സ്ത്രീകള്‍ക്കെതിരേ സൈബര്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നു: എം.സി ജോസഫൈന്‍
കല്‍പ്പറ്റ: ദുര്‍ബലരും ശക്തരുമായ സ്ത്രീകള്‍ ഒരുപോലെ സൈബര്‍ അക്രമങ്ങള്‍ക്കിരയാകുന്ന സാഹചര്യം വര്‍ധിക്കുകയാണെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
ജില്ലാ കലക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടത്തിയ വനിതാ കമ്മിഷന്‍ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സൈബര്‍ അക്രമങ്ങളില്‍ സ്ത്രീകളെ ബോധവല്‍കരിക്കാന്‍ സെമിനാറുകള്‍ നടത്തുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. സൈബര്‍ നിയമ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ സെമിനാര്‍ ഇന്നു രാവിലെ 10ന് മാനന്തവാടി നായനാര്‍ സ്മാരക ഹാളില്‍ നടക്കും. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ക്കെതിരേയുള്ള വിലക്കുകള്‍ ഗൗരവമായെടുക്കുമെന്നും ആവശ്യമെങ്കില്‍ ഇടപ്പെടുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.
അദാലത്തില്‍ 40 കേസുകള്‍ പരിഗണിച്ചു. രണ്ടു പരാതികള്‍ തീര്‍പ്പാക്കുകയും രണ്ടു കേസുകള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിവിധ വകുപ്പുകള്‍ക്കായി കൈമാറുകയും ചെയ്തു. പ്രളയാന്തരം ഇരുപത്തഞ്ചോളം പേര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. 11 കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റിയിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. പ്രളയദുരിതത്തിലുണ്ടായ ഭീതിയില്‍ നിന്നും സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരാനാണ് കമ്മിഷന്‍ പ്രത്യേക പരിഗണന നല്‍കിയതെന്നും അധ്യക്ഷ പറഞ്ഞു.
അദാലത്തില്‍ പരിഗണയ്ക്കു വന്ന കേസുകളില്‍ തൊഴിലിടങ്ങളിലെ മാനസിക ശാരീരിക പീഡനങ്ങള്‍ പ്രത്യേക പരിഗണന ആവശ്യപ്പെടുന്നുണ്ട്. പ്രധാനാധ്യാപകനും പി.ടി.എ അധ്യക്ഷനും എതിര്‍ കക്ഷികളായി വന്ന പരാതിയില്‍ വിദ്യാലയ അന്തരീക്ഷത്തില്‍ പോലും ഇത്തരം കേസുകളുണ്ടാവുന്നത് ശരിയല്ലെന്ന് അധ്യക്ഷ പറഞ്ഞു. പത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്നയിടങ്ങളിലെല്ലാം ഇന്റേണല്‍ കംപ്ലയിമെന്റ് കമ്മിറ്റി നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും ഇത്തരം സംവിധാനങ്ങളിലൂടെ സ്ത്രീകള്‍ക്ക് സുരക്ഷിത അന്തരീക്ഷം ഒരുക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. അശ്ലീല ചുവയുള്ള വാക്കുകളുപയോഗിച്ചുള്ള ചൂഷണങ്ങള്‍ തൊഴില്‍ മേഖലകളില്‍ ശക്തിപ്പെടുന്നുണ്ടെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
അറിഞ്ഞു കൊണ്ട് എതിര്‍ കക്ഷികള്‍ വരാതിരിക്കുന്നത് പരിശോധിക്കുമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു. അദാലത്തില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, വനിതാ കമ്മിഷന്‍ എസ്.ഐ എല്‍. രമ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."