മോഷണ പരമ്പര; തമിഴ് സംഘത്തെ അറസ്റ്റ് ചെയ്തു
നെയ്യാറ്റിന്‍കര: ബാലരാമപുരം, നെയ്യാറ്റിന്‍കര, നെല്ലിമൂട്, കാഞ്ഞിരംകുളം, പൂവാര്‍ മേഖലകളില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന തമിഴ് മോഷണ സംഘം പിടിയിലായി. കന്യാകുമാരി ജില്ലയില്‍ നാഗര്‍കോവില്‍ ആശാരിപ്പള്ളത്തിന് സമീപം കട്ടിമാങ്കോട് ഡോര്‍ നമ്പര്‍ 11 2 -ല്‍ ചൊവ്വ ദുരൈയുടെ മകന്‍ സുരേഷ് (26), കട്ടിമാങ്കോട് വെസ്റ്റ് കൊടുപ്പക്കുഴിയില്‍ ശിവശങ്കറിന്റെ മകന്‍ ജ്യോതി എന്നു വിളിയ്ക്കുന്ന കാര്‍ത്തിക് (24), ആശാരിവിള കുരുതം കോട് സരലില്‍ മുരുകന്റെ മകന്‍ കാര്‍ത്തിക് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ സുരേഷിനെ ഒരു മാസം മുന്‍പ് പൊലിസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ടവറിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കമ്പനിയിലെ ജീവനക്കാരനായ സുരേഷും രണ്ടാം പ്രതി കാര്‍ത്തിക്കും പിതാവ് ശിവശങ്കറുമാണ് മോഷണങ്ങള്‍ക്ക് ആസൂത്രണങ്ങള്‍ ചെയ്തിരുന്നത്. ടവറിന്റെ പണിയ്ക്കായി നെയ്യാറ്റിന്‍കര നെല്ലിമൂട്ടിലുള്ള ലോഡ്ജില്‍ താമസിച്ചിരുന്ന സുരേഷ് നാട്ടില്‍ നിന്നും മറ്റു മോഷ്ടാക്കളെ വരുത്തി ഇവിടെ താമസിപ്പിച്ചാണ് മോഷണങ്ങള്‍ നടത്തി വന്നിരുന്നത്. ടവറിന്റെ പണിക്കെന്ന വ്യാജേന പകല്‍ സമയം ബൈക്കില്‍ കറങ്ങി നടക്കുന്ന സുരേഷ് ആളില്ലാത്ത വീടുകള്‍ കണ്ടുവയ്ക്കുകയും രാത്രിയില്‍ കൂട്ടാളികളുമൊത്ത് ചേര്‍ന്ന് മോണം ചെയ്യുകയുമാണ് പതിവ്.
ഗേറ്റിനു പുറത്ത് പൂട്ടിട്ടു പൂട്ടിയ നിലയില്‍ കാണുകയോ പുറത്തെ ലൈറ്റ് പകല്‍ സമയവും തെളിഞ്ഞു നില്‍ക്കുന്നതായി കാണുകയോ ചെയ്താല്‍ ആളില്ലാത്ത വീടാണെന്ന് സ്ഥിരീകരിക്കുകയും സന്ധ്യാസമയത്തിനു ശേഷം വീണ്ടും പരിസരം ശ്രദ്ധിച്ച് ആളില്ലായെന്ന് ഉറപ്പിക്കുകയും തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ വാതില്‍ പൊളിച്ച് മോഷണം നടത്തുകയുമാണ് പ്രതികളുടെ പതിവ്.
ഒന്നാം പ്രതി സുരേഷിനെ നെല്ലിമൂട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ഒളിവില്‍ പോയ രണ്ടും മൂന്നും പ്രതികള്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി പലയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം കോട്ടയം ജില്ലയിലെ തെങ്ങണയില്‍ കെട്ടിട നിര്‍മാണത്തൊഴിലാളികളായി ഒളിച്ചു കഴിയുമ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. രണ്ടാം പ്രതി ജ്യോതി എന്ന കാര്‍ത്തിക്കിന്റെ പിതാവ് ശിവശങ്കര്‍ തമിഴ്‌നാട്ടിലെ സ്ഥിരം മോഷ്ടാവും ഇപ്പോള്‍ മോഷണ കുറ്റത്തിന് ജയിലില്‍ കഴിയുന്ന ആളുമാണ്. ശിവശങ്കറാണ് പ്രതികള്‍ക്ക് മോഷണ രീതികള്‍ പഠിപ്പിച്ച് കേരളത്തിലേയ്ക്ക് അയച്ച് മോഷ്ടിപ്പിക്കുന്നത്. ഇവരുടെ അറസ്റ്റോടുകൂടി തിരുവനന്തപുരം ജില്ലയിലും കന്യാകുമാരി ജില്ലയി ലെയും മുപ്പതിലധികം മോഷണങ്ങള്‍ക്ക് തുമ്പുണ്ടാവുകയാണ്.
തിരുവനന്തപുരം റൂറല്‍ എസ്.പി പി. അശോക്കുമാറിന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാറിന്റെ നേതൃത്വത്തില്‍ ബാലരാമപുരം സി.ഐ എസ്.എം പ്രദീപ്കുമാര്‍, ഷാഡോ ടീം എസ്.ഐ സിജു, കാഞ്ഞിരംകുളം എസ്.ഐ പ്രതാപചന്ദ്രന്‍, പാറശാല എസ്.ഐ വിനീഷ്, ഷാഡോ ടീം അംഗങ്ങളായ പോള്‍വിന്‍, പ്രവീണ്‍ ആനന്ദ്, അജിത്, സുനിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."