എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ കേരള നവോത്ഥാനത്തെ വീണ്ടും സിലബസില്‍ ഉള്‍പ്പെടുത്തി
കോഴിക്കോട്: ആദ്യം ഒഴിവാക്കിയ 'കേരള നവോത്ഥാന'ത്തെ വീണ്ടും ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് പരീക്ഷാ സിലബസില്‍ പി.എസ്.സി ഉള്‍പ്പെടുത്തി . പരീക്ഷാ കലണ്ടറിലാണ് കേരളത്തിലെ നവോത്ഥാനവും പരീക്ഷയില്‍ ഉള്‍പ്പെടുമെന്ന അറിയിപ്പുള്ളത്്. നേരത്തെ സിലബസ് പ്രഖ്യാപിച്ചപ്പോള്‍ കേരള നവോത്ഥാന നായകരും പ്രാചീന ഇന്ത്യാ, ലോക ചരിത്രങ്ങളും എല്‍.ഡി.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ കൂടുതല്‍ എളുപ്പമാക്കുന്ന തരത്തിലാണ് സിലബസ് പരിഷ്കരണമെന്നാണ് പി.എസ്.സി അവകാശപ്പെട്ടിരുന്നതെങ്കിലും കേരളത്തിലെ നവോത്ഥാന നായകരെ ഒഴിവാക്കിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
സാധാരണ എല്‍.ഡി.സി പരീക്ഷയുടെ സിലബസ് പി.എസ്.സി പ്രഖ്യാപിക്കാറില്ലെങ്കിലും ഇത്തവണ 17 ലക്ഷത്തോളം പേര് അപേക്ഷിച്ച പരീക്ഷയുടെ സിലബസ് ഏതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സിലബസിന്റെ അടിസ്ഥാനത്തിലാണ് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ജൂലൈയില്‍ നടക്കുന്ന പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങിയത്.
എന്നാല്‍ ജൂലൈ മാസത്തെ പരീക്ഷാ കലണ്ടര്‍ പ്രഖ്യാപിച്ചപ്പോഴാണ് അതില്‍ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയുടെ സിലബസായി നേരത്തെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ നവോത്ഥാന നായകരെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നേരത്തേ ഒഴിവാക്കിയ പ്രാചീന ഇന്ത്യാ, ലോക ചരിത്രങ്ങള്‍ പുതിയ സിലബസിലും ഉള്‍പ്പെടുത്തിയിട്ടില്ല. അതിനിടെ പി. എസ്. സിയുടെ പുതിയ തീരുമാനം ലക്ഷകണക്കിന് ഉദ്യോഗാര്‍ഥികളെയാണ് ആശങ്കയിലാഴ്ത്തുന്നത്. ഒരു മാര്‍ക്ക് പോലും റാങ്ക് പട്ടിയില്‍ ഏറെ വ്യത്യാസം വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."