വരവായി ഉത്സവകാലം
1952ലായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ്, പ്രവിശ്യാ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമായി മൊത്തം 4500 സീറ്റുകള്‍. 224000 പോളിങ് സ്റ്റേഷനുകള്‍. ഇരുപതുലക്ഷം ബാലറ്റുപെട്ടികള്‍. കാവലിനും അക്രമം തടയാനുമായി 224000 പൊലിസുകാര്‍. വിരലില്‍ പുരട്ടാന്‍ നാലു ലക്ഷത്തോളം കുപ്പി മഷി... ചുരുക്കത്തില്‍ വിപുലമായ ഈ ഒരുക്കങ്ങള്‍ക്കൊക്കെ കൂടി ലക്ഷക്കണക്കിന് രൂപ ചെലവ്, അല്ലെങ്കില്‍ കോടികള്‍. ആദ്യത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമുള്ള ഏതാണ്ട് ഏഴു പതിറ്റാണ്ട് കാലത്തിനിടയ്ക്ക് ഇന്ത്യയില്‍ എത്ര തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു! പാര്‍ലമെന്റിലേക്ക്, നിയമസഭകളിലേക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്. ബൂത്തുകളുടെ എണ്ണവും സമ്മതിദായകരുടെ എണ്ണവും സ്ഥാനാര്‍ഥികളുടെ എണ്ണവും പാര്‍ട്ടികളുടെ എണ്ണവുമൊക്കെ ഓരോ തെരഞ്ഞെടുപ്പിലും എത്ര കണ്ടു വര്‍ധിച്ചു! പണച്ചെലവ് എത്രയോ ഇരട്ടിയായി. നടത്തിപ്പിനുള്ള അധ്വാനം ഒരുപാട് മടങ്ങ് കൂടി. ദേശീയതലത്തില്‍ മാത്രമല്ല സംസ്ഥാനതലത്തിലും ഇതുതന്നെയാണ് സ്ഥിതി. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോള്‍ നാം ആലോചിക്കേണ്ടത് ഇക്കണ്ട പതിറ്റാണ്ടുകള്‍ക്കിടയില്‍ നമ്മുടെ തെരഞ്ഞെടുപ്പുകളുടെ ഗുണനിലവാരം എത്രകണ്ട് വര്‍ധിച്ചിട്ടുണ്ടെന്നാണ്. അല്ലെങ്കില്‍ എത്ര കുറഞ്ഞു പോയിട്ടുണ്ടെന്നാണ്.
ജനാധിപത്യ സംവിധാനത്തെ കുറ്റമറ്റതും ഫലപ്രദവുമാക്കാന്‍ ഇതേവരെയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യാ മഹാരാജ്യത്ത് ഒരുപാട് നിയമനിര്‍മാണങ്ങള്‍ നടന്നിട്ടുണ്ട്. ഒട്ടേറെ പ്രായോഗികപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സുതാര്യവും അഴിമതിരഹിതവും ജനവികാരം പ്രതിഫലിപ്പിക്കുന്നതുമായിത്തീരാന്‍ വേണ്ടിയാണ് ഈ അധ്വാനവും പണച്ചെലവുമെല്ലാം. ഇതെല്ലാം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിഫലിക്കുന്നുണ്ടോ? മഷിയുടെ അളവു വര്‍ധിച്ച കണക്കിന് നിലവാരം കൂടിയോ? ബാലറ്റു പേപ്പറിന്റെ സ്ഥാനത്ത് വോട്ടിങ് യന്ത്രം വന്നു എന്നല്ലാതെ തെരഞ്ഞെടുപ്പ് അര്‍ഥപൂര്‍ണമായ ഒരു പ്രക്രിയായിത്തീര്‍ന്നുവോ? ഏറ്റവും താഴേത്തട്ടിലുള്ള തെരഞ്ഞെടുപ്പിലാണ് ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും ജനകീയവും സക്രിയവും അര്‍ഥവത്തുമായ ആവിഷ്‌കാരം സംഭവിക്കുക. അതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഇത്തരം ചര്‍ച്ചകള്‍ ഏറ്റവും പ്രസക്തമാവുക.
