ഞങ്ങളവരെ ഹിന്ദുവും മുസ്‌ലിമും ആയല്ല കാണുന്നത് യു.പിയിലെ നിര്‍ദിഷ്ട 'ലൗ ജിഹാദ് ' നിയമത്തിന് ഹൈക്കോടതിയില്‍ നിന്ന് കനത്ത പ്രഹരം
ലക്‌നൗ: മുസ്‌ലിം യുവാക്കളുടെ പ്രണയവിവാഹങ്ങള്‍ ലൗ ജിഹാദ് ആയി ചിത്രീകരിച്ചുള്ള സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്ക് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ഉത്തര്‍പ്രദേശിലെ സലാമത്ത് അന്‍സാരി- പ്രിയങ്ക ഖര്‍വാര്‍ ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജഡ്ജിമാരായ പങ്കജ് നഖ്‌വിയും വിവേക് അഗര്‍വാളും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. പ്രിയങ്കയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കിയെന്ന പിതാവിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി ശക്തമായ നിരീക്ഷണങ്ങളും ഡിവിഷന്‍ ബെഞ്ച് നടത്തി.
പ്രിയങ്കയെയും സലാമത്ത് അന്‍സാരിയെയും ഹിന്ദുവും മുസ്‌ലിമും ആയിട്ടല്ല; മറിച്ച് സ്വന്തം ഇഷ്ടത്തോടെ സ്വതന്ത്രജീവിതം തിരഞ്ഞെടുക്കാന്‍ അവകാശമുള്ള രണ്ടു മുതിര്‍ന്ന വ്യക്തികള്‍ എന്ന നിലയിലാണ് കോടതി കാണുന്നത്.
ഒരു വര്‍ഷത്തിലേറെയായി സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ദമ്പതികള്‍ ജീവിക്കുന്നത് എന്നും കോടതിക്ക് ബോധ്യമായിട്ടുണ്ട്. ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാതിരിക്കാന്‍ കോടതികള്‍ക്കു കഴിയില്ല- ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായ രണ്ടുവ്യക്തികള്‍ക്ക്, അവര്‍ ഒരേ ലിംഗത്തില്‍പ്പെട്ടവരാണെങ്കില്‍ പോലും ഒന്നിച്ച് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന അത്തരം നിയമപരമായ അവകാശത്തിനു മേല്‍ കടന്നുകയറാന്‍ മറ്റേതെങ്കിലും വ്യക്തികള്‍ക്കോ ഭരണകൂടത്തിനോ യാതൊരു തരത്തിലുള്ള അവകാശവുമില്ല. അങ്ങിനെ ഇടപെടുന്നത് വ്യക്തികളുടെ സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് നേരെയുള്ള ഗുരതരമായ കടന്നുകയറ്റമായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.
സ്വന്തം മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായാണ് പ്രിയങ്ക കുഷിനഗര്‍ സ്വദേശി സലാമത്ത് അന്‍സാരിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വിവാഹത്തിന് മുന്‍പായി ആലിയ എന്ന പേര് സ്വീകരിച്ചു പ്രിയങ്ക ഇസ്‌ലാം സ്വീകരിക്കുകയുമുണ്ടായി.
ഇതോടെയാണ് മകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിപ്പിച്ച് മതംമാറ്റിയെന്നു ചൂണ്ടിക്കാട്ടി പ്രിയങ്കയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രിയങ്കയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ സലാമത്തിനെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും മാതാപിതാക്കള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
മാതാപിതാക്കളുടെ പരാതിയില്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം സലാമത്ത് അന്‍സാരിക്കെതിരേ യു.പി പൊലിസ് കേസെടുത്തു. തട്ടികൊണ്ടുപോകല്‍, നിര്‍ബന്ധിപ്പിച്ച് വിവാഹം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. കൂടാതെ പോക്‌സോയും ചുമത്തി. ഇതോടെയാണ് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സലാമത്ത് അന്‍സാരി കോടതിയെ സമീപിച്ചത്.
വിവാഹത്തെ എതിര്‍ത്ത് യു.പി സര്‍ക്കാരും കോടതിയില്‍ വാദിച്ചു. മാതാപിതാക്കളുടെയും സര്‍ക്കാരിന്റെയും വാദങ്ങള്‍ തള്ളിയാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. പ്രിയങ്കയുടെ മാതാപിതാക്കളുടെ പരാതിയില്‍ യു.പി പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈക്കോടതി, പിതാവിന്റെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും സലാമത്ത് അന്‍സാരിയും പ്രിയങ്കയും സന്തോഷപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
മുസ്‌ലിം യുവാക്കളുടെ പ്രണയവിവാഹത്തെ ലൗ ജിഹാദ് ആയി ചിത്രീകരിച്ച് അവയ്‌ക്കെതിരേ യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിവരുന്നതിനിടെയാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. കോടതി ഉത്തരവില്‍ ലൗ ജിഹാദ് എന്ന പദം പരാമര്‍ശിച്ചിട്ടില്ലെങ്കിലും മിശ്രവിവാഹങ്ങളെയും സ്വന്തം ഇഷ്ടപ്രകാരമുള്ള മതപരിവര്‍ത്തനത്തെയും അംഗീകരിച്ചുള്ള കോടതിയുടെ ഇടപെടല്‍ യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."