ഹൈദരാബാദില്‍ മോദിയെ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ബി.ജെ.പി.യെ വെല്ലുവിളിച്ച് അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ബിജെപിയെ വെല്ലുവിളിച്ച് ഐ.എ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. നിങ്ങള്‍ എന്താണ് പ്രധാനമന്ത്രിയെ കൊണ്ടുവരാതെ മറ്റുള്ളവരെ കൊണ്ടുവരുന്നത്? അദ്ദേഹത്തെ വിളിക്കൂ. നമുക്ക് നോക്കാം എത്ര സീറ്റുകളില്‍ വിജയിക്കുമെന്ന് എന്നാണ് ഉവൈസിയുടെ വെല്ലുവിളി.
'ഇത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പാണ്. അവര്‍ വികസനത്തെക്കുറിച്ച് സംസാരിക്കില്ല. ഹൈദരാബാദ് ഒരു വികസിത നഗരമായി മാറി, നിരവധി എം.എന്‍.സികള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ അതെല്ലാം ഇല്ലാതാക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഹൈദരാബാദിന്റെ ബ്രാന്‍ഡ് നെയിം തന്നെ ഇല്ലാതാക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം' ഉവൈസി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ എന്നിവരാണ് ഇതുവരെ ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി.ജെ.പിയിലെ നേതാക്കള്‍. ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയും അടുത്ത ദിവസങ്ങളില്‍ പ്രചരണത്തിന് എത്തിയേക്കും.
പ്രചരണത്തിന് വരുന്ന ബി.ജെ.പി നേതാക്കളെ പരിഹസിച്ച് മന്ത്രി കെ.ടി രാമറാവുവും രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് പ്രളയ ദുരിതത്തില്‍ വലഞ്ഞപ്പോഴും അവര്‍ക്ക് വരാമായിരുന്നെന്നും വെറുംകയ്യോടെ വരാതെ 1350 കോടിയുടെ സാമ്പത്തിക സഹായവുമായി വരാന്‍ ബി.ജെ.പി നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
കഴിഞ്ഞ ആറ് വര്‍ഷമായി ഹൈദരാബാദില്‍ സമാധാനമുണ്ട്. ഒരുതരത്തിലുമുള്ള സാമുദായിക സംഘര്‍ഷവുമില്ല. അവര്‍ വരുന്നത് മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാനാണ്. അത്തരം പാര്‍ട്ടികളെ പിന്തുണക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി കെ.ടി രാമറാവു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."