അന്നത്തെപ്പോലെ ഇന്നും
തെരഞ്ഞെടുപ്പ് രംഗത്തെ ഇപ്പോഴത്തെ വിശേഷങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ അടിമുടി സംഭവിച്ചിട്ടുള്ള മൂല്യശോഷണം തെരഞ്ഞെടുപ്പുരംഗത്തെയും അത്യധികം ബാധിച്ചിരിക്കുന്നെന്ന് തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമില്ല. തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള അധികാര രൂപീകരണവുമൊക്കെ അഴിമതിയിലേക്ക് നിപതിച്ചുപോയ ചരിത്രമാണ് ഇന്ത്യയുടേത്. ബഹുപാര്‍ട്ടി വ്യവസ്ഥയാകയാല്‍ കൂറുമാറ്റം പതിവായിത്തീര്‍ന്നു. ഇത്തരം അധാര്‍മികതകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആയാറാം ഗയാറാം എന്ന പ്രയോഗം നിലവില്‍വന്നത്. ഏറ്റവും താഴേത്തട്ടിലുള്ളതും ഏറ്റവും ജനാധിപത്യവല്‍കൃതവുമായ ഭരണസംവിധാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുണ്ടാവേണ്ടത്. ജനകീയാസൂത്രണം, ഗ്രാമസഭ, തുടങ്ങിയവയൊക്കെ അടിത്തട്ടിലുള്ള വികസനത്തിലാണ് ഊന്നുന്നത്. പഞ്ചായത്ത് നഗരപാലികാ സങ്കല്‍പത്തിന്റെ ഊന്നല്‍ ഈ അടിസ്ഥാന വികസനത്തിലാണ്. അങ്ങനെ ആലോചിക്കുമ്പോള്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പുപോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുചിതമാണ്. ഓരോ ഗ്രാമവും ഓരോ ദേശവും ഇടുങ്ങിയ രാഷ്ട്രീയ, മത, ജാതി ചേരിതിരിവുകള്‍ക്കതീതമായി തങ്ങളുടെ നാട്ടിനാവശ്യമായ വികസന മാതൃകകള്‍ രൂപപ്പെടുത്തുകയും അതിനു പറ്റിയ പ്രതിനിധികളെ തെരഞ്ഞെടുക്കുകയും വേണം. ഈ സങ്കല്‍പത്തെ പാടെ നിരാകരിക്കുന്ന തെരഞ്ഞെടുപ്പ് മാതൃകയാണ് നമ്മുടേത്.
പഞ്ചായത്തിലേക്കോ മുനിസിപ്പാലിറ്റിയിലേക്കോ സ്ഥാനാര്‍ഥിത്വം കിട്ടാതിരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയും മുന്നണിയും വിട്ട് എതിര്‍പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ഥിയാവുന്ന കാഴ്ച കേരളത്തിലുടനീളം ഈ തെരഞ്ഞെടുപ്പില്‍ കാണാനുണ്ട്. അതുകൊണ്ടാണ് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ മൂന്നു പാര്‍ട്ടികളുടെ പ്രതിനിധിയായി ഒരേ ആള്‍ മത്സരിക്കുന്നത് നാം കാണുന്നത്. കൂറുമാറി മത്സരിക്കുന്ന എല്‍.ഡി.എഫുകാര്‍ക്കും യു.ഡി.എഫുകാര്‍ക്കും എന്‍.ഡി.എക്കാര്‍ക്കുമെല്ലാം പറയാനുള്ള കാരണം യുവജനങ്ങളെ അവഗണിക്കുന്നത് തൊട്ടു സുസ്ഥിരവികസനം വരെയുള്ള മഹാകാര്യങ്ങള്‍. സ്വന്തം ഗ്രാമപഞ്ചായത്തില്‍ സീറ്റു കിട്ടാഞ്ഞതിന്റെ പേരില്‍ മത്സരിക്കുന്ന സാദാ രാഷ്ട്രീയക്കാരന്‍ അതിന്റെ കാരണമായി പറയുന്നത് ഇതേവരെ താന്‍ കൊടി പിടിച്ചുനടന്നത് ഏത് പാര്‍ട്ടിയുടേതാണോ ആ പാര്‍ട്ടിയുടെ കോര്‍പറേറ്റു മുതലാളിത്തത്തോടുള്ള മൃദുസമീപനമാണെന്നൊക്കെ പറയുന്നതില്‍ നല്ല നര്‍മ്മമുണ്ട്, പക്ഷേ അത് മോശം രാഷ്ട്രീയമാണ്.
