ജനപ്രതിനിധികളായ അഭിഭാഷകര്‍ക്ക് പ്രാക്ടീസ് വിലക്കണമെന്ന ഹരജി തള്ളി
ന്യൂഡല്‍ഹി: ജനപ്രതിനിധികളായ അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേര്പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി.
കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതു സംബന്ധിച്ച ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 49ാം ചട്ടം എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ബാധകമാവില്ലെന്നും കാരണം ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന മുഴുസമയ ജോലിക്കാരല്ലെന്നും വ്യക്തമാക്കിയാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ബി.ജെ.പി നേതാവ് അശ്വിനികുമാര്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ളവരുടെ ഒരുകൂട്ടം ഹരജികള്‍ തള്ളിയാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ നടപടി. ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണെന്നും ബാര്‍ കൗണ്‍സില്‍ നിയമപ്രകാരം സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനു വിലക്കുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
കേസില്‍ ജൂലൈയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധിപറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. കേസില്‍ വാദം നടക്കവെ, ഹരജിക്കാരുടെ ആവശ്യത്തെ എതിര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും എം.എല്‍.എമാരും മുഴുസമയ സര്‍ക്കാര്‍ ഉജ്യോഗസ്ഥരല്ലെന്നും കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് അവരെ വിലക്കാനാവില്ലെന്നുമായിരുന്നു അറ്റോര്‍ണി ജനറല്‍ സ്വീകരിച്ച നിലപാട്. ഇത് കോടതിയും ശരിവയ്ക്കുകയായിരുന്നു. ഉദ്യോഗസ്ഥരെന്നാല്‍ യജമാനന്- ജോലിക്കാരന് എന്ന തരത്തിലുള്ള ബന്ധമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എം.പിമാരുടെയും എം.എല്‍.എമാരുടെയും യജമാനന് അല്ല- കോടതി വ്യക്തമാക്കി.
ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ച് ജനപ്രതിനിധികള്‍ക്കു കോടതിയില്‍ വിലക്കുവരികയാണെങ്കില് അത് ഏറ്റവുമധികം ബാധിക്കുക കോണ്‍ഗ്രസ് നേതാക്കളെയാവും. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബല്‍, അഭിഷേക് മനു സിങ്വി, പി. ചിദംബരം, കെ.ടി.എസ് തുള്‍സി, സല്മാന് ഖുര്‍ശിദ്, വിവേക് തങ്ക എന്നീ എം.പിമാരൊക്കെയും കോണ്‍ഗ്രസ്സുകാരാണ്. സീനിയോരിറ്റി പദവിയില്ലെങ്കിലും കോണ്‍ഗ്രസ് വക്താവായ മനീഷ് തിവാരിയും അറിയപ്പെട്ട അഭിഭാഷകരിലൊരാളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."