസം 16ന് ഇതെ വിഷയത്തില്‍ സുപ്രിംകോടതിയിലുള്ള മറ്റു ഹരജികള്‍ക്കൊപ്പം ഈ ഹരജിയും പരിഗണിക്കും.
സര്‍ക്കാര്‍ ജോലിയിലും വിഭ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്കുന്ന ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതെ വിഷയത്തില്‍ യൂത്ത് ഫോര്‍ ഈക്വാലിറ്റിയെന്ന സന്നദ്ധസംഘടന, രാഷ്ട്രീയ പ്രവര്‍ത്തകനായ തഹ്്സീന്‍ പൂനെവാല, അഡ്വ. റീപക് ഖാന്സല് തുടങ്ങിയവര്‍ നല്കിയ ഹരജികളും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.
സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നാണ് ഹരജികളിലെ പൊതുവായ വാദം. 10 ശതമാനം സംവരണം കൂടി വന്നതോടെ പരമാവധി ആകെ സംവരണം 50 ശതമാനമായിരിക്കണമെന്ന സുപ്രിംകോടതി നിര്‍ദ്ദേശം ലംഘിക്കപ്പെട്ടുവെന്നും ഹരജി വാദിക്കുന്നുണ്ട്. ഹരജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ ഹാരിസ് ബീരാന്, ഹുസൈബ് അഹമ്മദി എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."