എങ്ങനെയാണിത് സംഭവിക്കുന്നത്? ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള രാഷ്ട്രീയത്തിന്റെ മൂല്യശോഷണം പ്രാദേശിക രാഷ്ട്രീയത്തെയും ചീത്തയാക്കുന്നു എന്നതാണ് സത്യം. പണവും അധികാരവുമുപയോഗിച്ച് ജനപ്രതിനിധികളെ വിലക്കുവാങ്ങുകയും സര്‍ക്കാരുകളെ തകര്‍ക്കുകയും പുതിയ ഭരണകൂടങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്ന അധമരാഷ്ട്രീയ സംസ്‌കാരം ഇന്ത്യയില്‍ ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. അമിത് ഷായാണ് ആ രാഷ്ട്രീയം വിജയകരമായി നടപ്പിലാക്കുന്നതിന്റെ മാതൃക. ഇത്തരം മാതൃകകള്‍ പ്രാദേശികരാഷ്ട്രീയത്തിലും മേല്‍ക്കൈ സ്ഥാപിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ കണ്ട കാഴ്ച നമ്മെ ബോധ്യപ്പെടുത്തുന്നത്. ഒരുളുപ്പുമില്ലാതെ പാര്‍ട്ടി മാറാനും കൂറുമാറാനും രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കുന്നത് കൊമ്പന്‍ പോയ വഴിയേ മോഴയും പോകുന്നതിന്റെ അടയാളമാണ്. തീര്‍ച്ച, ഏഴുപതിറ്റാണ്ടുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യം സഞ്ചരിച്ചത് നേര്‍വഴിയിലൂടെയല്ല.
ഞാന്‍, ഞാന്‍ മാത്രം
അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുക എന്നതാണ് ഏറെക്കുറെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കള്‍ക്കുമിടയിലുള്ള ഒരു പൊതുസ്വഭാവം. അറുപത്തഞ്ചു വയസു കഴിഞ്ഞവര്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്ന റിവേഴ്‌സ് ക്വാറന്റൈന്‍ തത്വമൊക്കെ പറയും. പക്ഷേ വീട്ടിലേക്ക് ഒതുങ്ങാന്‍ മൂത്തു നരച്ച ഒരു നേതാവിനും വയ്യ. അത്തരക്കാരെ അക്കമഡേറ്റുചെയ്യാന്‍ പൊതുഖജനാവില്‍നിന്നു പണം ചെലവാക്കി കോര്‍പറേഷനോ കമ്മിഷനോ ഒക്കെ ഉണ്ടാക്കി വിപ്ലവം സാധ്യമാക്കാന്‍ ഇടതുമുന്നണിക്ക് ഒരു മടിയുമില്ല. മുപ്പത്തി ഏഴാം വയസിലാണ് എ.കെ ആന്റണി കേരള മുഖ്യമന്ത്രിയായത്. 1971 ല്‍ ഇ.കെ നായനാരെപ്പോലെയുള്ള തലമുതിര്‍ന്ന നേതാക്കളോട് പാര്‍ലമെന്റിലേക്ക് മത്സരിച്ചു തോല്‍പിച്ചത് യൂത്ത് കോണ്‍ഗ്രസ് യുവാക്കളാണ്. ഇന്ന് എണ്‍പതാം വയസിലും മൂത്ത കോണ്‍ഗ്രസുകാര്‍ സ്ഥാനമൊഴിയാതിരിക്കുമ്പോള്‍ യുവാക്കള്‍ എന്തു ചെയ്യും. ഈ ജീര്‍ണതയാണ് താഴേ തട്ടിലേക്കും അരിച്ചിറങ്ങിയതെന്ന് സ്ഥാനാര്‍ഥിപ്പട്ടിക കണ്ടാല്‍ ബോധ്യപ്പെടും.
