വനം വകുപ്പിന്റെ പരിഷ്‌കാരം: തേക്കടിയില്‍ ബോട്ട് ടൂറിസത്തിന്റെ അടിത്തറയിളക്കും
തൊടുപുഴ: ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ തേക്കടിയില്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയ പരിഷ്‌കാരം ബോട്ട് ടൂറിസത്തിന്റെ അടിത്തറയിളക്കുമെന്ന് വിലയിരുത്തല്‍. പെരിയാര്‍ കടുവ സേങ്കതത്തിലെ തേക്കടി ബോട്ട് ലാന്റിങിലേക്ക് ഇപ്പോള്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ചെക്ക്‌പോസ്റ്റിന് വെളിയിലായി ആമപ്പാര്‍ക്കിന് സമീപത്താണ് ഇപ്പോള്‍ പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ നിന്ന് മൂന്ന് കിലോമീറ്ററോളം നടന്നാല്‍ മാത്രമേ ബോട്ട് ലാന്റിങില്‍ എത്താനാകൂ. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം നടന്ന് ബോട്ട് ലാന്റിങില്‍ എത്തുമ്പോള്‍ പലര്‍ക്കും ബോട്ട് യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഇത് മൂലം സഞ്ചാരികള്‍ തേക്കടിയെ കൈയൊഴിയുകയാണ്. ഇവിടെ വനം വകുപ്പ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതും ആവശ്യത്തിന് തികയാറില്ല.
തേക്കടിയുടെ മുഖ്യ ആകര്‍ഷണം ബോട്ട് ടൂറിസമാണ്. പശ്ചിമഘട്ട മലനിരകളുടെ വശ്യതയില്‍ ലയിച്ച് കാടിന്റെ സംഗീതത്തിലലിഞ്ഞ് കാട്ടുമൃഗങ്ങളെ കണ്ട് രണ്ടര മണിക്കൂര്‍ നീളുന്ന ബോട്ടുയാത്ര വിനോദ സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവമാണ്. പ്രത്യേകിച്ചും ഇപ്പോള്‍ ജലനിരപ്പ് താഴ്ന്നുനില്‍ക്കുന്നതിനാല്‍ ബോട്ടിങിനിടെ നിരവധി വന്യമൃഗങ്ങളെ അടുത്തുകാണാന്‍ കഴിയും. എന്നാല്‍ വനംവകുപ്പ് തന്നെ ഏര്‍പ്പെടുത്ത പരിഷ്‌കാരങ്ങള്‍ സഞ്ചാരികളെ തേക്കടിയില്‍ നിന്ന് അകറ്റുകയാണ്.
തേക്കടിയില്‍ വിനോദ സഞ്ചാരത്തിന് വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രണ്ടര മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കെ.ടി.ഡി.സിയുടെ വരുമാനത്തില്‍ 55 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. തേക്കടിയിലുള്ള ഹോട്ടലുകളുടെ വരുമാനം വന്‍തോതില്‍ ഇടിഞ്ഞു. ബോട്ടുകളുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായി. കെ.ടി.ഡി.സിയ്ക്ക് പെരിയാര്‍ ഹൗസ്, ലേക്പാലസ്, ആരണ്യനിവാസ് എന്നീ മൂന്ന് ഹോട്ടലുകളാണുള്ളത്്. ഇവിടെ 110 ഓളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ബോട്ടില്‍ നിന്നുള്ള വരുമാനമായിരുന്നു ഹോട്ടലുകളെ പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ച് നിര്‍ത്തിയിരുന്നത്.
കെ.ടി.ഡി.സിയുടെ 2017 മാര്‍ച്ച് ഒന്നു മുതല്‍ മെയ് 18 വരെയുള്ള 78 ദിവസത്തെ കണക്കിലാണ് വരുമാനത്തില്‍ വന്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. 2016 മാര്‍ച്ചില്‍ ബോട്ടിന്റെ വരുമാനം 45 ലക്ഷം ആയിരുന്നത് 2017 മാര്‍ച്ചില്‍ 23 ലക്ഷമായി കുറഞ്ഞു. 2016 ഏപ്രില്‍ മാസം 43 ലക്ഷം രൂപ ഉണ്ടായിരുന്നത് ഇത്തവണ 27 ലക്ഷമായും കുറഞ്ഞു. 2016 മെയ് മാസം ഒന്നു മുതല്‍ 18 വരെ ബോട്ടിന്റെ വരുമാനം 26 ലക്ഷം ആയിരുന്നു. ഇത്തവണ 20 ലക്ഷമായി കുറഞ്ഞു.
2016 ല്‍ മാര്‍ച്ച് ഒന്നു മുതല്‍ മെയ് 18 വരെ 114 ലക്ഷം ആയിരുന്നത് ഇത്തവണ 70 ലക്ഷമായി കുറഞ്ഞു. 44 ലക്ഷം രൂപയുടെ ഇടിവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആരണ്യ നിവാസ് ഹോട്ടലിന്റെ വരുമാനം 61 ലക്ഷം ആയിരുന്നത് ഇത്തവണ 50 ലക്ഷമായി കുറഞ്ഞു. പെരിയാര്‍ ഹൗസ് ഹോട്ടലില്‍ ഇതേ കാലയളവില്‍ 26 ലക്ഷം രൂപയായിരുന്നു വരുമാനം. സാധാരണയുള്ളതിന്റെ പകുതി മാത്രമാണിത്. തേക്കടി തടാക മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ലേക്പാലസ് ഹോട്ടലില്‍ മാത്രമാണ് നേരിയ വര്‍ധനവുള്ളത്. കഴിഞ്ഞ വര്‍ഷം 25.66 ലക്ഷംആയിരുന്നത് ഇത്തവണ 26 ലക്ഷമായി ഉയര്‍ന്നു.
ഇവിടെയെത്തുന്ന ബഹുഭൂരിപക്ഷം സഞ്ചാരികളും മുഖ്യമായും ആഗ്രഹിക്കുന്നത് ബോട്ടുസവാരിയാണ്. നിര്‍ഭാഗ്യവശാല്‍, വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഇപ്പോള്‍ ഇതിനുള്ള സൗകര്യം കിട്ടുന്നുള്ളു. ഇതാണ് തേക്കടിയില്‍ നിന്ന് സഞ്ചാരികളെ അകറ്റാന്‍ കാരണമാകുന്നത്. വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഓട്ടം കുറഞ്ഞ ഓട്ടോ-ടാക്‌സി തൊഴിലാളികളും ഇപ്പോള്‍ പ്രക്ഷോഭത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."