ഇത്തവണ നോമ്പുതുറക്കലും ഗ്രീന്‍ പ്രോട്ടോകോളില്‍
കണ്ണൂര്‍: വ്രത വിശുദ്ധിയുടെ 30 ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങുമ്പോള്‍ നോമ്പുതുറകള്‍ ഗ്രീന്‍ പ്രോട്ടോകോളില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന വ്യാപക തീരുമാനം. മനസിനേയും ശരീരത്തേയും ഒരുപോലെ ശുദ്ധീകരിച്ച് പുണ്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന മാസം നാടിനെയും ശുദ്ധിയാക്കാനാണ് പുതിയ തീരുമാനം. ഹരിത നോമ്പ് തുറക്ക് സൗകര്യമൊരുക്കാന്‍ പള്ളിയുടെ പരിസരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പള്ളിയുടെ മുറ്റത്തും പരിസരത്തും പന്തലിട്ടാണ് വിശ്വാസികള്‍ക്കുള്ള ഭക്ഷണം ഒരുക്കിവയ്ക്കുക. ഇത്തവണ നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങളും മതസംഘടനകളും നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു.
നോമ്പ് തുറയിലും ഇഫ്താര്‍ സംഗമങ്ങളിലും പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉണ്ടാവുകയില്ലെന്ന് ഉറപ്പ് വരുത്താനും വെള്ളിയാഴ്ച്ച ജുമുഅക്ക് ഉദ്‌ബോദനം നടത്താനും മുഴുവന്‍ മഹല്ല് ഭാരവാഹികളെയും ഖതീബുമാരെയും അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു. കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍ സിറാമിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ എന്നിവ എത്തിക്കാനുള്ള തിരക്കിലാണ് സംഘാടകര്‍.
പ്രാര്‍ഥനയ്ക്കും നോമ്പ് തുറക്കുമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പള്ളികളില്‍ അറ്റകുറ്റപ്പണികളും മിനാരവും ചുമരുകളുമെല്ലാം കഴുകി വൃത്തിയാക്കിയും പെയിന്റ് അടിച്ചും പുതുമോടി വരുത്തുന്ന തിരക്കിലാണ്. പഴയ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ കഴുകി വൃത്തിയാക്കിയും പുതിയവ വാങ്ങിയും വീടിന് അകവും പുറവും പെയിന്റ് ചെയ്ത് ഭംഗികൂട്ടിയും തിരക്കിലായിരിക്കുകയാണ് വിശ്വാസികളുടെ ഭവനങ്ങള്‍.വിശ്വാസികളുടെ മനസുപോലെ ചുറ്റുപാടും ശുദ്ധിയായിരിക്കണമെന്ന സങ്കല്‍പ്പത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. പ്രാര്‍ഥനയോടൊപ്പം മതപഠന ക്ലാസുകളും ഖുര്‍ആന്‍ ക്ലാസുകളുമായി റമദാനില്‍ പള്ളികള്‍ സജീവമാകും. നോമ്പ് തുറക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് വിപണിയും സജീവമായി തുടങ്ങി. റമദാന്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തനായി പെരുന്നാളിനായുള്ള വസ്ത്രങ്ങള്‍ ഇപ്പോള്‍ തന്നെ വാങ്ങുവാന്‍ ആളുകളെത്തിയതോടെ വസ്ത്ര വിപണിയും ഉണര്‍ന്നിരിക്കുകയാണ്. നോമ്പ് തുറയുടെ പ്രധാന വിഭവമായ വിവിധഇനം ഈത്തപഴങ്ങളും കാരക്കകളും വിപണിയിലെത്തി. നഗരത്തിന്റെ പലഭാഗങ്ങളിലും ഈത്തപഴ വിപണന മേളയും ആരംഭിച്ചിട്ടുണ്ട്.
റമദാനില്‍ ദാനധര്‍മ്മങ്ങള്‍ക്ക് മറ്റുകാലങ്ങളേക്കാള്‍ പുണ്യം വര്‍ധിക്കുമെന്നതിനാല്‍ റമദാന്‍ കിറ്റുകളും റിലീഫ് പ്രവര്‍നങ്ങളും ഇഫ്താര്‍ വിരുന്നുകളും സംഘടിപ്പിക്കാന്‍ വ്യക്തികളും സംഘടനകളും പ്രവാസികളും ഒരുക്കം തുടങ്ങിയിട്ടുണ്ട്. കൊടുംചൂടിനു പുറമേ സമീപവര്‍ഷങ്ങളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലുകളായിരിക്കും ഇത്തവണ നോമ്പുകാലത്ത്. എങ്കിലും ഏത് കഠിനപരീക്ഷണവും വ്രതാനുഷ്ഠാനത്തിലൂടെയും പ്രാര്‍ഥനയിലൂടെയും അതിജീവിക്കാനുള്ള വിശ്വാസത്തിലാണ് വിശ്വാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."