സ്ഥാനമൊഴിയാന്‍ പ്രാദേശികനേതാക്കന്മാര്‍ക്കൊന്നും വയ്യ. കുറേയൊക്കെ യുവാക്കള്‍ സീറ്റുകള്‍ പിടിച്ചുവാങ്ങിയിട്ടുണ്ടെങ്കിലും അതിനു മുന്നണികളെല്ലാം കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്. ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മൂന്നു പ്രാവശ്യം മത്സരിച്ചു ജയിച്ചവര്‍ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. ഏതാണ്ട് കര്‍ക്കശമായി അത് നടപ്പാക്കുകയും ചെയ്തു. പക്ഷേ മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ വിമതരുണ്ടായി. മുസ്‌ലിം ലീഗ് പോലെയുള്ള ഒരു പാര്‍ട്ടിയില്‍ അചിന്ത്യമാണിത്. സി.പി.എമ്മിലുമുണ്ടായി ഇത്തരം വിമതനീക്കങ്ങള്‍. മേല്‍ത്തട്ടിലെ ജീര്‍ണത താഴോട്ടും ഇറങ്ങിയെന്ന് ഉറപ്പ്.
പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കങ്ങളെ സമര്‍ഥമായി തോല്‍പ്പിച്ച മിടുക്കന്മാരുമുണ്ട് പ്രാദേശിക രാഷ്ടീയത്തില്‍. കോഴിക്കോട് ജില്ലയിലെ ഒരു നഗരസഭയില്‍ ചെയര്‍മാനാവാന്‍ കാത്തിരുന്ന ഒരു നേതാവ് പാര്‍ട്ടിയുടെ മൂന്നാം പ്രാവശ്യനിരോധത്തില്‍ കുടുങ്ങിയപ്പോള്‍ ചെയ്തത് സ്വതന്ത്രനായി മത്സരിക്കുകയാണ്. പാര്‍ട്ടിക്ക് മഹാഭൂരിപക്ഷമുള്ള വാര്‍ഡില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയില്ല. ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം പാര്‍ട്ടി നിര്‍ദേശം താന്‍ പാലിച്ചു എന്ന്. ജയിച്ചു ചെന്നാല്‍ സ്വതന്ത്രന്‍ പാര്‍ട്ടിക്കാരനാവും. ഒത്തുവന്നാല്‍ ചെയര്‍മാനുമാവും. ഒക്കത്തിരിക്കുന്നത് താഴെ വീഴാതെ ഉത്തരത്തിലുള്ളത് എടുക്കുന്ന ഈ വിദ്യ പ്രയോഗിക്കുന്നത് പാര്‍ട്ടിയുടെ സമ്മതത്തോടെയാണോ എന്ന് പടച്ചതമ്പുരാന് മാത്രമറിയാം. ഏതായാലും നേതൃത്വം എന്തു പറഞ്ഞാലും ശരി പ്രാദേശികതലത്തില്‍ അണികള്‍ ഈ വിദ്യക്ക് അനുകൂലമാണ്. തന്ത്രങ്ങളില്‍ അണികള്‍ നേതൃത്വത്തെ കടത്തിവെട്ടുന്നു.
മക്കള്‍ രാഷ്ട്രീയം
പെമ്പിളരാഷ്ട്രീയം
മക്കള്‍ രാഷ്ട്രീയത്തെപ്പറ്റിയും കുടുംബവാഴ്ചയേയും പറ്റി ഇപ്പോള്‍ കാര്യമായി നരേന്ദ്ര മോദി മാത്രമേ പറയാറുള്ളൂ. തഞ്ചം കിട്ടിയാല്‍ കക്ഷി കുടുംബവാഴ്ചയെപ്പറ്റിയും യുവരാജാക്കന്മാരെപ്പറ്റിയും പറയും. അതിന്റെ ലക്ഷ്യം വേറെ. ഏറെക്കുറെ പ്രബുദ്ധ കേരളത്തില്‍പോലും മക്കള്‍ രാഷ്ട്രീയം സര്‍വാംഗീകൃതമായിക്കഴിഞ്ഞു. കരുണാകരന്‍ മുരളീധരനെ കൊണ്ടുവന്നപ്പോള്‍ എന്തൊരു എതിര്‍പ്പായിരുന്നു! കിങ്ങിണിക്കുട്ടനെന്നൊക്കെ പറഞ്ഞു നാം എത്ര കളിയാക്കി! മുരളി അനുഭവിച്ച പ്രയാസമൊന്നും ജോസ് കെ. മാണിക്കോ ഷിബു ബേബി ജോണിനോ ഗണേശ് കുമാറിനോ ഒന്നും അനുഭവിക്കേണ്ടിവന്നിട്ടില്ല. ശ്രേയംസ് കുമാര്‍ എന്ന മകന് സ്ഥാനമുറപ്പിക്കുകയെന്ന ഒറ്റ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് മാത്രമേയുള്ളൂ എല്‍.ജെ.ഡിക്ക്. മേല്‍ത്തട്ട് രാഷ്ട്രീയത്തിന്റെ ഈ സ്വഭാവം തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ട്. മക്കളേക്കാള്‍ ഭാര്യമാരാണ് ഇക്കാര്യത്തില്‍ കൂടുതലും സാന്നിധ്യമറിയിച്ചിട്ടുള്ളത്. ചേട്ടന്റെ നിഴലില്‍നിന്ന മഹിളാ മണികള്‍ വാര്‍ഡ് സംവരണമാവുമ്പോള്‍ വെളിച്ചത്തിലേക്കു വരുന്നു. താന്‍ വാണ വാര്‍ഡിലും പഞ്ചായത്തിലും തന്റെ ഭാര്യയുടേതാവട്ടെ വാഴ്ച എന്ന് ഉറപ്പിച്ച പ്രാദേശികനേതാക്കളാണ് ഏതാണ്ട് എല്ലാ മുന്നണികളിലും. സ്ത്രീ ശാക്തീകരണമെന്നൊക്കെപ്പറയുന്നത് കടലാസില്‍ മാത്രം. ബാക്ക് സീറ്റ് ഡ്രൈവിങ്ങിന് തയാറെടുത്ത് നില്‍ക്കുകയാണ് പലേടത്തും പ്രാദേശികനേതാക്കള്‍. ഇതും കുടുംബവാഴ്ചയെന്ന മേല്‍ത്തട്ട് ജീര്‍ണതയുടെ താഴേത്തട്ടിലേക്കുള്ള വ്യാപനത്തിന്റെ മികച്ച ഉദാഹരണമാണ്.
മികച്ച വനിതാ സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാല്‍ ഔദ്യോഗിക പദവികളില്‍ മിടുക്ക് കാട്ടിയ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നല്ല കാലം വന്നതിന്റെ ഉദാഹരണങ്ങളുമുണ്ട് ധാരാളം. ഒരു തലത്തില്‍ ശാക്തീകരണം ചെയ്യപ്പെട്ടവര്‍ തന്നെ വീണ്ടും മറ്റൊരു മണ്ഡലത്തിലും ശാക്തീകരിക്കപ്പെടുന്നു എന്ന് പറയാമോ ഇതേപ്പറ്റി.
വാല്‍ക്കഷണം: വരവായി ഉത്സവകാലം. പലര്‍ക്കും ഇതൊരു ഉത്സവമാണ് താനും. ഇരുപത്തൊന്ന് പൂര്‍ത്തിയാവുക മാത്രം ചെയ്ത, കോളജില്‍ പഠിക്കുന്ന പല ചിടുങ്ങന്മാരും ചിടുങ്ങികളും മത്സര രംഗത്തുണ്ട്. അവര്‍ അഞ്ചു കൊല്ലം പൊതുരംഗത്ത് ഉറച്ചുനില്‍ക്കുമോ? ജോലി കിട്ടിയാല്‍ അവര്‍ സ്ഥാനമുപേക്ഷിച്ചു പോവുകയില്ലേയെന്ന് ആശങ്കപ്പെടുന്ന പാര്‍ട്ടിക്കാരുണ്ട്. ഇക്കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളില്‍ ഇങ്ങനെ രാജിവച്ചുപോയവരുടെ ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെകണക്കൊന്നെടുത്തു നോക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."